24 June Monday
പ്രചാരണത്തിൽ മേൽക്കൈ

പടയോട്ടം അവസാന ഘട്ടത്തിലേക്ക്; നെഞ്ചുറപ്പോടെ എ‌ൽഡ‌ിഎഫ‌്

വി എം രാധാകൃഷ‌്ണൻUpdated: Monday Apr 15, 2019

തൃശൂർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ല  ഉൾപ്പെടുന്ന മൂന്നു മണ്ഡലങ്ങളിലും എൽഡിഎഫ് സമ്പൂർണ വിജയം ആവർത്തിക്കാൻ സജ്ജം. എൽഡിഎഫ് സ്ഥാനാർഥികളായ രാജാജി മാത്യു തോമസ് (തൃശൂർ), ഡോ. പി കെ ബിജു (ആലത്തൂർ), ഇന്നസെന്റ് (ചാലക്കുടി) എന്നിവർ പൊതു സ്വീകരണങ്ങളടക്കം അഞ്ചു റൗണ്ട് പര്യടനം പൂർത്തിയാക്കി അവസാന പടയോട്ടത്തിലേക്ക് കടന്നു.  ഇക്കുറിയും എൽഡിഎഫ് വിജയം ഉയർന്ന ഭൂരിപക്ഷത്തോടെ സുനിശ്ചിതമാണെന്നാണ് പ്രചാരണരംഗവും പൊതു ജനവികാരവും വ്യക്തമാക്കുന്നത്. സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം ഇന്നോളം കാണാത്ത പ്രചാരണമാണ് എൽഡിഎഫ്  നടത്തിയത്. ആദ്യഘട്ടത്തിൽ നടത്തിയ പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളിലെയും പഞ്ചായത്ത്, മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷനുകളിലും ബൂത്ത്തല കൺവൻഷനുകളിലും  ആവേശകരമായ ജനപങ്കാളിത്തമായിരുന്നു. പൊതു സ്വീകണങ്ങൾക്ക് മുമ്പായി മൂന്നു സ്ഥാനാർഥികളും രണ്ടു റൗണ്ട് വീതം എല്ലാ അസംബ്ലി മണ്ഡലങ്ങളിലുമെത്തി. പ്രമുഖ വ്യക്തികൾ, സാംസ്കാരിക പ്രവർത്തകർ, മത, സമുദായ മേധാവികൾ തുടങ്ങിയവരെ കണ്ടു. ഓരോ മണ്ഡലങ്ങളിലും  ആദ്യ പര്യടനങ്ങളിൽ തന്നെ എൽഡിഎഫ് സ്ഥാനാർഥികൾക്ക് ലഭിച്ച വരവേൽപ്പ‌് ആവേശകരവും പ്രത്യാശയുണത്തുന്നതുമായി. തുടർന്ന് മൂന്നു റൗണ്ട് പൊതു സ്വീകരണങ്ങളിൽ സ്ഥാനാർഥിയെ വരവേൽക്കാനും കേൾക്കാനും ജനം ഒഴുകിയെത്തി.  ചുട്ടുപൊള്ളുന്ന ചൂടിലും കൊച്ചുകുട്ടികൾ മുതൽ വൃദ്ധ ജനങ്ങൾ വരെ അക്കൂട്ടത്തിലുണ്ടായി.  പ്രചാരണ യോഗങ്ങളിലെ സ്ത്രീപങ്കാളിത്തവും ശ്രദ്ധേയമാണ്. ഇനിയുള്ള ഒരാഴ്ചയും സ്ഥാനാർഥികൾ അനൗപചാരിക സന്ദർശനങ്ങളിലൂടെ ജനങ്ങൾക്കിടയിൽ തന്നെ തുടരും.  ഇപ്പോൾ നടക്കുന്ന പഞ്ചായത്ത്, മേഖലാതല റാലികളും പ്രമുഖർപങ്കടുക്കുന്ന പൊതു സമ്മേളനങ്ങളും ആയിരങ്ങൾ നിറഞ്ഞതാണ്.  ബൂത്ത് തലത്തിലെ കുടുംബയോഗങ്ങളും എൽഡിഎഫിന്റെ ജന സ്വാധീനം വ്യക്തമാക്കുന്നു. ദേശീയ, സംസ്ഥാന ഇടതുപക്ഷ നേതാക്കൾ പ്രചാരണത്തിന് കരുത്തു പകരുന്നു.  

