26 September Saturday

നാടിനായി യുവതയുടെ ത്യാഗം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

ബേബിയുടെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകർ ആബുലൻസിൽ കയറ്റുന്നു

വേലൂർ
കോവിഡ്‌ ഭീതിയിൽ മൃതദേഹം മാറ്റാൻ ഏവരും മടിച്ചുനിന്നപ്പോൾ മുന്നോട്ടുവന്നത് ഡിവൈഎഫ്ഐ പ്രവർത്തകർ. വേലൂർ‌ പഞ്ചായത്തിലെ കോടശേരിയിൽ വീട്ടിൽ മരിച്ചുകിടന്ന ഗൃഹനാഥന്റെ ശരീരം മുളംകുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലേക്ക്‌  മാറ്റാനാണ്‌ ഡിവൈഎഫ്ഐ പ്രവർത്തകർ സന്നദ്ധരായത്‌. കോടശേരി മണ്ണാശേരി ബേബി(65)യെയാണ്‌ വ്യാഴാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. വിവരമറിഞ്ഞ് പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകാൻ നിർദേശിച്ചു. എന്നാൽ കോവിഡ് വ്യാപന ഭീതിയിൽ മൃതദേഹം ആംബുലൻസിൽ കയ്യറ്റാൻ ആരും തയ്യാറായില്ല. വിവരമറിഞ്ഞ് ഡിവൈഎഫ്ഐ, സിപിഐ എം പ്രവർത്തകരായ മൂന്ന് യുവാക്കൾ സന്നദ്ധരായി മുന്നോട്ടുവരികയായിരുന്നു.

മൃതദേഹം ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജിൽ എത്തിച്ചു. ഡിവൈഎഫ്ഐ മേഖലാ ട്രഷറർ കിരാലൂർ ടി എസ് വിനിൽ, സിപിഐ എം കുറുമാൽ ബ്രാഞ്ച് സെക്രട്ടറി പി ഡി ഡയ്സൺ, എസ്എഫ്ഐ ഏരിയ ജോ. സെക്രട്ടറി വേലൂർ ബസാർ എ ആർ അജയ് രാജ്  എന്നിവരാണ് മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിച്ചത്. സുരക്ഷാ കവചങ്ങൾ ധരിച്ച് മണിക്കൂറുകളോളം നീണ്ട  ദൗത്യമാണ് ഇവർ ഏറ്റെടുത്തത്. വേലൂർ പഞ്ചായത്തിലെ കോവിഡ്‌ 19 പ്രഥമതല ചികിത്സാ കേന്ദ്രമായ തലക്കോട്ടുകര വിദ്യാ എൻജി. കോളേജിലെ മുഴുവൻ സമയ സന്നദ്ധ പ്രവർത്തകരുമാണിവർ. മരിച്ച ബേബിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണന്നറിഞ്ഞതോടെ മൂവരും സന്നദ്ധ സേവനം തുടരുന്നതിനായി ചികിത്സാ കേന്ദ്രത്തിലേക്കു മടങ്ങി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top