16 August Sunday

പാലിയേക്കരയിൽ ഫാസ്‌ടാഗ്‌ ജനുവരി 15 മുതൽ മതി; കനത്ത ഗതാഗതകുരുക്ക്‌

സ്വന്തം ലേഖകൻUpdated: Sunday Dec 15, 2019

തൃശൂർ > പാലിയേക്കേര ടോൾപ്ലാസയിൽ സമ്പൂർണ്ണ ഫാസ്‌ടാഗ്‌ സംവിധാനം നടപ്പിലാക്കുന്നത്‌ ജനുവരി  15 വരെ നീട്ടി. ഞായറാഴ്‌ച മുതൽ നടപ്പിലാക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്‌. എന്നാൽ മഹാഭൂരിപക്ഷം വാഹനങ്ങളും ഫാസ്‌ടാഗ്‌ സംവിധാനത്തിലേക്ക്‌ മാറാത്ത സാഹചര്യത്തിലാണ്‌ സംവിധാനം നടപ്പിലാക്കുന്ന തിയതി നീട്ടിയത്‌. പാലിയേക്കരയിലെ 12 ട്രാക്കകളിൽ നാലെണ്ണത്തിൽ പണം നൽകി ജനുവരി 15 വരെ യാത്ര ചെയ്യാം. 

ഫാസ്‌ ടാഗ്‌ സംവിധാനം ആരംഭിച്ചതുമുതൽ കനത്ത ഗതാഗതകുരുക്കാണ്‌ പാലിയേക്കരയിൽ അനുഭവപ്പെടുന്നത്‌. മണിക്കൂറുകളോളം വാഹനങ്ങൾ കാത്തു കിടക്കുന്നത്‌ പലപ്പോഴും സംഘർഷത്തിനും ഇടവരുത്തിയിരുന്നു. ടാഗില്ലാതെ ഫാസ്‌ടാഗ്‌ ട്രാക്കിൽ കടന്നാൽ  ഇരട്ടിത്തുക പിഴ  നൽകേണ്ടി വരുമെന്ന്‌ ടോൾപ്ലാസ അധികൃതർ അറിയിച്ചു. തൃശൂരിൽനിന്ന് ആമ്പല്ലൂർ ഭാഗത്തേക്കും തിരിച്ച്‌ തൃശൂർ ഭാഗത്തേക്കും ഓരോ ട്രാക്കിൽ  പണമടച്ച്‌ കടക്കാൻ താൽക്കാലിക സംവിധാനമുണ്ട്‌.  
വാഹനത്തിരക്കുണ്ടെങ്കിൽ നിയന്ത്രണങ്ങളോടെ ടാഗില്ലാത്ത വാഹനങ്ങളേയും ഫാസ്‌ട്രാക്കിൽ  കടത്തിവിടുമെന്ന്‌ ടോൾപ്ലാസ അധികൃതർ അറിയിച്ചു. 
ഇതിനിടെ പാലിയേക്കരയിൽ ഫാസ്‌ടാഗ്‌ നടപ്പാക്കാൻ  സാവകാശം തേടിയിരുന്നതായും ടോൾപ്ലാസ അധികൃതരുമായി നടത്തിയ ചർച്ചയിൽ നിലവിലെ സ്ഥിതി തുടരാൻ നിർദേശം വച്ചിരുന്നതായും കലക്ടർ  ഷാനവാസ്‌ പറഞ്ഞു. 
 
സംസ്ഥാനത്തെ ടോൾപ്ലാസകളിൽ  ഡിസംബർ ഒന്ന്‌ മുതൽ ഫാസ്‌ടാഗ്‌ നിലവിൽ വരുമെന്നാണ്‌ ആദ്യം അറിയിച്ചിരുന്നത്‌.  റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ കാർഡാണ്‌ ഫാസ്ടാഗ്‌. കാറിന്റെ മുൻവശത്തെ ചില്ലിൽ ഒട്ടിക്കുന്ന കാർഡിനുള്ളിൽ മാഗ്നറ്റിക്‌ ചിപ്പുണ്ട്‌. വാഹനം കടന്നുപോകുമ്പോൾ ടോൾപ്ലാസയിൽ ചിപ്പിലെ വിവരങ്ങളെടുത്ത്‌ പണം ഈടാക്കുന്നതാണ്‌ സംവിധാനം. ഫാസ്‌ടാഗ്‌ ചെയ്‌താൽ ടോളിലൂടെ യാത്ര ചെയ്യുന്നതനുസരിച്ച്‌ റീചാർജ്‌ ചെയ്യണം. 
ഇതിനുള്ള ആപ്പും മൊബൈലിൽ ലഭിക്കും. എന്നാൽ പല വാഹനങ്ങൾക്കും ഇപ്പോഴും ഫാസ്‌ടാഗില്ല. പലരും സംവിധാനത്തെ കുറിച്ച്‌ അജ്ഞരുമാണ്‌. ഇന്ത്യൻ ഹൈവേ മാനേജ്‌മെന്റ്‌ കമ്പനി, നാഷണൽ പേമെന്റ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ, ദേശീയപാത അതോറിറ്റി എന്നിവയുടെ സംയുക്ത സംരംഭമാണിത്‌. രാജ്യവ്യാപകമായി ദേശീയപാത അതോറിറ്റിക്ക്‌ കീഴിലെ 400ൽപ്പരം ടോൾ പ്ലാസകളിലാണ്‌ ഫാസ്‌ ടാഗ്‌ നടപ്പാക്കുക. സംസ്ഥാനത്ത്‌ പാലിയേക്കരക്ക്‌ പുറമെ പാമ്പാംപള്ളം( പാലക്കാട്‌), പൊന്നാരിമംഗലം, കുമ്പളം ( എറണാകുളം) എന്നീ ടോളുകളിലാണ്‌ ഫാസ്‌ടാഗ്‌ നടപ്പാക്കുക.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top