29 January Saturday

ശിശുക്ഷേമ സമിതി 
ചിത്രരചനാ മത്സരം 22ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
തൃശൂർ
ശിശുക്ഷേമ സമിതി ദേശീയ ചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാ തല മത്സരം 22ന്‌ ചെമ്പൂക്കാവിലെ ജവഹർ ബാലഭവനിൽ നടക്കുമെന്ന്‌  ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ജനറൽ, ഭിന്നശേഷി വിഭാഗങ്ങളിലായി നടക്കുന്ന മത്സരം രാവിലെ 10 മുതൽ 12 വരെയാണ്‌. ജനറൽ വിഭാഗത്തിൽ അഞ്ചു വയസ്സു മുതൽ ഒമ്പതുവരെയും 10 വയസു മുതൽ 16 വരെയുമുള്ളവർക്കാണ്‌ മത്സരം. 
ഭിന്നശേഷി വിഭാഗത്തിൽ അഞ്ചു വയസ്സു മുതൽ 10വരെയും 11 വയസ്സു മുതൽ 18 വരെയുള്ളവർക്കുമാണ്‌ മത്സരം. സെറിബ്രൽ പാൾസി–- മൾട്ടിപ്പിൾ ഡിസ്‌എബിലിറ്റി, മെന്റലി ചാലഞ്ചഡ്‌, വിഷ്വലി ഇംപയേഡ്‌, സ്‌പീച്ച്‌–- ഹിയറിങ്‌ ഇംപയേഡ്‌ എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്‌. ഓരോ വിഭാഗത്തിനും വേവ്വേറെ മത്സരം ഉണ്ടായിരിക്കും. ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്‌, 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷി സർട്ടിഫിക്കറ്റ്‌ എന്നീ രേഖകൾ രജിസ്‌ട്രേഷൻ സമയത്ത്‌ നൽകണം. ക്രയോൺ, വാട്ടർകളർ, ഓയിൽകളർ, പേസ്റ്റൽ ഇവയിൽ ഏതെങ്കിലും മീഡിയം ഉപയോഗിക്കാം. ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങൾ ലഭിക്കുന്ന ചിത്രങ്ങൾ സംസ്ഥാന തല മത്സരത്തിന്‌ അയച്ചുനൽകും. 
സംസ്ഥാനതലത്തിൽ  തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ ദേശീയതല മത്സരത്തിന്‌ അയക്കും.  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്‌ 18 വയസ്സുവരെ സ്‌കോളർഷിപ്പും ലഭിക്കും. വാർത്താ സമ്മേളനത്തിൽ ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം എം കെ പശുപതി, ജില്ലാ സെക്രട്ടറി എൻ ഒ ചെല്ലപ്പൻ, ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം ബിന്നി ഇമ്മട്ടി, പി കെ വിജയൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top