26 July Monday

സൗന്ദര്യറാണിയാകാൻ 
മുനയ്ക്കൽ മുസിരിസ് ബീച്ച്

സ്വന്തം ലേഖകൻUpdated: Tuesday Jun 15, 2021

അഴീക്കോട് മുനയ്ക്കൽ മുസിരീസ് ബീച്ച്

കൊടുങ്ങല്ലൂർ
അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ വേണ്ട നടപടികൾ ദ്രുതഗതിയിലാക്കാൻ തീരുമാനം. ടൂറിസം   മന്ത്രി പി എ മുഹമ്മദ് റിയാസ്  നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയതായി ഇ ടി ടൈസൺ   എംഎൽഎ അറിയിച്ചു. 
പദ്ധതി പ്രദേശം സന്ദർശിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കിയാണ് നടപടികൾ മുന്നോട്ടു കൊണ്ടു പോവുക. രാജ്യത്തെ  തന്നെ ശ്രദ്ധേയമായ ബീച്ചായി അഴീക്കോടിനെ മാറ്റാനുള്ള മുഴുവൻ  തുകയും   അനുവദിക്കുമെന്നാണ്  ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനം.
  മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ ഗേറ്റ് വേ ഓഫ് മുസിരിസ് എന്ന പേരിൽ, ചരിത്രവും പൈതൃകവും സമന്വയിപ്പിച്ച് സംസ്ഥാനത്തെ ആദ്യത്തെ പൈതൃക ബീച്ചാക്കി മാറ്റിയെടുക്കുവാനുള്ള അന്താരാഷ്ട്ര നിലവാരമുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്.   ബീച്ചിന്റെ സൗന്ദര്യവൽ‌ക്കരണത്തിന് മുസിരിസ് ഹെറിറ്റേജ് ആൻഡ് സ്‌പൈസസ് റൂട്ട് പ്രോജക്ടിൽ നിന്ന്‌ ആറു കോടി രൂപ അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് 2021 ഫെബ്രുവരിയിൽ തുടക്കമിട്ടു കഴിഞ്ഞു. 
അഴീക്കോട് കടൽത്തീരത്തായി ചൂളമരക്കാടുകളും ചീനവലകളും മിയോവാക്കി വനവും ഉൾപ്പെടെയുള്ള വിശാലമായ മണൽപ്പരപ്പോടുകൂടിയ 30 ഏക്കറിലധികം വരുന്നതാണ് ബീച്ച്.   
നിലവിലുള്ള  സൗകര്യങ്ങൾ  വിപുലപ്പെടുത്തി,  പ്രകൃതിസൗന്ദര്യം പൂർണമായി നിലനിർത്തിക്കൊണ്ടുള്ള സൗന്ദര്യവൽക്കരണമാണ് ലക്ഷ്യം.   
ശിൽപ്പങ്ങളും ഇരിപ്പിടങ്ങളും വഴിവിളക്കുകളും നടപ്പാതകളും സ്ഥാപിക്കും. നിലവിൽ ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കഫേ, കുട്ടികളുടെ പാർക്ക്,   സ്റ്റേജ് എന്നിവ ഇവിടെയുണ്ട്.   
കായിക ഇനങ്ങൾക്കുള്ള പ്രത്യേക സൗകര്യങ്ങൾ, കടലും കായലും സംഗമിക്കുന്ന അഴിമുഖത്തിനഭിമുഖമായുള്ള ബീച്ചിൽ സൂര്യാസ്തമയം ദർശിക്കുന്നതിനുള്ള  സംവിധാനങ്ങളും ഒരുക്കും. പദ്ധതിയുടെ ഭാഗമായി നേരത്തെ തന്നെ ബീച്ചിന്റെ ഒരുഭാഗത്ത് 20 സെന്റ് സ്ഥലത്ത് മിയോവാക്കി കാടുകൾ സ്ഥാപിച്ചു കഴിഞ്ഞു. കിഴക്കുഭാഗത്ത് വിപുലമായ സൗകര്യമുള്ള ബോട്ടുജെട്ടിയുടെ നിർമാണവും ആരംഭിച്ചു കഴിഞ്ഞു.  
കോവിഡും ലോക്ക് ഡൗണും മൂലമുള്ള പ്രതിസന്ധികൾ കഴിയുന്നതോടെ നിർമാണ പ്രവൃത്തി പുനരാരംഭിക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് അറിയിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top