14 October Monday

‘ഇഎംഎസ്‌ സ്‌മൃതിയുണ്ടോ; 
 തൃശൂരിൽ ഞാനെത്തും’

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

2024ലെ ഇ എം എസ്‌ സ്‌മൃതി വേദിയിലേക്ക്‌ യെച്ചൂരി എത്തുന്നു

 തൃശൂർ

അടുത്തവർഷവും  ഇഎംഎസ്‌ സ്‌മൃതിക്ക്‌  ഞാനെത്തും. ഇക്കഴിഞ്ഞ ജൂൺ 13ന്‌  തൃശൂരിലെ ഇഎംഎസ്‌ സ്‌മൃതി ഉദ്‌ഘാടനം  ചെയ്‌ത്‌ മടങ്ങുമ്പോൾ സീതാറാം യെച്ചൂരിയുടെ വാക്കുകൾ ഇതായിരുന്നു.  ചൂഷണ രഹിത സമൂഹത്തിനായുള്ള പോരാട്ടങ്ങൾക്ക്‌ ദിശാബോധം പകരാൻ പ്രത്യയശാസ്‌ത്ര  സംവാദം തുടരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നായിരുന്നു യെച്ചൂരിയുടെ ഓർമപ്പെടുത്തൽ.  അതായിരുന്നു അദ്ദേഹത്തിന്റെ അവസാന തൃശൂർ സന്ദർശനം. ഇഎംഎസ് സ്മൃതി സംഘാടകരായിരുന്ന  ടി ആർ ചന്ദ്രദത്ത്, പ്രൊഫ. എം മുരളീധരൻ എന്നിവരുമായി അഭേദ്യമായ ആത്മബന്ധമായിരുന്നു യെച്ചുരിക്ക്. 
 
കോസ്‌റ്റ്‌ഫോർഡും പുരോഗമന പ്രസ്ഥാനങ്ങളും ചേർന്ന്‌ സംഘടിപ്പിക്കുന്ന  പ്രത്യയശാസ്‌ത്ര  ദേശീയ സെമിനാറാണ്‌   ഇഎംഎസ്‌ സ്‌മൃതി. 2015ൽ  യെച്ചൂരി ജനറൽ സെക്രട്ടറിയായശേഷം എല്ലാ വർഷവും ഇഎംഎസ്‌ സ്‌മൃതി ഉദ്‌ഘാടനത്തിന്‌ അദ്ദേഹം എത്താറുണ്ട്‌.    ഉദ്‌ഘാടനത്തിന്‌ അദ്ദേഹത്തെ ക്ഷണിച്ചാൽ ‘ഷുവർ ഞാനെത്തിയിരിക്കും’  എന്നാകും  മറുപടിയെന്ന്‌   കോസ്‌റ്റ്‌ ഫോർഡ്‌ ഡയറക്ടർ ഡോ. എം എൻ സുധാകരൻ സ്‌മരിച്ചു. 
 
ജനറൽ സെക്രട്ടറിയാകുന്നതിന്‌ മുമ്പും ഇഎംഎസ്‌ സ്‌മൃതിക്ക്‌ പ്രഭാഷണത്തിന്‌ എത്താറുണ്ട്‌. ഏത്‌ വിഷയം പറഞ്ഞാലും സംസാരിക്കാൻ തയ്യാറാവും. ‘സഖാക്കളെ, ക്ഷമിക്കണം, എനിക്ക്‌ മലയാളം അറിയില്ല, ഇംഗ്ലീഷിലാണ്‌ സംസാരിക്കുക’ എന്ന ആമുഖത്തോടെയാണ്‌ തുടക്കം. കടുകട്ടി മാർക്‌സിസ്‌റ്റ്‌ പദാവലികളും ലളിതമാക്കി  ഇംഗ്ലീഷിൽ സംസാരിക്കും. പ്രഭാഷണത്തിന്‌ എത്ര സമയമാണ്‌ അനുവദിച്ചിരിക്കുന്നതെന്ന്‌ ചോദിച്ച്‌ മനസിലാക്കും. കൃത്യസമയത്ത്‌ പ്രഭാഷണം നിർത്തും. മറ്റു പ്രഭാഷകർക്കായി വേദി വിട്ടു നൽകും. വേദിയിലേക്ക്‌ കയറി വരുമ്പോൾ പാർടി പ്രവർത്തകർക്കും കൈ നൽകിയും സെൽഫിയെടുക്കാൻ ഒപ്പം നിന്നും യെച്ചൂരി ആവേശമാകാറുണ്ട‍്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top