13 November Wednesday
ഗോതമ്പ്‌ പരിശോധനാ റിപ്പോർട്ട്‌

400 ചാക്കിൽ പുഴു

സ്വന്തം ലേഖകൻUpdated: Tuesday Oct 15, 2019
 
 
വേലൂർ
മുളങ്കുന്നത്തുകാവ്‌ എഫ്‌സിഐയിൽ നിന്ന്‌  വേലൂർ സിവിൽ സപ്ലൈസ്‌ ഗോഡൗണിലേക്ക്‌ കൊണ്ടുവന്ന നാല്‌ ലോഡ്‌ (400 ചാക്ക്‌) ഗോതമ്പിൽ പുഴുക്കളുണ്ടെന്ന്‌ സ്ഥിരീകരിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗവും സിവിൽസപ്ലൈസും ഉൾപ്പെടെയുള്ള വകുപ്പുകൾ തിങ്കളാഴ്‌ച നടത്തിയ പരിശോധനയിലാണ്‌ പുഴുക്കളുണ്ടെന്ന്‌ സ്ഥിരീകരിച്ചത്‌.  ഗോതമ്പ്‌ ചാക്കുകൾക്കിടയിൽ കീടങ്ങളെ നശിപ്പിക്കാൻ അലുമിനിയം ഫോസ്‌ഫേറ്റ്‌ വച്ചിരുന്നതായും കണ്ടെത്തി. ഇതുസംബന്ധിച്ച്‌ കലക്ടർ സർക്കാരിന്‌ റിപ്പോർട്ട്‌ നൽകി. റിപ്പോർട്ടിമേൽ കൂടുതൽ നടപടികളുണ്ടാകും. 
പുഴുക്കളുള്ള ഗോതമ്പ്‌ ചാക്കുകൾ തിരിച്ചുകൊണ്ടുപോകണമെന്ന്‌ സിവിൽസപ്ലൈസ്‌ എഫ്‌സിഐക്ക്‌ നിർദേശം നൽകി. ഇത്‌ അംഗീകരിക്കാൻ എഫ്സിഐ തയ്യാറായിട്ടില്ല. സ്റ്റോക്ക്‌ പഴയതല്ലെന്ന ന്യായത്തിലാണ്‌ എഫ്‌സിഐ ഉദ്യോഗസ്ഥർ. തുടർന്നാണ്‌ അനന്തര നടപടികളെടുക്കാൻ കലക്ടർ തീരുമാനിച്ചത്‌. പുഴുക്കളുള്ള ഗോതമ്പ്‌ ചാക്കുകൾ വേലൂർ സിവിൽ സപ്ലൈസ്‌ ഗോഡൗണിൽ ലോറിയിൽ സൂക്ഷിച്ചിരിക്കയാണ്‌. 
എഫ്സിഐ ഡിപ്പോ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നാണ്‌ സിവിൽസപ്ലൈസ്‌ കണ്ടെത്തിയിട്ടുള്ളത്‌. സിവിൽ സപ്ലൈസ്‌ വിജിലൻസ്‌ വിഭാഗവും ഇതേക്കുറിച്ച്‌ അന്വേഷണം നടത്തി വകുപ്പ്‌ മേധാവികൾക്ക്‌ റിപ്പോർട്ട്‌ നൽകി. കലക്ടറുടെ നിർദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ എം ആർ ശിവകാമി അമ്മാളുടെ നേതൃത്വത്തിൽ സപ്ലൈകോ വിജിലൻസ് സ്ക്വാഡും ഫുഡ് ക്വാളിറ്റി കൺട്രോൾ വിങ്ങും ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് വേലൂരിലെ ഗോഡൗൺ പരിശോധിച്ചത്‌. എഫ് സിഐ ഡിപ്പോയിൽ പുഴുക്കളേയും ചാഴികളേയും തടയാൻ ഭക്ഷ്യ വസ്തുക്കളിൽ നിന്ന്‌ നിശ്ചിത ദൂരത്തിൽ  അലുമിനിയം ഫോസ്‌ഫേറ്റ്‌ ഗുളികകൾ ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും ലോഡിങ് വാഹനങ്ങളിലും ചാക്കുകൾക്കിടയിലും കീടനാശിനി ഗുളിക ഉപയോഗിക്കരുതെന്നാണ്‌ നിയമമെന്ന്‌ സിവിൽ സപ്ലൈസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.  
സപ്ലെകോ വിജിലൻസ് ഓഫീസർ എ കെ സതീഷ് കുമാർ, ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാരായ എസ് കൃഷ്ണപ്രിയ, വി ലിഷ, എഫ്സിഐ ഡിപ്പോ മാനേജർ ടി ബിന്ദുമോൾ, ക്വാളിറ്റി അഷ്വറൻസ് വാണി അമൃത, താലൂക്ക് ഡിപ്പോ മാനേജർ ഇൻ ചാർജ് ശോഭ വർഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top