29 May Friday

ചാലക്കുടി പറഞ്ഞു, വീണ്ടും ഇന്നസെന്റ‌്

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
അങ്കമാലി
മൂന്നാംവട്ട പൊതുപര്യടനവും ശനിയാഴ‌്ച അവസാനിച്ചതോടെ ചാലക്കുടി ഒന്നുറപ്പിച്ചു. രണ്ടാമൂഴവും ഇന്നസെന്റുതന്നെ. കഴിഞ്ഞ അഞ്ചുവർഷ വികസനത്തിന്റെയും ഇടപെടലുകളുടെയും ജനകീയ അംഗീകാരമായിരുന്നു മണ്ഡലത്തിലാകെ ലഭിച്ച നിറഞ്ഞ സ്വീകരണങ്ങൾ. ഉരുകുന്ന വെയിലും ചൂടും അവഗണിച്ചാണ‌് നൂറുകണക്കിനുപേർ സ്വീകരണസമ്മേളനങ്ങളിൽ എത്തിയത‌്.  ജനകീയാവശ്യം തിരിച്ചറിഞ്ഞ‌് വികസനം നടപ്പാക്കിയ ജനനായകനെ സ‌്ത്രീക‌ളും കുട്ടികളും പുഷ‌്പവൃഷ‌്ടി നടത്തിയും കൊന്നപ്പൂക്കുലകൾ നൽകിയും സ്വീകരിച്ചു.  21 ദിവസംകൊണ്ട് ആയിരത്തിലേറെ കേന്ദ്രങ്ങളിലാണ് തുറന്ന വാഹനത്തിലൂടെ ഇന്നസെന്റ് എത്തിയത്. ഇരുനൂറിലേറെ പരിപാടികളിൽ അദ്ദേഹം സംസാരിച്ചു. 
ശനിയാഴ‌്ച മുൻ നിശ‌്ചയിച്ചതിലും അരമണിക്കൂർ നേരത്തെ  അങ്കമാലി ടെൽക‌് തൊഴിലാളികളെ സന്ദർശിച്ചാണ് ഇന്നസെന്റ് ശനിയാഴ‌്ച രാവിലെ പര്യടനം ആരംഭിച്ചത്. അന്തരിച്ച ഡോ. ഡി ബാബു പോളിനെ അനുസ‌്മരിച്ചായിരുന്നു സംസാരം ആരംഭിച്ചത‌്. വർഷങ്ങൾക്കുമുമ്പ് മുൻപരിചയമില്ലാതിരുന്നിട്ടും തന്റെ രോഗവിവരമറിഞ്ഞ് ബാബു പോൾ തന്നെ സന്ദർശിച്ചത‌് അദ്ദേഹം ഓർമിച്ചു. കാണാൻ വന്നപ്പോൾ രോഗത്തെക്കുറിച്ച‌് ഒന്നും  ചോദിക്കാതെ തമാശകളും നല്ല കാര്യങ്ങളും മാത്രം പറഞ്ഞ് ധൈര്യവും ആത്മവിശ്വാസവും പകർന്നാണ് അദ്ദേഹം പോയത്. എല്ലാ കാര്യങ്ങളിലും അഗാധമായ അറിവും മനുഷ്യസ്‌നേഹവും നർമബോധവുമുണ്ടായിരുന്ന ആളായിരുന്നു ബാബു പോളെന്ന് ഇന്നസെന്റ് അനുസ്മരിച്ചു.
ടെൽക്കിൽനിന്ന് ചമ്പന്നൂർ പാറപ്പുറത്തെത്തിയപ്പോൾ ഇന്നസെന്റിനെ കാത്തുനിന്നവരിൽ തൊണ്ണൂറ്റിയാറു-കാരിയായ ഭരണിക്കുളങ്ങര ത്രേസ്യാക്കുട്ടിയും ഉണ്ടായിരുന്നു. ത്രേസ്യാക്കുട്ടി വന്ന് കൈ പിടിച്ചപ്പോൾ ഇന്നസെന്റ് വികാരധീനനായി. വന്ദ്യവയോധികരുടെ അനുഗ്രഹം താൻ ഏറെ വിലമതിക്കുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യരംഗത്ത് നടത്തിയ പ്രവർത്തനങ്ങളാണ് പലരും എടുത്തു പറയുന്നത്. മണ്ഡലത്തിലെ അഞ്ച് താലൂക്ക് ആശുപത്രികളിൽ മാമോഗ്രാം സ്ഥാപിക്കാനായത് വലിയ നേട്ടമായി.അങ്കമാലി മണ്ഡലത്തിലെ പര്യടനം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പി പത്രോസ് ഉദ്ഘാടനം ചെയ്തു. അങ്കമാലി സൗത്ത‌് മേഖലയിലെ പര്യടനം വേങ്ങൂർ –-കിടങ്ങൂർ റോഡിൽനിന്നാണ‌് ആരംഭിച്ചത‌്. കാഴ‌്ച പരിമിതിയുള്ള റിട്ട. ജയിൽ സൂപ്രണ്ട‌് സുരേന്ദ്രനാഥും കുടുംബവും ഇവിടെ സ്ഥാനാർഥിയെ സ്വീകരിക്കാൻ എത്തി. അങ്കമാലി മുനിസിപ്പാലിറ്റിയിലെ നോർത്ത‌്, സൗത്ത‌് മേഖലകളിലും പാറക്കടവ‌് പഞ്ചായത്തിലെ പുളിയനം, പാറക്കടവ‌് മേഖലകളിലും സ്ഥാനാർഥി  തുറന്ന ജീപ്പിൽ പര്യടനം നടത്തി. 
