13 December Friday
കോര്‍പറേഷനില്‍ 45 കോടിയുടെ പദ്ധതി

കാന ക്ലീന്‍; തൃശൂർ മുങ്ങില്ല

സ്വന്തം ലേഖകന്‍Updated: Wednesday Nov 13, 2019

അരണാട്ടുകരയിൽ നടക്കുന്ന കാനകളുടെ നവീകരണ പ്രവർത്തനം

തൃശൂർ

പ്രളയം പെയ്തിറങ്ങിയാലും തൃശൂർ മുങ്ങാതിരിക്കാൻ 45 കോടിയുടെ കാന നവീകരണം പൂർത്തിയാവുന്നു. ഇതോടൊപ്പം പ്രധാനപാതകളിൽ കാനയ്‌ക്കു മുകളിൽ ഫുട്പാത്തുകളിൽ ടൈൽവിരിച്ച് സ്റ്റീൽ ഹാൻഡിൽ ഘടിപ്പിക്കാൻ 13 കോടിയുടെ പദ്ധതിയുണ്ട്. നഗരഹൃദയത്തിലായി 65 കാനകൾ വൃത്തിയാക്കി സ്ലാബിട്ട് മൂടാനാണ് കോർപറേഷൻ പദ്ധതിയിട്ടത്. ഇതിൽ 44 കാനകളുടെ പണികൾ പൂർത്തിയായി. 40 കിലോമീറ്റർ കാനയിൽ 25 കിലോമീറ്റർ പൂർത്തിയായി. ഇതുമൂലം അടുത്തിടെ കനത്ത മഴപെയ്തിട്ടും നഗരത്തിൽ വെള്ളക്കെട്ട് തടയാനായി. നഗരത്തിൽ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം ലക്ഷ്യമിട്ട് വൻ പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. കിറ്റ്കോയാണ് എസ്റ്റിമേറ്റും പ്രോജക്ടും തയ്യാറാക്കിയത്. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ കൗൺസിലർമാർ നിർദേശിച്ചയിടങ്ങളിലാണ്‌ ലഭ്യമായ ഫണ്ടിൽ കാനകൾ നവീകരിച്ചത്. കോർ സിറ്റിയാണ് മുഖ്യമായും പരിഗണിച്ചത്. പലയിടത്തും റോഡിന് കുറുകെ കൾവർട്ടുകളും നിർമിച്ചു. കാനകൾ സ്ലാബിട്ട് മൂടുന്നതോടെ കൊതുകുശല്യവും കുറയും. പഴയ കാനകളുടെ നവീകരണം നടത്തി നഗരത്തിലെ ജലപാതകൾ വീണ്ടെടുക്കുകയാണ് ലക്ഷ്യം. കാനകളിലെ തടസ്സങ്ങളെല്ലാം നീക്കി വലിയ കനാലുകളിലേക്ക് വെള്ളമെത്തിക്കും. വഞ്ചിക്കുളം, പഞ്ചിക്കൽ തുടങ്ങിയ പാടശേഖരങ്ങളിലേക്കാണ് പ്രധാനമായും വെള്ളമെത്തുക. നഗരത്തിലെ പഴയ പാടശേഖരങ്ങളെല്ലാം നികത്തി വൻകിടക്കാർ കെട്ടിടം നിർമിച്ചിട്ടുണ്ട്‌. ഇതോടെ ജലമൊഴുക്ക്‌ പലയിടങ്ങളിലും തടസ്സപ്പെട്ട്‌ വീടുകളിലേക്ക്‌ വെള്ളം കയറാറുണ്ട്‌. മുനിസിപ്പാലിറ്റി ഉൾപ്പെടെ തുടർച്ചയായ കോൺഗ്രസ്‌ ഭരണത്തിന്റെ വഴിവിട്ട നടപടികളാണ്‌ ഇതിനു വഴിവച്ചത്‌. കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയ ദുരവസ്ഥ തൃശൂരിൽ വരാതിരിക്കാനാണ് കാനകൾ നവീകരിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ശതമാനം കേന്ദ്രസർക്കാർഫണ്ടും 30 ശതമാനം സംസ്ഥാന സർക്കാരും 20 ശതമാനം കോർപറേഷൻ വിഹിതവും ഉപയോഗിച്ചാണ് പ്രവൃത്തികൾ പൂർത്തിയാക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top