കുപ്രചാരണങ്ങളെയെല്ലാം നിഷ‌്പ്രഭമാക്കി മുമ്പ് രണ്ടു തവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഹാട്രിക് വിജയം നേടുമെന്ന് ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി കെ ബിജു പ്രചാരണാനുഭവങ്ങൾ വിലയിരുത്തി വ്യക്തമാക്കി. ചാലക്കുടിയിലെ സിറ്റിങ് എംപി ഇന്നസെന്റ് വർധിച്ച ഭൂരിപക്ഷത്തോടെ വിജയം ആവർത്തിക്കുമെന്ന പ്രത്യാശയാണ് പങ്കുവയ‌്ക്കുന്നത്. എൽഡിഎഫ് അടിത്തറ ഭദ്രമായ തൃശൂർ മണ്ഡലത്തിൽ ആവേശകരമായ വിജയമാണ് ഇക്കുറിയുണ്ടാവുകയെന്ന് രാജാജി മാത്യു തോമസ് പറഞ്ഞു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളായ  സി എൻ ജയദേവൻ തൃശൂരിൽ 38,227 വോട്ടുകളുടെയും പി കെ ബിജു ആലത്തൂരിൽ 37,312 വോട്ടുകളുടെയും ഇന്നസെന്റ് ചാലക്കുടിയിൽ 13,884 വോട്ടുകളുടെയും   ഭൂരിപക്ഷത്തിലാണ്  വിജയിച്ചത്. ഇക്കുറി ഭൂരിപക്ഷം വൻ തോതിൽ ഉയരുമെന്നാണ് പ്രചാരണ രംഗം വ്യക്തമാക്കുന്നത്. യുഡിഎഫും ബിജെപിയും രാഷ്ട്രീയ സംവാദങ്ങൾ ഉപേക്ഷിച്ച‌് വിവാദങ്ങളിലാണ‌് ആശ്വാസം കണ്ടെത്തിയത‌്. 

യുഡിഎഫിലെയും ബിജെപിയിലെയും തർക്കങ്ങൾ മുലം ഏറെ വൈകിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പ്രചാരണരംഗത്തേ് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ യുഡിഎഫിനോ എൻഡിഎക്കോ കഴിഞ്ഞിട്ടില്ല. തൃശൂരിൽ എൻഡിഎ സ്ഥാനാർഥിയായി ആദ്യമെത്തിയ തുഷാർ വെള്ളാപ്പള്ളി പ്രചാരണം തുടങ്ങിയ ശേഷം സ്ഥാനാർഥിയെ മാറ്റിയത‌്  ബിജെപിയെ നാണക്കേടിലാക്കി.   പ്രചാരണം വൈകി തുടങ്ങിയെങ്കിലും വിജയ പ്രതീക്ഷയാണ് യുഡിഎഫ് സ്ഥാനാർഥികളായ ടി എൻ പ്രതാപൻ (തൃശൂർ), ബെന്നി ബഹന്നാൻ (ചാലക്കുടി), രമ്യ ഹരിദാസ് (ആലത്തൂർ) പ്രകടിപ്പിക്കുന്നത്. സുരേഷ് ഗോപി (തൃശൂർ), ടി വി ബാബു (ആലത്തൂർ), എ എൻ രാധാകൃഷ്ണൻ (ചാലക്കുടി) എന്നിവരാണ് എൻഡിഎ സ്ഥാനാർഥികൾ.

 

പ്രധാന വാർത്തകൾ
 Top