26 March Tuesday

ഫുട്ബോളിന്റെ പ്രതാപം തിരിച്ചുപിടിക്കും: ഇ പി ജയരാജന്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019
തൃശൂർ
കേരളത്തിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ ഫുട്ബോൾ ടീമുകൾ രൂപീകരിക്കുമെന്ന്  മന്ത്രി ഇ പി ജയരാജൻ. സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപന മേധാവികൾക്കും ബന്ധപ്പെട്ടവർക്കും ഫുട്ബോൾ ടീമുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് നിർദേശം നൽകിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫീസ്, അക്വാറ്റിക് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാൻ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഏഴ‌് മുതൽ 12 വയസ്സുവരെയുള്ള 25 കുട്ടികളെ വീതം ഫുട്ബോൾ പരിശീലനത്തിനായി തെരഞ്ഞെടുത്ത് പരിശീലനം നൽകും. ഏതാനും ജില്ലകളിൽ ഇതിനകം പദ്ധതി തുടങ്ങിക്കഴിഞ്ഞു. ഭക്ഷണവും താമസവും ഉൾപ്പെടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുക. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയികളായ കായിക താരങ്ങൾക്ക് തൊഴിൽ ഉറപ്പ് വരുത്തും. 147 പേർക്ക് ഇതിനകം തൊഴിൽ ലഭ്യമാക്കി. 249 പേരുടെ ലിസ്റ്റ് പരിഗണനയിലാണ്. മുഴുവൻ പേർക്കും സർക്കാർ തൊഴിൽ നൽകും. ഒളിമ്പിക്സ് ലക്ഷ്യമാക്കി 11പേരെ തെരഞ്ഞെടുത്ത് അന്താരാഷ്ട്രനിലവാരത്തിലുള്ള കായിക പരിശീലനം നൽകി വരികയാണെന്നും മന്ത്രി പറഞ്ഞു.
കെഎഫ്എ വൈസ് പ്രസിഡന്റ് കെ പി സണ്ണി അധ്യക്ഷനായി. എ എസ് കുട്ടി, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ‌് വിൻസെന്റ് കാട്ടൂക്കാരൻ, സി സുമേഷ്, അനിൽകുമാർ, കൗൺസിലർ കെ മഹേഷ്, ആന്റണി റാഫേൽ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top