15 October Tuesday

പ്രതിസന്ധികളെ മറികടക്കാൻ വർഗസമരം ശക്തിപ്പെടുത്തണം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

 

തൃശൂർ

ആശയസംവാദവും വർഗസമരവും ശക്തിപ്പെടുത്തി മാത്രമേ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനാവൂയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇ എം എസ് സ്മൃതി  ദേശീയ രാഷ്ട്രീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ, മതനിരപേക്ഷ ശക്തികൾക്കുണ്ടായ തിരിച്ചടി താൽക്കാലികം മാത്രമാണ്. ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നും അവരുടെ പ്രശ്നങ്ങൾ പഠിച്ചും  പാഠങ്ങൾ ഉൾക്കൊണ്ടും നഷ്ടപ്പെട്ട ജനസ്വാധീനം വീണ്ടെടുക്കും. ഏത‌്  പ്രതിസന്ധിയെയും മറികടക്കാൻ  ഇ എം എസ് തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. 

സ്വാതന്ത്ര്യസമരമൂല്യങ്ങളെ തകർക്കുന്ന പ്രവർത്തനങ്ങളാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കഴിഞ്ഞ അഞ്ചുവർഷവും നടത്തിയത്. ഇപ്പോഴതിനു തുടർച്ചയുമുണ്ടായി. സ്വാതന്ത്ര്യം, മതേതരത്വം, സമത്വം, സാഹോദര്യം, ലിംഗനീതി തുടങ്ങിയ ആശയങ്ങളെ വലതുപക്ഷ, വർഗീയശക്തികൾ ഇല്ലാതാക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദു ഇന്ത്യ, മുസ്ലിം ഇന്ത്യ തുടങ്ങിയ പിന്തിരിപ്പൻ ആശയങ്ങൾ ഉയർന്നിരുന്നു. വിഭജനത്തോടെ പാകിസ്ഥാൻ മുസ്ലിം രാജ്യമായപ്പോൾ ഇന്ത്യ മതേതര രാജ്യമായത് ഇന്ത്യയുടെ ജൈവപരമായ സവിശേഷതകൊണ്ടായിരുന്നു. ഇത്രയേറെ വൈവിധ്യങ്ങളുള്ള ഒരു രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്നത് മതേതരത്വമാണ്. വർഗീയ ഭരണം സാമൂഹ്യനീതി നിഷേധം ശക്തമായി തുടരുന്നു. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താനാണ് വർഗീയവാദികൾ ശ്രമിക്കുന്നത്. ജാതിവ്യവസ്ഥ തിരിച്ചുകൊണ്ടുവരാനും  ശ്രമിക്കുന്നു.  ഇന്ത്യൻ ദേശീയതയെ ഹൈന്ദവ ദേശീയതയായും ഭാരതീയ ദർശനത്തെ ഹിന്ദുത്വ ദർശനമായും ശാസ്ത്രബോധത്തെ അന്ധവിശ്വാസമായും വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.  ഇതിനെ മറികടക്കാൻ ആശയസംവാദം ശക്തിപ്പെടുത്തുകയാണ‌് പരിഹാരം.  അതിന് ശാസ്ത്രബോധവും സാമൂഹ്യബോധവും ശക്തിബോധവുമുള്ള ജനതയെ വാർത്തെടുക്കണം. 

ഈ സാഹചര്യം തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തം വർധിപ്പിക്കുന്നു. ജനകീയ ഐക്യവും വർഗപരമായ ഐക്യവും ശക്തിപ്പെടണം. തൊഴിലാളി, കർഷകാദികളുടെ വർഗസമരത്തിന്റെ സൃഷ്ടിയായിരുന്നു ഒന്നാം ഇ എം എസ് സർക്കാർ. സാമ്രാജ്യത്വ, ജന്മിത്ത, മുതലാളിത്തവിരുദ്ധ പ്രക്ഷോഭത്തിന്റെ വിജയംകൂടിയായിരുന്നു അത്.  ഇനിയും ഈ  രീതിയിലുള്ള  പോരാട്ടങ്ങൾക്കു മാത്രമേ  മതേതരത്വവും സമത്വവും ലിംഗനീതിയും ജനാധിപത്യവും സംരക്ഷിക്കാൻ കഴിയൂ  യെച്ചൂരി പറഞ്ഞു. 

 

പ്രധാന വാർത്തകൾ
 Top