26 August Monday
ഇരിങ്ങാലക്കുട ജനറലാശുപത്രി

മികച്ച സേവനം ഒപ്പം ഹൈടെക‌്

കെ സി പ്രേമരാജന്‍Updated: Monday Jul 15, 2019

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ മാതൃശിശു വിഭാഗം കെട്ടിടം

 
 
ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ജനറലാശുപത്രിയിലെ മാതൃശിശു വിഭാഗം സ്വകാര്യ ആശുപത്രികളേയും വെല്ലും. മുമ്പ് പ്രതിമാസം ശരാശരി 30 പ്രസവമാണ്  നടന്നിരുന്നതെങ്കിൽ ഇപ്പോൾ ശരാശരി 130 പ്രസവം നടക്കുന്നുണ്ട്. ആശുപത്രിയുടെ സേവനമികവ് ജനത്തിന് ബോധ്യപ്പെട്ടതിന്റെ അടയാളമാണിത്.  മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും മികച്ച സേവനവുമായി  ഇരിങ്ങാലക്കുട ജനറലാശുപത്രി മുൻനിരയിലാണിന്ന്.
പ്രതിദിനം 1500നും 2000നുമിടയിൽ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. എല്ലാ വിഭാഗങ്ങളിലുമായി 28 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബ്ലോക്കിൽ കുട്ടികളുടെയും ഗർഭിണികളുടേയും ഒപി, എയർകണ്ടീഷൻ ചെയ്ത ലേബർ വാർഡുമുണ്ട‌്.  ലേബർ റൂമും ഓപ്പറേഷൻ തിയറ്ററും ഇവിടെയാണ്. സുസജ്ജമായ ഓപ്പറേഷൻ തിയറ്ററോടുകൂടിയ നേത്രരോഗ–- ദന്തരോഗ വിഭാഗവുമുണ്ട്. ദന്തരോഗ വിഭാഗത്തിലെ  ലാബിൽ കൃത്രിമപ്പല്ലുകൾ നിർമിച്ച് രോഗിക്ക് വച്ച് നൽകുന്നു.
24 മണിക്കൂറും ഇസിജി സേവനം ഉറപ്പാക്കി. ഡിജിറ്റൽ പ്രോസസർ യൂണിറ്റോടെ നവീകരിച്ച  എക്സ്റേ യൂണിറ്റുമുണ്ട‌്.  അൾട്രാസൗണ്ട് സ്കാനിങ് യൂണിറ്റും പ്രവർത്തനം തുടങ്ങി.  ഫിസിയോ തെറാപ്പി യൂണിറ്റുമുണ്ട‌്. പുതിയ മെഷീനുകളോടെ ലാബിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി. 
നേരത്തെ 30 തരം ടെസ്റ്റുകൾ നടത്തിയിരുന്ന ലാബിൽ ഇപ്പോൾ 70 തരം ടെസ്റ്റുകളുണ്ട്. രോഗികളുടെ ചികിത്സാവിവരങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നതിന് മെഡിക്കൽ റെക്കോഡ് ലൈബ്രറിയും പ്രവർത്തനം തുടങ്ങി. സാമുഹ്യ സുരക്ഷാ മിഷന്റെ കീഴിൽ സഖി വൺ സ്റ്റോപ്പ് സെന്ററും  പ്രവർത്തിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിലിങ്ങും ആരോഗ്യ നിയമ സഹായവും ലഭിക്കും. കുട്ടികളിലെ പഠന വൈകല്യങ്ങൾ പരിഹരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതിയായ അനുയാത്രയുടെ സേവനം ഇവിടെയുണ്ട്. മാസത്തിൽ രണ്ട് ദിവസം കുട്ടികൾക്ക് കൗൺസിലിങ്ങും സ്പീച്ച് തെറാപ്പിയുമാണ് പദ്ധതിയിൽ പ്രധാനം. 
 മാമോഗ്രാം യൂണിറ്റിന്റെ നിർമാണം തുടങ്ങി. ഡയാലിസിസ് യൂണിറ്റിന് അനുമതിയായി.  ഫണ്ടും വകയിരുത്തിയിട്ടുണ്ട്. എട്ട് കോടി ചെലവിൽ മൂന്ന് നിലയിൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ട നിർമാണം പൂർത്തിയായി.രണ്ടാം ഘട്ട നിർമാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ വാർഡുകളുടെ സൗകര്യം വർധിക്കും. സംസ്ഥാന തലത്തിൽ മികച്ച  ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കായകൽപ്പം അവാർഡിൽ ഇക്കൊല്ലം പ്രോത്സാഹന സമ്മാനം ലഭിച്ചു. 
മൂന്ന് ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. പ്രൊഫ. കെ യു അരുണൻ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി നിരവധി വികസനപ്രവൃത്തികളാണ് ആശുപത്രിയിൽ പൂർത്തിയാവുന്നത്.
പ്രധാന വാർത്തകൾ
 Top