03 August Monday
ഡോ. എം കെ ജയരാജൻ ചുമതലയേറ്റു

കലിക്കറ്റ്‌ വിസിയായി തൃശൂരിൽനിന്ന്‌ മൂന്നാമൻ

സ്വന്തം ലേഖകന്‍Updated: Tuesday Jul 14, 2020

ഡോ. എം കെ ജയരാജന്‍

തൃശൂർ

കലിക്കറ്റ് സർവകലാശാലയുടെ 12–-ാമത് വൈസ് ചാൻസലറായി തൃശൂർ അവിണിശേരി സ്വദേശിയും കുസാറ്റ് സർവകലാശാലാ ഫിസിക്സ് വിഭാഗം മേധാവിയുമായ ഡോ. എം കെ ജയരാജൻ ചുമതലയേറ്റു. തൃശൂരിൽനിന്ന് വൈസ് ചാൻസലർ പദവിയിലെത്തുന്ന മൂന്നാമത്തെയാളാണ് ജയരാജൻ. നേരത്തേ ഡോ. ടി എൻ ജയചന്ദ്രൻ, ഡോ. ടി കെ രവീന്ദ്രൻ എന്നീ തൃശൂർ സ്വദേശികൾ കലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 
സർവകാലശാലയെ മികവിന്റെ കേന്ദ്രമായി വളർത്തിയെടുക്കാനുള്ള നടപടി ആരംഭിക്കുമെന്ന് വിസി പറഞ്ഞു. കോവിഡ് കാലത്ത് വീടുകളിൽ ഡിജിറ്റൽ പഠനത്തിന് എല്ലാ വിദ്യാർഥികൾക്കും കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഗവേഷണങ്ങൾക്ക്  ഊന്നൽ നൽകിയുള്ള പ്രവർത്തനത്തിനാകും പ്രാധാന്യം നൽകുകയെന്നും വൈസ് ചാൻസലർ പറഞ്ഞു. 
പനംകുറ്റിച്ചിറ ഗവ. എൽപി സ്കൂൾ മുൻ പ്രധാനാധ്യാപകൻ പരേതനായ എം കെ കുഞ്ഞുക്കുട്ടൻ എഴുത്തച്ഛന്റെയും  പെരിഞ്ചേരി എൽപി സ്കൂൾ മുൻ അധ്യാപിക വി എസ് തങ്കത്തിന്റെയും മകനാണ്. നാലാം ക്ലാസുവരെ പെരിഞ്ചേരി സ്കൂളിലും  പത്താം ക്ലാസുവരെ ഒല്ലൂർ ഗവ. ഹൈസ്കൂളിലും പഠിച്ചു. പ്രീഡിഗ്രി  തൃശൂർ സെന്റ് തോമസ് കോളേജിലും ബിരുദ പഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുമായിരുന്നു. കുസാറ്റിൽനിന്ന്‌  എംഎസ്‌സി. ഒപ്റ്റാ ഇലക്ട്രോണിക്സിൽ പിഎച്ച്ഡി നേടി. 
എറണാകുളം മഹാരാജാസ് കോളേജ് കെമിസ്ട്രി   അസോ. പ്രൊഫ. ഡോ. കെ എ വനജയാണ് ഭാര്യ. മൂത്തമകൾ അനൂജ അമേരിക്കയിലെ നോർത്ത് ടെക്സാസ് സർവകലാശാലയിലും ഇളയമകൾ അഞ്ജല ബ്രിട്ടനിലെ ലക്സംബർഗ് സർവകലാശാലയിലും ഫിസിക്സ് ഗവേഷക വിദ്യാർഥിനികളാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top