17 July Wednesday
ഇ എം എസ് സ്മൃതിക്ക് പ്രൗഢ തുടക്കം

ആശയസമരങ്ങൾ ശക്തിപ്പെടുത്തണം

സ്വന്തം ലേഖകൻUpdated: Friday Jun 14, 2019

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ടി ആർ ചന്ദ്രദത്തിന്റെ ഭാര്യ പത്മാവതി, പ്രൊഫ. എം മുരളീധരന്റെ ഭാര്യ സരള എന്നിവർക്ക്‌ ആദ്യപ്രതി നൽകി ഇ എം എസ് സ്മൃതി സ്മരണിക പ്രകാശനം ചെയ്യുന്നു

 

തൃശൂർ 

ആശയസമരങ്ങൾ ശക്തിപ്പെടുത്തിയും ജനങ്ങൾക്കിടയിലുള്ള പ്രവർത്തനങ്ങൾ വിപുലമാക്കിയും ഇടതുപക്ഷ നേതൃത്വത്തിൽ  വിശാല ജനകീയ ഐക്യം കെട്ടിപ്പടുക്കാനുള്ള ആഹ്വാനത്തോടെ ഇ എം എസ് സ്മൃതി 2019ന്  പ്രൗഢമായ സമാരംഭം. തെരഞ്ഞെടുപ്പിനുശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ പുതിയ വെല്ലുവിളികളെ വർഗസമരത്തിലൂന്നിയ പ്രവർത്തനങ്ങൾകൊണ്ട് അതിജീവിക്കാനാകുമെന്ന‌് ദേശീയ സെമിനാർ ചൂണ്ടിക്കാട്ടി. ഇ എം എസിന്റെ  രാഷ്ട്രീയ കാഴ്ചപ്പാടുകൾ  സാക്ഷാൽക്കരിക്കാൻ ലക്ഷ്യമിടുന്ന ഇടതുപക്ഷ രാഷ്ട്രീയ, തുടർവിദ്യാഭ്യാസ  പരിപാടിയായ  ഇ എംഎസ് സ്മൃതിയുടെ  ഈടുറ്റ സംവാദവേദി കൂടിയായി മാറി. 

തൃശൂർ കോസ്റ്റ്ഫോർഡിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇ എം എസ് സ്മൃതിയുടെ 21ാമത് പതിപ്പ്  റീജണൽ തിയറ്ററിൽ  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.  സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി.  പ്രൊഫ. പ്രഭാത് പട്നായിക‌് മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ വർഷം "മാർക്സിസവും ശാസ്ത്ര സാങ്കേതിക വിദ്യകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച  ഇ എം എസ് സ്മൃതിയെ ആസ്പദമാക്കിയുള്ള സ്മരണികയുടെ പ്രകാശനം സീതാറാം യെച്ചൂരി നിർവഹിച്ചു. 

കോസ്റ്റ്ഫോർഡ് ഡയറക്ടറായിരുന്ന ടി ആർ ചന്ദ്രദത്തിന്റെ ഭാര്യ പത്മാവതിയും പ്രൊഫ. എം മുരളീധരന്റെ ഭാര്യ സരളയും സ്മരണിക ഏറ്റുവാങ്ങി. സ‌്മൃതിയുടെ ശക്തിയും പ്രചോദനവുമായിരുന്ന ദത്ത് മാഷ്ക്കും  മുരളി മാഷ്ക്കും  സെമിനാർ പ്രണാമമർപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അന്തരിച്ച ഗിരീഷ് കർണാട്, അന്നമനട പരമേശ്വര മാരാർ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചു. ഡോ. എം എൻ സുധാകരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രൊഫ. ഇ രാജൻ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ ആർ ബാലൻ, പി കെ ബിജു, കെ ചന്ദ്രൻപിള്ള, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ  എന്നിവർ സന്നിഹിതരായി. സംഘാടക സമിതി ചെയർമാൻ കെ രാധാകൃഷ്ണൻ സ്വാഗതവും എ സിയാവുദ്ദീൻ നന്ദിയും പറഞ്ഞു. 

"ജനാധിപത്യം സമത്വം, ജാതി' എന്ന സെഷനിൽ  ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്  അധ്യക്ഷനായി.  ഡോ. സുനിൽ പി ഇളയിടംഡോ. മീര വേലായുധൻ എന്നിവർ വിഷയാവതരണം നടത്തി. കോസ്റ്റ്ഫോർഡ് ഡയറക്ടർ വി എൻ ജിതേന്ദ്രൻ സ്വാഗതവും ഡോ. കാവുമ്പായി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. 

വെള്ളിയാഴ്ച  രാവിലെ 9.30ന് "ജനാധിപത്യവും ലിംഗപദവി മാനങ്ങളുംഎന്ന സെഷനിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി വിഷയം അവതരിപ്പിക്കും. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനാകും. മന്ത്രി കെ കെ ശൈലജ, ഡോ. ഇഷിത മുഖർജി, മേരി തോമസ്, വിജയരാജ മല്ലിക എന്നിവർ സംസാരിക്കും.  പകൽ രണ്ടിന് "ജനാധിപത്യവും ന്യൂനപക്ഷങ്ങളും എന്ന സെഷനിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി വിഷയം അവതരിപ്പിക്കും. 

മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും. സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം  ബിനോയ് വിശ്വം എംപി, ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. കെ എം സീതി  എന്നിവർ സംസാരിക്കും.

 

പ്രധാന വാർത്തകൾ
 Top