കൊടുങ്ങല്ലൂർ
പുല്ലൂറ്റ് കോഴിക്കടയിലെ നാലംഗ കുടുംബത്തിന്റെ കൂട്ടമരണം സംബന്ധിച്ച് സൈബർ സെല്ലിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. മരിച്ച വിനോദിന്റെയും, രമയുടെയും മൊബൈൽ ഫോണുകൾ സൈബർസെല്ലിന്റെ പരിശോധനയിലാണ്. മരണ ദിവസവും അതിനു മുമ്പും വിളിച്ച കോളുകൾ മുൻ നിർത്തിയാണ് അന്വേഷണം.
വിനോദും രണ്ട് മക്കളും മരിച്ച് 24 മണിക്കൂറിന് ശേഷമാണ് രമ മരിച്ചെതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
ഇത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്. ഇതിനിടെ വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിലെ കൈയക്ഷരം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുസ്തകങ്ങളും മറ്റ് രേഖകളും പരിശോധിച്ചു. ‘എല്ലാവരോടും മാപ്പ്, തെറ്റ് ചെയ്തവർക്ക് മാപ്പില്ല’ എന്നാണ് തുണ്ടുകടലാസിൽ എഴുതിയിരുന്നത്.
രമ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചു. 18 വർഷം മുമ്പ് ജോലി ചെയ്തിരുന്ന കടയിൽ രണ്ട് മാസം മുമ്പാണ് രമ വീണ്ടും ജോലിക്കെത്തിയത്.
രമയുടെ സ്വഭാവത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് പുല്ലൂറ്റ് കോഴിക്കടയിലെ വീടിനുള്ളിൽ തൈപറമ്പത്ത് വിനോദ്, ഭാര്യ രമ രണ്ടു മക്കൾ എന്നിവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..