18 June Friday

ഗുരുവായൂർ തീരമേഖലയിലും 
കടൽക്ഷോഭം ശക്തം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
ചാവക്കാട് 
ഗുരുവായൂർ തീരമേഖലയിലാകെ ശക്തമായ കടൽക്ഷോഭം.  കടൽത്തീതീരത്തിനടുത്ത്‌   എല്ലാ വീടുകളും വെള്ളത്തിലായി. കടപ്പുറം പഞ്ചായത്തിലെ 
മുനക്കക്കടവ് അഴിമുഖം മുതൽ തൊട്ടാപ്പ് ലൈറ്റ് ഹൗസ് വരെ മൂന്ന് നാല് കിലോമീറ്ററോളം പ്രദേശങ്ങളിൽ അതിശക്തമായി കടൽ ഇരച്ചുകയറി. കടൽഭിത്തിയും മറികടന്ന് കടൽവെള്ളം കയറി. മുനക്കക്കടവ്, വെളിച്ചെണ്ണപ്പടി, മൂസാ റോഡ്, അഞ്ചങ്ങാടി വളവ്,
ആശുപത്രിപ്പടി, തൊട്ടാപ്പ് എന്നിവിടങ്ങളിൽ വീടുകളിലേക്ക്
വെള്ളം കയറി. വീട്ടുപകരണങ്ങളൂം നശിച്ചു. ബീച്ച് റോഡും മറികടന്ന് കരയിലേക്ക് ഒരു കിലോമീറ്ററോളം  കടൽ കയറി. മുനക്കക്കടവ് ഹാർബർ റോഡും പൂർണമായും വെള്ളത്തിലാണ്. കോർണിഷ് റോഡ്, അഹമ്മദ് ഗുരിക്കൾറോഡ്, മൂസ റോഡ്, ഡേഡീസ് റോഡ്, വെളിച്ചെണ്ണപ്പടി റോഡ്, ഞോളി റോഡ് എന്നിവിടങ്ങളും വെള്ളത്തിലായി.
പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, പെരിയമ്പലം, കാപ്പിരിക്കാട്, തങ്ങൾപാടി, പാപ്പാളി, മന്ദലാംകുന്ന് എന്നി ബീച്ചിലുണ്ടായ കടൽക്ഷോഭത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി.
റോഡ്  കടൽ വെള്ളം കവിഞ്ഞ്‌ ഒഴുകുകയാണ്. പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂർ, പഞ്ചവടി മന്ദലാംകുന്ന് എന്നിവിടങ്ങളിൽ കടലേറ്റം രൂക്ഷമാണ്. കടപ്പുറം പഞ്ചായത്തിലെ വീടുകളിലെ വൃദ്ധരേയും കുട്ടികളേയും ബന്ധു വീടുകളിലേക്ക് മാറ്റി. പെരിയമ്പലം ബീച്ചിൽ പാലക്കൽ കുഞ്ഞഹമ്മദ്, പാലക്കൽ ബഷീർ, പാലക്കൽ മുനീർ, പാലക്കൽ മൊയ്നു എന്നിവരുടെ കുടുംബങ്ങളെ  മാറ്റിപ്പാർപ്പിച്ചു.
ചാവക്കാട് നഗരസഭയിലെ പുത്തൻകടപ്പുറത്തും കടൽ ക്ഷോഭം രൂക്ഷം. പുത്തൻകടപ്പുറം മേഖലയിൽ കടലേറ്റം ഉണ്ടെങ്കിലും നിലവിൽ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമില്ല. 
അത്യാവശ്യ ഘട്ടം വന്നാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് പറഞ്ഞു. ഉപ്പുവെള്ളം കയറി കുടിവെള്ള പ്രശ്നം നേരിടുന്ന 28, 32  വാർഡുകളിലെ വീടുകൾക്ക് നഗരസഭ കുടിവെള്ളം എത്തിക്കും.  കടപ്പുറം പഞ്ചായത്തിൽ അഴിമുഖം മുതൽ ലൈറ്റ് ഹൗസ് വരെയുള്ള മേഖലകളിൽ വീടുകളിൽ വെള്ളം കയറി. പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ തീരമേഖലയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കടപ്പുറം ഗവ. ഹൈസ്കൂളിലാണ്  ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top