12 November Tuesday
കേന്ദ്രസര്‍ക്കാര്‍ അനാസ്ഥ

ഫണ്ടില്ല; തുരങ്കനിർമാണം നിലച്ചിട്ട‌് 11 മാസം

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
 
സ്വന്തം ലേഖകൻ
തൃശൂർ 
ദേശീയപാതയിൽ  കുതിരാനിലെ   തുരങ്കനിർമാണം സ്തംഭനാവസ്ഥയിൽത്തന്നെ. ഫണ്ട് ലഭിക്കാത്തതിനെത്തുടർന്ന് 11 മാസമായി തുരങ്കനിർമാണം നിലച്ചിരിക്കുകയാണ്. കെഎംസി കമ്പനിയിൽനിന്ന് പണം ലഭിക്കാത്തതിനാലാണ് പണി നിലച്ചിരിക്കുന്നതെന്നാണ‌്  നിർമാണ കമ്പനിക്കാർ പറയുന്നത്. ബാങ്കുകളിൽനിന്ന് പണം ലഭിക്കാത്തതിനാലാണ് പണം നൽകാൻ വൈകുന്നതെന്നാണ് കെഎംസി കമ്പനി അധികൃതരുടെ വാദം. 95 ശതമാനം പണി പൂർത്തിയായ ആദ്യതുരങ്കംപോലും തുറക്കാനായിട്ടില്ല. പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ പല തവണ ഇടപെട്ടു. എന്നാൽ, കേന്ദ്രസർക്കാരും ദേശീയപാത അതോറിറ്റി അധികൃതരും തികഞ്ഞ അനാസ്ഥ തുടരുകയാണ്.  
 ഹൈദരാബാദ് ആസ്ഥാനമായ പ്രഗതി കൺസ്ട്രക്ഷൻ കമ്പനിയാണ്  നിർമാണ കരാറെടുത്തിരിക്കുന്നത്. തുരങ്കത്തിന് ആകെ 992 മീറ്റർ നീളമുണ്ട്. 14 മീറ്റർ വീതിയിൽ 10 മീറ്റർ ഉയരത്തിലാണ് തുരങ്കം. 150 കോടിയായിരുന്നു പഴയ സ്കെച്ച്പ്രകാരമുള്ള എസ്റ്റിമേറ്റ് തുക.     
 പാലക്കാടുനിന്നും തൃശൂരിലേക്ക് വരുന്ന പാതയിൽ ആദ്യതുരങ്കത്തിന്റെ പണി 95 ശതമാനം പൂർത്തീകരിച്ചു. ട്രയൽറണ്ണും പൂർത്തിയാക്കിയതാണ്. രണ്ടാംതുരങ്കത്തിന്റെ നിർമാണവും പൂർത്തീകരണഘട്ടത്തിലാണ്. ഇതിനിടെയാണ് ഫണ്ട് തടസ്സത്തിന്റെ പേരിൽ നിർമാണം തടസ്സപ്പെട്ടിരിക്കുന്നത്. ദേശീയപാത നിർമാണത്തിലെ അപാകവും ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു.  പ്രശ്നപരിഹാരത്തിനായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പല തവണ ഇടപെട്ടു. എംപിമാരായിരുന്ന  പി കെ ബിജു, സി എൻ ജയദേവൻ,  കെ രാജൻ എംഎൽഎ എന്നിവരും നിരന്തരം ഇടപെട്ടുകൊണ്ടേയിരുന്നു. മന്ത്രിമാരായ ജി സുധാകരൻ, എ സി മൊയ്തീൻ,  പ്രൊഫ. സി രവീന്ദ്രനാഥ്, വി  എസ് സുനിൽകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു. കലക്ടറേറ്റിൽ യോഗം വിളിച്ച് കരാറുകാർക്ക് കർശന നിർദേശങ്ങൾ നൽകി. ഇതേത്തുടർന്നാണ് ദേശീയപാത നിർമാണാവും തുരങ്കനിർമാണാവും ഇത്രയും പുരോഗമിച്ചത്.  ഇതിനിടെ കഴിഞ്ഞ മഴക്കാലത്ത് തുരങ്കമുഖത്ത് മണ്ണിടിച്ചിലുണ്ടായി. ഇത് അപകടഭീഷണി യാകുന്നുണ്ട്. പാലക്കാട് ഭാഗത്തുള്ള തുരങ്കമുഖത്താണ് മണ്ണിടിച്ചിൽ ഭീഷണി കൂടുതൽ.  ഇരുഭാഗങ്ങളിലുമായി പാറക്കെട്ടുകളും അപകടഭീഷണി ഉയർത്തി അടർന്നു നിൽക്കുന്നുണ്ട്. ഇത് പൊളിക്കാൻ വനംവകുപ്പിന്റെ അനുമതി ലഭിക്കണം. ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫണ്ട് ലഭിച്ചാൽ ഉടൻ പണി തുടങ്ങാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി  തുരങ്കനിർമാണ കമ്പനി അധികൃതർ അറിയിച്ചു.  ദേശീയ പാതയിലെ വടക്കഞ്ചേരിമുതൽ തൃശൂർവരെ ആറുവർഷത്തിനകം അപകടത്തിൽപ്പെട്ട് മരിച്ചത് 50ൽപരം പേരാണ‌്.    മരിച്ചവരിൽ 17 പേർ റോഡിൽ തലയടിച്ചുവീണാണ‌് മരിച്ചത്.   
പ്രധാന വാർത്തകൾ
 Top