31 October Saturday

‘ലക്ഷംവീടല്ല’, പുതുപുത്തൻവീട്‌

ജോർജ്‌ ജോൺUpdated: Monday Sep 14, 2020

പനമുക്ക്‌ ലക്ഷം വീട്‌ കോളനിയിലെ അന്തേവാസികളായ ബാലനും ഭാര്യ പ്രമീളയും സഹോദര ഭാര്യ കാഞ്ചനയും പുതുക്കിപ്പണിത വീടിന്‌ മുന്നിൽ / ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

 
തൃശൂര്‍
 ‘ലക്ഷം വീട് കോളനിക്കാരെ’ന്ന് പറഞ്ഞ് ഇനിയാര്‍ക്കും ആക്ഷേപിക്കാനാവില്ല. പതിറ്റാണ്ടുകൾക്കൊടുവിൽ പനമുക്ക് ലക്ഷംവീട് കോളനിയില്‍ ഒറ്റവീടുകള്‍ ഉയര്‍ന്നു. 
ഇടിഞ്ഞുവീഴാറായ വീടുകളുടെ സ്ഥാനത്ത് പുതുപുത്തൻ. സംസ്ഥാനസര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പറേഷൻ ധനസഹായം നൽകിയതോടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പുതുജീവിതം. ഒരു ചുമരുകള്‍ക്കപ്പുറം ഒരേ കുടുംബം പോലെ കഴിഞ്ഞവര്‍ ഒറ്റവീടുകളിലേക്ക്‌ മാറുമ്പോഴും ആത്മബന്ധം  വേര്‍പ്പെടുന്നില്ല.
 കോര്‍പറേഷന്‍ നെടുപുഴ ഡിവിഷനിലെ പനമുക്കിൽ 1972ലാണ് ലക്ഷം വീട് കോളനി നിര്‍മിച്ചത്. 
13 ഇരട്ടവീടുകളിലായി 26 കുടുംബങ്ങള്‍. ഒറ്റമേൽക്കൂരക്കുകീഴിൽ ചുമരിന്റെ അപ്പുറവും ഇപ്പുറവുമായി രണ്ട് വീടുകളിലായി കഴിയുകയായിരുന്നു. ലൈഫ്‌ പദ്ധതിയിലുള്‍പ്പെടുത്തി കോര്‍പറേഷനിൽനിന്ന്‌ നാലുലക്ഷം അനുവദിച്ചതോടെ ഇവര്‍ക്ക് ഒറ്റവീടുകളായി. അതിർത്തികളും നിർണയിച്ചു നൽകി.  650 ചതുരശ്ര അടി വീസ്തീര്‍ണമുള്ള മനോഹരമായ വീടുകളാണ് നാല് സെന്റില്‍ നിര്‍മിച്ചത്.  കോളനിയിലേക്കുള്ള റോഡ് ടാര്‍ ചെയ്തു. 
കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കി. കോളനിയില്‍ മിനി കമ്യൂണിറ്റി ഹാളും, അങ്കണവാടിയുമുണ്ട്. ലൈഫ്‌ പദ്ധതിയിൽ കോർപറേഷനിൽ 1279 വീട്‌ നിർമാണം ആരംഭിച്ചതായി മേയർ അജിത ജയരാജൻ പറഞ്ഞു. 857 വീട്‌ പൂർത്തിയായി. നെടുപുഴയിൽ 15 വീടുകള്‍ ഒറ്റ വീടുകളാക്കി. ഉടമസ്ഥാവകാശം, ബാങ്ക് ബാധ്യത എന്നീ കാരണങ്ങളാല്‍ 11 വീടുകള്‍ കൂടി ഒറ്റ വീടുകളാക്കാനുണ്ട്. മികച്ച ജീവിതസൗകര്യം സര്‍ക്കാര്‍ ഒരുക്കിയതില്‍ ഏറെ സന്തോഷമുള്ളതായി കോളനിയിലെ ആദ്യകാല താമസക്കാരനായ  വെട്ടുകല്ലാനിയ്ക്കല്‍ ബാലനും ഭാര്യ പ്രമീളയും പറഞ്ഞു. സഹോദരങ്ങളായ കണ്ണദാസന്‍, രമേശ് എന്നിവരും വീടിന്റെ അവകാശികളായിരുന്നു. സ്ഥലം കണ്ണദാസിന് നല്‍കി. പുതിയ വീട് നിര്‍മിച്ചു. 
മോള്‍ഡ് പണിക്കാരനായിരുന്ന കണ്ണദാസ്  തളര്‍ന്ന് കിടപ്പിലാണ്. കണ്ണദാസും ഭാര്യ കാഞ്ചനയും മകന്‍ വിശാഖുമാണ് പുതിയ വീട്ടില്‍ താമസം. ബാലനും ഭാര്യയും  മറ്റൊരു വീട്ടിലാണ്‌ താമസം. കോളനിയിലെ ആദ്യ താമസക്കാരനായ ഇക്കാക്കന്‍ രാമന്റെ ഭാര്യ ജാനകിയുടെ മകള്‍ കിഴക്കൂട്ട് മണികണ്ഠന്റെ ഭാര്യ സരിതയടക്കം 15 പേർക്ക്‌ ഒറ്റവീട് നിര്‍മിക്കാനായി. കോര്‍പറേഷനില്‍നിന്നുള്ള സഹായവും വാങ്ങിത്തരാന്‍  കൗണ്‍സിലര്‍ ഷീബ പോള്‍സന്‍ കൂടെനിന്നതായി താമസക്കാര്‍ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top