07 September Saturday

വിജ്ഞാനലോകത്തേക്ക്‌ ഉല്ലാസയാത്ര

സ്വന്തം ലേഖികUpdated: Thursday Aug 15, 2024

ജില്ലാതല ഉദ്‌ഘാടനത്തിന്‌ ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെത്തിയ വിദ്യാർഥികൾ

തൃശൂർ
ചോദ്യങ്ങളുടെ കൈപിടിച്ച് ഉത്തരങ്ങൾ തേടി, അറിവിന്റെ അക്ഷരമുറ്റത്തേക്ക് ഒരു ഉല്ലാസയാത്ര. അതായിരുന്നു ‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ –-13’ സ്കൂൾതല മത്സരങ്ങൾ. കവിതയുടെ താളവും കഥയുടെ രസക്കൂട്ടും കണക്കിന്റെ വേഗവും ശാസ്ത്രത്തിന്റെ വിസ്മയങ്ങളും ചരിത്ര യാഥാർഥ്യങ്ങളും കായിക നാഴികക്കല്ലുകളും കുട്ടികൾക്ക് മധുരം പകർന്നു. 
എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാ​ഗങ്ങളിലായി നടന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിൽ 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ‘1945ൽ നാ​ഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേരെന്താണ്?’ എന്ന ചോദ്യത്തോടെയാണ് എൽപി വിഭാ​ഗം മത്സരം തുടങ്ങിയത്. 
കുറച്ചുപേരെ ചോദ്യം വെട്ടിലാക്കിയെങ്കിലും ഭൂരിഭാ​ഗവും ഉത്തരം ശരിയാക്കി. ഡെങ്കിപ്പനി പരത്തുന്ന കൊതുകും ഇം​ഗ്ലീഷ് അക്ഷരമാലയിലെ അവസാന സ്വരാക്ഷരവും  അടുത്ത ഒളിമ്പിക്സ് നടക്കുന്ന ന​ഗരവും ലോക അഹിംസാദിനവും ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷവും  ഉൾപ്പെടെ ചോദ്യങ്ങളായി. 
കൃഷ്ണ​ഗാഥ രചിച്ചതാരെന്ന ചോദ്യത്തോടെയാണ് യുപി വിഭാ​ഗം മത്സരം ആരംഭിച്ചത്. സംസ്ഥാന വിദ്യാഭ്യാസമന്ത്രി ആരെന്ന ചോദ്യം ഭൂരിഭാ​ഗവും ശരിയാക്കി. പാരീസ് ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടിയ ഇന്ത്യക്കാരിയും ട്വിറ്ററിന്റെ പുതിയ പേരും ചോ​ദ്യങ്ങളായപ്പോൾ കുട്ടികൾ അതിവേ​ഗം ശരിയുത്തരമെഴുതി. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പ് ഏതെന്ന ചോദ്യവുമായാണ് ഹൈസ്കൂൾ വിഭാ​ഗം മത്സരം ആരംഭിച്ചത്.  
സാൻ ഫെർണാഡോ എന്ന ഉത്തരം ശരിയാക്കിയത് കുറച്ചുപേർ മാത്രം. ഇന്ത്യയിൽ പോക്സോ നിയമം നിലവിൽ വന്ന വർഷവും ചങ്ങമ്പുഴയുടെ വാഴക്കുലയുമെല്ലാം ചോദ്യങ്ങളായി.ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ വനിത ആരെന്നായിരുന്നു ഹയർസെക്കൻഡറി വിഭാ​ഗത്തിലെ ആദ്യ ചോദ്യം. ഭൂരിഭാ​ഗവും ഉത്തരം ശരിയാക്കി. 
ഭാരതീയ നിയമ സംഹിതയും ഹോർത്തൂസ് മലബാറിക്കസെഴുതിയ ഭാഷയുമെല്ലാം ചോദ്യങ്ങളായി. ശരി ഉത്തരമെഴുതിയവർക്ക് മാർക്ക് ലഭിച്ച സന്തോഷമായിരുന്നെങ്കിൽ തെറ്റുത്തരമെഴുതിയവർക്ക് പുതിയ അറിവ് ലഭിച്ച സന്തോഷമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top