03 August Tuesday

ജീവനേകാൻ ജാഗ്രതയോടെ

സ്വന്തം ലേഖകൻUpdated: Monday Jun 14, 2021

ജീവൻ രക്ഷാ ഉപകരണങ്ങളുമായി ജാഗ്രതാ അഴീക്കോട് പ്രവർത്തകർ

 
കൊടുങ്ങല്ലൂർ
രക്ഷകരാകാൻ വീണ്ടും ‘ജാഗ്രത അഴീക്കോട്’ പ്രവർത്തകർ ഒരുങ്ങുന്നു. ഒരു വ്യാഴവട്ടത്തിലേറെയായി ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഇവർ മത്സ്യത്തൊഴിലാളികളടക്കമുള്ള സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി  രക്ഷാപ്രവർത്തനത്തിനുള്ള സന്നാഹമൊരുക്കുകയാണ്. ഒപ്പം കിടപ്പുരോഗികൾക്കായി ഓക്സിജൻ സിലിണ്ടറുകൾ കട്ടിൽ, വീൽചെയർ ,വാക്കർ, എയർ ബെഡ് എന്നിവയും സംഘടിപ്പിച്ച്‌ രോഗികൾക്ക് താങ്ങാവുന്നു.
2012 ൽ അഴീക്കോട് പുഴയിൽ വീണ കാറിൽനിന്നും നാലുപേരെ രക്ഷപ്പെടുത്തിയാണ് ജാഗ്രത അഴീക്കോട് സാഹസിക രക്ഷാദൗത്യം ഏറ്റെടുക്കുന്നത്. അന്ന് ഇരുപത്തഞ്ചടിയിലേറേ താഴ്ചയിൽ കുത്തൊഴുക്കുള്ള കാഞ്ഞിരപ്പുഴയിൽനിന്ന് രാത്രിതന്നെ കാർ  പൊക്കിയെടുത്തു. നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
കടലോര ജാഗ്രതാ സമിതി, അഴീക്കോട് കോസ്റ്റൽ പൊലീസ്, ഫിഷറീസ്, ഫയർ ഫോഴ്സ് മറ്റു സംഘടനകൾ തുടങ്ങിയവരുമായി സഹകരിച്ചുകൊണ്ട് എറണാകുളം മുതൽ നിലമ്പൂർ വരെയുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട് 2018ലെ മഹാപ്രളയത്തിൽ ആദ്യം കൊട്ടവഞ്ചിയിറക്കിയും പിന്നീട്  വള്ളങ്ങളിലും രക്ഷാപ്രവർത്തനം തുടങ്ങിയതും ഈ സംഘമാണ്. മുപ്പത് വള്ളങ്ങളിലെത്തി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽനിന്ന് ജാഗ്രത അഴീക്കോട് പ്രവർത്തകർ രക്ഷപ്പെടുത്തിയത് 12,773 പേരെയാണ്. കരുവന്നൂർ പാലത്തിനടുത്തെ ഫാമിൽ ചത്തൊടുങ്ങിയ 350 പന്നികളെ വെള്ളത്തിൽനിന്നെടുത്ത് സംസ്കരിച്ചതും ഇവരാണ്.  കവളപ്പാറ ദുരന്തത്തിൽ മരണപ്പെട്ടവരുടെ പതിമൂന്ന് ശരീരങ്ങൾ ആറ് ദിവസത്തിനുശേഷം കണ്ടെടുത്തു.  എറിയാട് എടവിലങ്ങ് ഭാഗത്തുണ്ടായ രൂക്ഷമായ കടലേറ്റത്തിൽ കിടപ്പുരോഗികളെ ഡിങ്കിയുപയോഗിച്ച് രക്ഷപ്പെടുത്തി. വളണ്ടിയർ കാപ്റ്റൻ ഹാരിസ്, അഷറഫ് പൂവ്വത്തിങ്കൽ, സിദ്ദിക്‌ ചാലിൽ, പി എച്ച് റഹീം ഹമീദ് മൂൺ റൈസ്, എം എസ് ഗോപി തുടങ്ങിയവരാണ് ജാഗ്രത അഴീക്കോടിന് നേതൃത്വം നൽകുന്നത്. 16ന്  മന്ത്രി സജി ചെറിയാൻ അഴീക്കോടെത്തുമ്പോൾ രക്ഷാസംവിധാനങ്ങളുടെ സമർപ്പണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top