14 August Friday
ഫ്ളാറ്റ് കൊല

യൂത്ത് കോണ്‍ഗ്രസ് നേതാവുൾപ്പെടെ 3 പേർക്ക്‌‌ ജീവപര്യന്തം

സ്വന്തം ലേഖകൻUpdated: Tuesday Jul 14, 2020
തൃശൂർ
തൊഴിൽതേടിയെത്തിയ  യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർക്ക്‌ ജീവപര്യന്തം കഠിനതടവ്‌.  ഷൊർണൂർ  ലതാനിവാസിൽ ബാലസുബ്രഹ്മണ്യന്റെ മകൻ സതീശനെ കൊലപ്പെടുത്തിയ കേസിലാണ്‌ യൂത്ത് കോൺഗ്രസ്  പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന വി എ റഷീദുൾപ്പെടെയുള്ളവർക്ക്‌   ജീവപര്യന്തം  കഠിനതടവ് വിധിച്ചത്‌‌ . മൂന്നുപ്രതികളും കൂടി 9,25,000 രൂപ പിഴയടയ്‌ക്കണം. ഈ സംഖ്യ കൊല്ലപ്പെട്ട സതീശന്റെ കുടുംബത്തിന്‌ നഷ്ടപരിഹാരമായി നൽകണം. മൂന്നുമാസത്തിനകം  തുക നൽകിയില്ലെങ്കിൽ പ്രതികളുടെ സ്വത്തുക്കളിൽനിന്നും  വസൂലാക്കൽ നടപടി സ്വീകരിക്കാനും  തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ്  കോടതി ജഡ്ജി കെ ആർ മധുകുമാർ വിധിച്ചു.  
 ഒന്നാംപ്രതി  കൊടകര വാസുപുരം മാങ്ങാറിൽ വീട്ടിൽ കൃഷ്ണപ്രസാദ്, രണ്ടാംപ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ  വാസുപുരം വെട്ടിക്കൽ  റഷീദ്, മൂന്നാംപ്രതി റഷീദിന്റെ കാമുകി  തൈക്കാട് വല്ലിശേരി വീട്ടിൽ  ശാശ്വതി   എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചത്. നാലാംപ്രതി  ഡ്രൈവർ രതീഷിന്‌ ഒന്നരവർഷവും  എട്ടാംപ്രതി സുജീഷിന്‌ ഒരുവർഷവും തടവ്‌ വിധിച്ചു. ഒന്നാംപ്രതി 25,000 രൂപയും രണ്ടാംപ്രതി ആറുലക്ഷംരൂപയും മുന്നാംപ്രതി മൂന്നുലക്ഷംരൂപയും നഷ്ടപരിഹാരം നൽകണം.  
 2016 മാർച്ച്  മൂന്നിന് അയ്യന്തോൾ പഞ്ചിക്കൽ   പിനാക്കിൾ ഫ്ലാറ്റിലായിരുന്നു സംഭവം.   സതീശന്  ആലുവ തിരു– കൊച്ചി സഹ. ബാങ്കിൽ ജോലി ശരിയാക്കാമെന്ന  റഷീദിന്റെ വാക്കു വിശ്വസിച്ച്‌   സതീശൻ  റഷീദിന്റെ ഫ്ലാറ്റിലെത്തി.  ഫ്ലാറ്റ് അധോലോക കേന്ദ്രമാണെന്നറിഞ്ഞു. വിവരം സുഹൃത്തിനെ ഫോണിൽ അറിയിച്ചു. ഇതിൽ പ്രകോപിതനായ റഷീദും സംഘവും സതീശനെ കൊലപ്പെടുത്തുകയായിരുന്നു. ഭക്ഷണവും വെള്ളവും നൽകാതെ ബാത്ത്റൂമിൽ മൂന്നുദിവസം പൂട്ടിയിട്ട്‌ മർദിച്ചു.  സതീശനെക്കൊണ്ട്  മൂത്രം   കുടിപ്പിച്ചു. കൊലപാതകം ക്രൂരമാണെന്നും വധശിക്ഷ നൽകണമെന്നും  പ്രോസിക്യൂഷൻ വാദിച്ചിരുന്നു. 
കേസിൽ ഏഴാംപ്രതിയും  കെപിസിസി സെക്രട്ടറിയുമായിരുന്ന എം ആർ രാംദാസ്, 5, 6  പ്രതികളായ ബിജു, സുനിൽ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു.  
തൃശൂർ വെസ്‌റ്റ്‌ സിഐയും നിലവിൽ എസിപിയുമായ   വി കെ രാജുവാണ്   കേസന്വേഷിച്ചത്‌. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിനു വർഗീസ് കാച്ചപ്പിള്ളി, അഡ്വ. സജി ഫ്രാൻസിസ് ചുങ്കത്ത്, ജോഷി പുതുശേരി  എന്നിവർ ഹാജരായി. സതീശന്റെ അച്ഛൻ ബാലസുബ്രഹ്മണ്യവും സഹോദരി ബബിതയും വിധി കേൾക്കാനെത്തിയിരുന്നു. പ്രതികൾക്ക്‌ ശിക്ഷ ലഭിച്ചതിൽ  സന്തോഷമുള്ളതായി വീട്ടുകാർ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top