16 February Saturday

ദേശീയപാത മരണപാത ഉത്തരവാദി കേന്ദ്രസർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

 

സ്വന്തം ലേഖകൻ
തൃശൂർ
ദേശീയപാത 47ലെ മണ്ണുത്തി‐വടക്കഞ്ചേരി സെക്ഷനിൽ ദിനംതോറും മനുഷ്യരക്തം വീണ് തളംകെട്ടിയിട്ടും കേന്ദ്രസർക്കാരും ദേശീയപാത അതോറിറ്റിയും കുറ്റകരമായ അവഗണന തുടരുന്നു. സേലം‐കൊച്ചി ദേശീയപാതയിൽ ആറുവരിപ്പാത നിർമാണം നടക്കുന്ന ഈ ഭാഗം മരണപാതയെന്ന് വർഷങ്ങളായി തെളിയിക്കുന്നു.  കഴിഞ്ഞ അഞ്ചു വർഷത്തിനകം 54 പേർ വാഹനാപകടങ്ങളിൽ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 350 പേർക്ക് വിവിധ അപകടങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ പത്തു വർഷത്തിനിടെ നൂറിൽപ്പരം പേർ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. എന്നാൽ ദേശീയപാത അതോറിറ്റിയോ കേന്ദ്ര സർക്കാരോ അനങ്ങുന്നില്ല. 
മണ്ണുത്തി‐വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണ കരാർ ഹൈദരാബാദ് ആസ്ഥാനമായ കെഎംസി കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. 2009ൽ കരാറായെങ്കിലും ഭൂമി ഏറ്റെടുക്കലിന് താമസിച്ചു എന്നുപറഞ്ഞ‌് കമ്പനി ബോധപൂർവം പണി നീട്ടിക്കൊണ്ടുപോയി. 30 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരിപ്പാതയും കുതിരാനിലെ തുരങ്കവും 2016ൽ പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. പിന്നീട് 2017 ആഗസ്തിൽ റോഡ് കമീഷൻ ചെയ്യുമെന്ന് കെഎംസി കമ്പനിയും ദേശീയപാത അതോറിറ്റിയും പ്രഖ്യാപിച്ചു. എന്നാൽ റോഡ് പണിയുടെ 30 ശതമാനം ഇനിയും ബാക്കിയാണ്. 
കുതിരാനിലെ 962 മീറ്റർ ദൈർഘ്യമുള്ള തുരങ്കനിർമാണം ഏറെക്കുറെ പൂർത്തിയായെങ്കിലും ഗതാഗതത്തിന് തുറന്നുകൊടുക്കാറായിട്ടില്ല. പലയിടങ്ങളിലായി മേൽപ്പാലങ്ങൾ, അടിപ്പാതകൾ, സിഗ്നലുകൾ, ബസ് ബേകൾ, ഡ്രൈനേജുകൾ തുടങ്ങിയവയുടെ പണികൾ പൂർത്തിയാക്കിയിട്ടില്ല. ഈ നിലയിൽ അടുത്തൊന്നും റോഡ് കമീഷൻ ചെയ്യാനാവില്ല. റോഡ് നിർമാണത്തിൽ കെഎംസി കമ്പനി തുടരുന്ന നിരുത്തരവാദ സമീപനത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് വ്യക്തമാണ്. 640 കോടി എസ്റ്റിമേറ്റ് നിശ്ചയിച്ച പണിക്ക് 815 കോടി രൂപക്കാണ് കെഎംസി കമ്പനി കരാറെടുത്തത്. പണി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി കൂടുതൽ തുക തട്ടിയെടുക്കാനാണ് കമ്പനിയുടെ നീക്കം. ഈ കൊള്ളയ‌്ക്ക് കൂട്ടു നിൽക്കുകയാണ് എൻഎച്ച്എഐയും കേന്ദ്ര സർക്കാരും. 
  ആറുവരിപ്പാത നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ കേന്ദ്രത്തിനോട് സംസ്ഥാന സർക്കാർ പലതവണ ആവശ്യപ്പെട്ടതാ ണ്. എംപിമാരായ പി കെ ബിജു, സി എൻ ജയദേവൻ എന്നിവർ വിഷയം പാർലമെന്റിൽ അവതരിപ്പിക്കുകയും കേന്ദ്രമന്ത്രിമാരെ കണ്ട് നിവേദനം നൽകുകയും  ചെയ്തു.   റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിക്കാൻ കെ രാജൻ എംഎൽഎയുടെ അധ്യക്ഷതയിൽ ജൂൺ 23ന് കലക്ടർ ടി വി അനുപമയടക്കം പങ്കെടുത്ത  യോഗം ചേർന്നിരുന്നു. പത്തു ദിവസത്തിനകം റോഡിലെ കുഴികൾ അടയ‌്ക്കാമെന്ന് ദേശീയപാത  പ്രതിനിധി ഉറപ്പു നൽകി. എന്നാൽ നടത്തിയില്ല. 
കാലവർഷം തുടങ്ങിയ ശേഷം അറ്റകുറ്റപ്പണികളൊന്നും നടത്താതെ റോഡ‌് തകർന്നു കിടക്കുകയാണ്. വഴുക്കുംപാറ മുതൽ വാണിയംപാറ വരെയുള്ള കുതിരാൻ പ്രദേശത്തെ റോഡ് പൂർണമായി തകർന്നു. മണ്ണുത്തി മുതൽ പട്ടിക്കാട് വരെ  പലയിടത്തും റോഡ് സഞ്ചാരയോഗ്യമല്ല.  ഇക്കാരണത്താൽത്തന്നെ മണിക്കൂറുകളുടെ ഗതാഗത തടസ്സമാണ് ഈ മേഖലകളിൽ ഉണ്ടാകുന്നത്. തൃശൂർ‐പാലക്കാട് റൂട്ടിലെ ഭൂരിഭാഗം സ്വകാര്യ ബസുകളും സർവീസ് നിർത്തിവച്ചിരിക്കയാണ്. കെഎസ്ആർടിസി ബസുകളും സർവീസ് വെട്ടിച്ചുരുക്കി. അത്യാഹിത രോഗികളെ ആംബുലൻസിൽപ്പോലും തൃശൂരിലേക്ക് കൊണ്ടുവരാനാവാത്ത സ്ഥിതിയാണ്. 
ആറുവരിപ്പാതയുടെ ശോച്യാവസ്ഥക്ക് പരിഹാരം  കാണണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞ ജൂലൈ 23ന് പട്ടിക്കാട് കേന്ദ്രീകരിച്ച് പ്രതിഷേധ ധർണ നടത്തിയിരുന്നു. ഡിവൈഎഫ്ഐ ആഭിമുഖ്യത്തിൽ ബുധനാഴ്ച മുതൽ പട്ടിക്കാട് അനിശ്ചിതകാല സത്യഗ്രഹവും ആരംഭിച്ചിരിക്കയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സമരപ്രഹസനവുമായി കോൺഗ്രസും രംഗത്തുണ്ട്. കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ യുഡിഎഫും ഭരിക്കുമ്പോൾ ആറുവരിപ്പാത  വിഷയത്തിൽ പ്രാദേശിക കോൺഗ്രസ് രംഗത്തു വന്നിട്ടില്ല. ഈ വിഷയം ഏറ്റെടുത്തത് എൽഡിഎഫും ഡിവൈഎഫ‌്ഐയുമായിരുന്നു. അന്ന് ജനകീയ സമരത്തെ എതിർത്തവരാണ് കോൺഗ്രസും ബിജെപിയും.
പ്രധാന വാർത്തകൾ
 Top