05 December Thursday
വലപ്പാട്‌ പിന്നിൽ

ഇരിങ്ങാലക്കുടയുടെ കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019
ചാലക്കുടി
ആറുവർഷത്തെ വലപ്പാട് ഉപജില്ലയുടെ കുത്തക തകർക്കാൻ ഇരിങ്ങാലക്കുടയുടെ കുട്ടികൾ മുന്നോട്ട്. സ്കൂൾ വിഭാഗത്തിൽ അഞ്ചുവർഷത്തെ കിരീടജേതാക്കളായ നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിനെ പിന്നിലാക്കി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നേറ്റം തുടരുകയാണ്. 
ആകെ 96 ഇനങ്ങളിലുള്ള മത്സരങ്ങളിൽ 64 ഇനങ്ങൾ പൂർത്തിയായപ്പോൾ 150 പോയിന്റ് കരസ്ഥമാക്കിയാണ് ഇരിങ്ങാലക്കുടയുടെ തേരോട്ടം. 17 സ്വർണവും  12 വെള്ളിയും  14 വെങ്കലവും ഇതുവരെ ഇരിങ്ങാലക്കുട സ്വന്തമാക്കിക്കഴിഞ്ഞു. 
രണ്ടാം സ്ഥാനത്തുള്ള വലപ്പാട് ഉപജില്ലയ്ക്ക് 89 പോയിന്റ് മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. 12 സ്വർണവും  നാലുവെള്ളിയും ഏഴു വെങ്കലവുമാണ് വലപ്പാടിന്റെ മെഡൽനേട്ടം. 82.50 പോയിന്റുമായി ചാലക്കുടി തൊട്ടുപിന്നാലെയുണ്ട്‌.
സ്കൂൾ വിഭാഗത്തിൽ 14 സ്വർണവും  11 വെള്ളിയും  പത്ത്‌ വെങ്കലവുമായാണ് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 
രണ്ടാം സ്ഥാനത്തുള്ള നാട്ടിക ഫിഷറീസിന് ഒമ്പതു സ്വർണവും  നാല്‌  വെള്ളിയും   മൂന്ന് വെങ്കലവും ലഭിച്ചിട്ടുണ്ട്. 30 പോയിന്റുമായി പന്നിത്തടം കോൺകോഡ് സ്കൂളാണ് മൂന്നാം സ്ഥാനത്ത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്‌ ബുധനാഴ്ച വൈകിട്ട് സമാപിക്കും.
കായിക മേള ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭാ ചെയർമാൻ ജയന്തി പ്രദീപ് അധ്യക്ഷയായി.
തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ ഗീത പതാക ഉയർത്തി. ദേശീയ സ്വർണമെഡൽ ജേതാവ് ആൻസി സോജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ മുഖ്യാതിഥിയായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top