04 June Thursday
ലൈഫ്‌ കുടുംബസംഗമങ്ങളിൽ ആഹ്‌ളാദത്തിര

ആ അമ്മയുടെ ആധിയൊഴിഞ്ഞു; സുരക്ഷിത വീടായി

സ്വന്തം ലേഖകൻUpdated: Tuesday Jan 14, 2020

ലൈഫ്‌ മിഷൻവഴി വീട്‌ ലഭിച്ച പ്രമീളയും ജിഷയും

തളിക്കുളം
ഈ അമ്മയ്ക്ക് സമാധാനമായി. മകളെ ഇനി സുരക്ഷിത വീട്ടിലാക്കാം. സർക്കാർ കൈത്താങ്ങേകിയപ്പോൾ ലൈഫ് മിഷനിലൂടെ ഇവർക്ക് സുരക്ഷിതഭവനം ഒരുങ്ങി. ഇതോടെ എടശേരി കോക്കട്ടിൽ പ്രമീളയും കുടുംബവും ആഹ്ളാദത്തിലാണ്. 
പഞ്ചായത്ത്, ബ്ലോക്ക്,  നഗരസഭ, കോർപറേഷൻ തലങ്ങളിലായി ജില്ലയിൽ നടക്കുന്ന ലൈഫ് മിഷൻ ഉപഭോക്താക്കളുടെ കുടുംബസംഗമങ്ങളിൽ ആഹ്ളാദം അലതല്ലുകയാണ്. 
 
 തൊഴിലുറപ്പ് തൊഴിലാളിയായ 62 വയസ്സുകാരി പ്രമീളക്കും മാനസിക വെല്ലുവിളി നേരിടുന്ന   ജിഷയ്ക്കും നല്ലൊരു വീടുണ്ടായിരുന്നില്ല.  അടച്ചുറപ്പില്ലാത്തതും ചോർന്നൊലിക്കുന്നതുമായ  ഓലക്കുടിലായിരുന്നു അന്തിയുറങ്ങിയിരുന്നത്‌.   അതിനാൽ അമ്മക്കെന്നും ആധിയായിരുന്നു.   
 
വാർധക്യത്തിന്റെ അവശതകളിൽ ബുദ്ധിമുട്ടുമ്പോഴും  വീടെന്ന മോഹം നെരിപ്പോടായി എരിഞ്ഞു.  മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന മകളെ സുരക്ഷിതമായി അടച്ചുറപ്പുള്ള വീട്ടിലാക്കി തൊഴിലുറപ്പ് ജോലിക്ക് പോകണമെന്ന   ആഗ്രഹം മാത്രമാണ് ഈ അമ്മക്ക് ഉണ്ടായിരുന്നത്. മകളുടെ സുരക്ഷിതത്വത്തിനായി അന്തിക്കാട് ബഡ്സ് സ്കൂളിലാക്കിയായിരുന്നു ഈ അമ്മ ജോലിക്ക് പോയിരുന്നത്. 
 സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ  വീട് സഫലമായി. 
 
ടൈൽ വിരിച്ച് ഭംഗിയാക്കി അറ്റാച്ച്ഡ് ബാത്ത് റൂമോടുകൂടിയുള്ള വീടാണ് ഇവർക്ക് ലഭിച്ചത്. ജനറൽ വിഭാഗത്തിലായതിനാൽ ആനുകൂല്യം ലഭിക്കാൻ  കടമ്പകളുണ്ടായി. എങ്കിലും ലൈഫ് മിഷൻ സർവേ ലിസ്റ്റിൽ ഉൾപ്പെടുകയായിരുന്നു.  
വീട് നിർമാണത്തിന് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന പ്രമീളക്ക് 90 ദിവസത്തെ തൊഴിൽ ദിനം അനുവദിച്ചു.   ഒരു ദിവസത്തേക്ക് 271 രൂപ വേതനമായി നൽകി. 
തൊഴിൽ ഉറപ്പ് പദ്ധതി മുഖേന ചുമർ നിർമാണത്തിന് ആവശ്യമായ കട്ടയും സിമന്റും പഞ്ചായത്ത് നൽകി. ഇതോടെ  ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാവുകയായിരുന്നു.
 
പ്രധാന വാർത്തകൾ
 Top