20 November Wednesday

പഠിപ്പിക്കാം നാടകത്തോടൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019
തൃശൂർ
മാക്ബെത്ത് അഞ്ചാം ക്ലാസിലും പഠിപ്പിക്കാനാവും.  എന്നാൽ, എങ്ങനെയാണ് അതെന്ന് അധ്യാപകൻ അറിയണം. ഏതു വിഷയവും എളുപ്പത്തിൽ പഠിക്കാൻ ദൃശ്യഭാഷയാണ് എളുപ്പം. പഠനത്തിൽ നാടക ഭാഷയ്‌ക്കുള്ള പ്രാധാന്യം അടുത്തറിയുകയാണ് അധ്യാപകർ. സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കായി വിദ്യാരംഗവും സംഗീത നാടക അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച നാടകശിൽപ്പശാല   അരങ്ങ് - 2019 ശ്രദ്ധേയമായി. 
വികസിത രാഷ്ട്രങ്ങൾ വളരെ മുമ്പേ പ്രയോഗിച്ച രീതി കേരളത്തിന്റെ ക്ലാസ് മുറികളിലേക്കും കടന്നുവരികയാണ്‌.
ഒരു കൈയിൽ പാഠപുസ്തകവും മറുകൈയിൽ ചോക്കുമായി ഒരേ ശബ്ദത്തിൽ പഠിപ്പിക്കുന്ന  അധ്യാപകൻ വിദ്യാർഥിയെ പഠനത്തിൽ നിന്നകറ്റുമെന്നതാണ് ശിൽപ്പശാലയുടെ വലിയ തിരിച്ചറിവ് . അധ്യാപകരെ കുട്ടികളുടെ നാടകവേദിയെക്കുറിച്ചും അധ്യാപനത്തിൽ  നാടകത്തിന്റെ സാധ്യതയെക്കുറിച്ചും ബോധവൽക്കരിക്കുകയാണ് അരങ്ങ്.
ശരീരത്തിന്റെ സൂക്ഷ്മചലനവും ശബ്ദത്തിന്റെ വിവിധ പ്രയോഗങ്ങളും  അധ്യാപകർ പഠിക്കുന്നു. ഗണിതവും ശാസ്ത്രവുമെല്ലാം തിയറ്റർ ഭാഷയിലൂടെ പറയുന്നത് കുട്ടികൾക്ക് എളുപ്പം ഗ്രഹിക്കാൻ സഹായകമാവും. കുട്ടികളുടെ നാടകവേദിയെക്കുറിച്ചുള്ള വികല ധാരണകളേയും മാറ്റിയെഴുതുന്നു. തങ്ങളുടെ അധ്യാപന സങ്കൽപ്പംതന്നെ മാറ്റിയെഴുതിയതായി   പങ്കെടുത്തവർ പറഞ്ഞു. ക്ലാസ് മുറിയിൽ ശബ്ദത്തിന്റേയും ചലനത്തിന്റേയും വൈവിധ്യമാർന്ന പ്രയോഗം കൊണ്ടുതന്നെ വിദ്യാർഥികളെ ഏതു വിഷയവും ആസ്വദിപ്പിക്കാനും പഠനം സുഗമമാക്കാനും കഴിയും.
  ‘നാടകത്തെ പഠനമാധ്യമമാക്കാനും അധ്യാപനത്തിൽ തിയറ്റർ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള   പരിശീലനമാണ് നൽകുന്നതെന്ന് പരിശീലകരും പ്രമുഖ നാടകപ്രവർത്തകരുമായ ഡോ.  സാംകുട്ടി പട്ടംകരി, ശ്രീജിത്ത് രമണൻ എന്നിവർ പറഞ്ഞു. സ്കൂളുകളിൽ കുട്ടികളുടെ നാടകവേദികൾ രൂപീകരിക്കാനുള്ള പ്രാഥമിക പരിശീലനംകൂടി ഉൾപ്പെടുന്നു.  വിവിധ ജില്ലകളിൽനിന്നായി 50 പേരാണ്‌ പങ്കെടുത്തത് . 
പ്രധാന വാർത്തകൾ
 Top