23 July Tuesday
ക്യാമ്പുകളില്‍ 734 പേര്‍

ദുരിതമൊഴിയാതെ തീരം

സ്വന്തം ലേഖകൻUpdated: Friday Jun 14, 2019

കനത്ത വെള്ളക്കെട്ടിനെത്തുടർന്ന്‌ തളിക്കുളം അറപ്പത്തോട് തുറന്നുവിടുന്നു

 

 
 
തൃശൂർ
ജില്ലയിൽ കനത്ത മഴ തുടരുന്നു. കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലാണ് മഴക്കെടുതിയും കടൽക്ഷോഭവും ഏറ്റവും രൂക്ഷം. അഞ്ച‌് വീടുകൾ തകർന്നുവീണു. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. വ്യാഴാഴ്ച രാവിലെമുതൽ ശക്തമായ മഴയാണ് പെയ്തത്.  വൈകിട്ടോടെ കടൽക്ഷോഭവും രൂക്ഷമായി. 
കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ വ്യാഴാഴ്ച മൂന്ന് ക്യാമ്പുകളിലായി 734 പേരാണ് കഴിയുന്നത്. കൊടുങ്ങല്ലൂർ താലൂക്കിലെ രണ്ട് ക്യാമ്പുകളിൽ 196 കുടുംബങ്ങളിലായി 676 പേരും ചാവക്കാട് താലൂക്കിലെ ക്യാമ്പിൽ 23 കുടുംബങ്ങളിലായി 58 പേരുമാണുള്ളത്. കൊടുങ്ങല്ലൂർ താലൂക്കിൽ കടൽക്ഷോഭം രൂക്ഷമായ എറിയാട് വില്ലേജിൽ മാത്രം ക്യാമ്പിൽ 162 കുടുംബങ്ങളുണ്ട്. 362 പുരുഷന്മാരും 179 സ്ത്രീകളും 39 കുട്ടികളുമടക്കം 580 പേരാണ് ഇവിടെയുള്ളത്. മറ്റൊരു ക്യാമ്പായ എടവിലങ്ങിൽ 34 കുടുംബങ്ങളിലായി 41 പുരുഷന്മാരും 33 സ്ത്രീകളും 22 കുട്ടികളുമടക്കം 96 പേരാണ് കഴിയുന്നത്. 
എറിയാട് കെവി എച്ച്എസിലും എടവിലങ്ങ് കാര സെന്റ് ആൽബനയിലും വാടാനപ്പള്ളിയിൽ കോട്ടകടപ്പുറം ജിഎഫ് യുപിഎസിലുമാണ് ക്യാമ്പ്. കഴിഞ്ഞ ദിവസം 313 കുടുംബങ്ങളിലെ 1144 പേരാണ് ഈ മൂന്ന് ക്യാമ്പുകളിലായി ഉണ്ടായിരുന്നത്.
അഴീക്കോട്, എറിയാട്, വാടാനപ്പള്ളി, എടത്തിരിത്തി എന്നിവിടങ്ങളിലായാണ് അഞ്ചു വീടുകൾ തകർന്നത്. കടൽവെള്ളം അടിച്ചുകയറി വീടിനുള്ളിലേക്ക് മണൽ കയറി നിരവധി വീടുകൾ വാസയോഗ്യമല്ലാതായി.
കേരള തീരത്ത് മൂന്ന‌ുമുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു. വെള്ളിയാഴ‌്ച രാത്രി 11.30 വരെ കാസർകോടുമുതൽ വിഴിഞ്ഞംവരെയുള്ള, തീരത്തോട് ചേർന്ന  പ്രദേശത്താണ് ഉയർന്ന തിരമാലയ‌്ക്ക് സാധ്യത. വേലിയേറ്റ സമയമായ രാവിലെ ഏഴുമുതൽ പത്തുവരെയും രാത്രി ഏഴുമുതൽ എട്ടുവരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. തീരദേശ വാസികൾ ജാഗ്രത പാലിക്കണം. പടിഞ്ഞാറ് നിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിച്ചു. 
വെള്ളക്കെട്ടിനെ തുടർന്ന് തളിക്കുളം തമ്പാൻകടവ് അറപ്പത്തോട് തുറന്നു. മണ്ണുനീക്കിയന്ത്രം ഉപയോഗിച്ച് മൺതിട്ട നീക്കിയാണ് തോട് തുറന്നത‌്.
പ്രധാന വാർത്തകൾ
 Top