22 June Tuesday

കലിതുള്ളി കടൽ

പി വി ബിമൽ കുമാർUpdated: Saturday May 15, 2021

എറിയാട് ചന്ത കടപ്പുറത്ത് തീരം തകർത്ത് വൻ തിര ആഞ്ഞടിക്കുന്നു

കൊടുങ്ങല്ലൂർ 
ജില്ലയിലെ കടലോരമേഖലയായ കൊടുങ്ങല്ലൂരും നാട്ടികയിലും ചാവക്കാട്ടും
കടൽക്ഷോഭം രൂക്ഷം.
ശക്തമായ കടൽക്ഷോഭത്തിൽ കൊടുങ്ങല്ലൂരിന്റെ തീരത്ത് ആയിരത്തോളം വീടുകൾ വെള്ളത്തിലായി,  ആറ് വീടുകൾ പൂർണമായി തകർന്നു. അമ്പതോളം വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. തിരയടിച്ചും വെള്ളം കയറിയും നൂറുകണക്കിന് വീടുകൾ തകർച്ചാഭീഷണിയിൽ, തീരദേശ റോഡുകൾ ഒലിച്ചുപോയി. എടവിലങ്ങിൽ ക്ഷേത്രവും തകർന്നു. വീടുകളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടി. താലൂക്കിന്റെ തീരമേഖലയിൽ കടൽക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എറിയാട് പഞ്ചായത്തിൽ ഒന്നും എടവിലങ്ങ് പഞ്ചായത്തിൽ രണ്ടും ശ്രീനാരായണപുരം പഞ്ചായത്തിൽ ഒന്നും വീതമാണ് ക്യാമ്പുകൾ തുറന്നത്. നാല് ക്യാമ്പുകളിലായി നൂറിലേറെ പേരാണുള്ളത്. കോവിഡ് ഭീഷണിയുള്ളതിനാൽ ബന്ധുവീടുകളിലാണ് ഏറെ പേർ അഭയം പ്രാപിച്ചിട്ടുള്ളത്.. ക്യാമ്പുകളിൽ 
താമസിക്കാനെത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിക്കുന്നവരെ ഡിസിസി, സിഎഫ്എൽടിസി എന്നിവിടങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കും.
എടവിലങ്ങ് പഞ്ചായത്തിലെ കാര ഫിഷറീസ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 15 കുടുംബങ്ങളിലായി 48 അംഗങ്ങളുണ്ട്. എടവിലങ്ങ് കാര സെന്റ്‌ ആൽബന സ്കൂളിൽ   37 പേർ കഴിയുന്നു.
എറിയാട് പഞ്ചായത്തിലെ ഐഎം യുപി സ്കൂളിൽ  62 പേരാണുള്ളത്. ശ്രീനാരായണപുരം പഞ്ചായത്തിൽ പടിഞ്ഞാറെ വെമ്പല്ലൂർ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും താമസിക്കുന്നുണ്ട്‌.
എറിയാട് പഞ്ചായത്തിലെ ചന്ത കടപ്പുറം, ആറാട്ടുവഴി, ലൈറ്റ് ഹൗസ് മണപാട്ടുചാൽ, എടവിലങ്ങ് പഞ്ചായത്തിലെ പുതിയ റോഡ്, കാര വാക്കടപ്പുറം, ശ്രീനാരായണപുരം പഞ്ചായത്തിലെ ശ്രീകൃഷ്ണ മുഖം ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷം. വ്യാഴാഴ്ച ആരംഭിച്ച കടൽക്ഷോഭം വെള്ളിയാഴ്ച രാവിലെയോടെ രൂക്ഷമാവുകയായിരുന്നു. മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ മത്സ്യബന്ധനത്തിന് ആരും കടലിലിറങ്ങിയിരുന്നില്ല. 
എടവിലങ്ങ് കാര വാക്കടപ്പുറം ചോറ്റാനിക്കര ദേവി ക്ഷേത്രമാണ് കടലാക്രമണത്തിൽ തകർന്നത്. പലയിടങ്ങളിലും ജിയോ ബാഗ് തടയണയും തകർന്നു.
ഇ ടി ടൈസൺ  എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും റവന്യൂ അധികൃതരും പൊലീസും സ്ഥലത്തെത്തി  നടപടി  സ്വീകരിച്ചുവരികയാണ്‌. 
കടൽക്ഷോഭ ബാധിത പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ  പഞ്ചായത്തുകളും റവന്യൂ വകുപ്പും ചേർന്ന് താൽക്കാലിക തടയണ നിർമിക്കുന്നുണ്ട്.
ശക്തമായ മഴയും തിരയടിയും ഒപ്പം കോവിഡ് ഭീഷണിയും മറികടന്നാണ് ദുരിതാശ്വാസ പ്രവർത്തനം പുരോഗമിക്കുന്നത്. കടൽക്ഷോഭം രണ്ട് ദിവസം കൂടി തുടരുമെന്നതിനാൽ കോവിഡ് മാനദണ്ഡം പാലിച്ച് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഇ ടി  ടൈസൺ  എംഎൽഎ പറഞ്ഞു.
നാട്ടിക 
ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ചിലും വാടാനപ്പള്ളി പൊക്കാഞ്ചേരിയിലും ശക്തമായ കടലേറ്റമാണ് വ്യാഴാഴ്ച  ഉണ്ടായത്. ചെറിയ തോതിൽ തളിക്കുളത്തും കടലേറ്റം ഉണ്ട്. പൊക്കുളങ്ങര ബീച്ചിലെ  മുപ്പതോളം വീടുകളിൽ വെള്ളം കയറി. കുളങ്ങലും ചെളിവെള്ളം കയറി  പ്രദേശമാകെ മലിനമായി. പൊക്കുളങ്ങര പാലം വരെ കടൽ വെള്ളം കയറിയിട്ടുണ്ട്. ജിഒ ബാഗിന് മുകളിലൂടെയാണ് വെള്ളം ഇരച്ചുകയറുന്നത്. വെള്ളം കയറിയ വീടുകളിലെ ആളുകളെ മാറ്റിത്താമസിപ്പിക്കാൻ  പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്‌. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ബന്ധുവീടുകളിലേക്കും മറ്റുമാണ് ആളുകൾ പോകുന്നത്. നിയുക്ത എം എൽ എ എൻ കെ അക്ബർ പൊക്കുളങ്ങര ബീച്ച്‌ പ്രദേശം  സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ, സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് പനക്കൽ, ബ്ലോക്ക് മെമ്പർ കെ ബി സുധ തുടങ്ങിയവർ എം എൽ എ ക്കൊപ്പമുണ്ടായിരുന്നു. വാടാനപ്പള്ളി പൊക്കാഞ്ചേരിയിലും  കടലേറ്റത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഏഴോളം പേരെ ക്യാമ്പിലേക്ക് മാറ്റി. രാത്രിയും ശക്തമായ കടലേറ്റം തുടരുകയാണ് .തൃത്തല്ലൂർ കമലാ നെഹറു സ്കൂളിലാണ് ക്യാമ്പ്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്  പൊക്കാഞ്ചേരിയിലെ കടൽക്ഷോഭ മേഖല സന്ദർശിച്ചു . അടുത്ത ദിവസം തന്നെ ആയിരം ജിഒ ബാഗുകൾ ഇവിടെ വിരിക്കാൻ അനുമതി ലഭിച്ചതായി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, കെ എ വിശ്വംഭരൻ, സി എം നിസാർ, സരിത ഗണേഷ്, ഷാജൂദ്ദീൻ, സുരേഷ് മഠത്തിൽ എന്നിവരും സ്ഥലം സന്ദർശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top