അമ്പത്തിയഞ്ചോളം കേന്ദ്രങ്ങളിലെത്തിയ ഇന്നസെന്റ‌് ജനകീയ മനസ്സുകളുടെ ഉൾത്തുടിപ്പ‌് ഏറ്റുവാങ്ങി. വെള്ളരിയും മത്തങ്ങയും ഏത്തക്കുലകളും നൽകി ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർഥിക്ക‌് സമ്മാനിച്ചു. അഡ്വ. ജോസ് തെറ്റയിൽ, എൽഡിഎഫ് അങ്കമാലി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി ബി രാജൻ, സെക്രട്ടറി അഡ്വ. കെ കെ ഷിബു, സിപി ഐ എം ജില്ലാ കമ്മിറ്റി അംഗം പി ജെ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. 
ചമ്പന്നൂർ സൗത്ത‌്, എരപ്പോട‌്, പീച്ചാനിക്കാട‌്, വെള്ളിലപ്പൊങ്ങ‌്, കല്ലുപാലം തുടങ്ങിയ സ്ഥലങ്ങളിലും  ഊഷ‌്മള വരവേൽപ്പ‌് ലഭിച്ചു. 
കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിനു കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ ടെക്‌നോളജി സെന്റർ അങ്കമാലിയിൽ നിർമാണമാരംഭിക്കാൻ കഴിഞ്ഞതാണ് ഈ നിയമസഭാ മണ്ഡലത്തിലെ വൻനേട്ടമെന്ന് സമാപനവേദിയിൽ ഇന്നസെന്റ് പറഞ്ഞു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് സാങ്കേതികവിദ്യയും സഹായങ്ങളും നൽകാൻ ലക്ഷ്യമിട്ടുള്ള 200 കോടി മുതൽമുടക്കുള്ള ഈ പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാകും. കവരപ്പറമ്പ‌് ചെമ്പായി കവലയിൽ ആവേശോജ്വല സ്വീകരണമാണ‌് ഇന്നസെന്റിന‌് ലഭിച്ചത‌്‌. നായത്തോട‌് സ‌്കൂൾ കവലയിലും സ്വീകരണം നൽകി. 
ഉച്ചയ‌്ക്ക‌് ശേഷം കുറുകുറ്റി തെക്കൻ മേഖലയിലെ എട്ട‌് കേന്ദ്രങ്ങൾ സന്ദർശിച്ചു. കരായാംപറമ്പ‌ിൽ നിന്നാരംഭിച്ച‌് മണിയംകുടി, ഞാലുകര, പാറപ്പുറം, മലയാരംകുന്ന‌് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. പുളിയനം മേഖലയിലെ സ്വകീരണം മാമ്പ്ര അസീസി നഗറിൽ നിന്നാരംഭിച്ച‌് മാമ്പ്ര ഗാന്ധി നഗർ, പുളിയനം ജങ‌്ഷൻ എന്നിവിടങ്ങൾ പിന്നിട്ട‌് വട്ടമ്പപറമ്പിൽ സമാപിച്ചു. പാറക്കടവ‌് മേഖലയിലെ സ്വകീരണം കരിപ്പാശേരിയിൽ തുടങ്ങി കുറുമശേരിയിൽ സമാപിച്ചു.
ഞായറാഴ‌്ച മുതൽ ഇന്നസെന്റ് വീണ്ടും സ്ഥാപനങ്ങളും വ്യക്തികളേയും സന്ദർശിക്കും. ഞായറാഴ‌്ച കൊടുങ്ങല്ലൂരും കയ്പമംഗലത്തുമാണ്  സന്ദർശനം.
പ്രധാന വാർത്തകൾ
 Top