25 September Friday

കുന്നംകുളത്ത് സ്ത്രീകൂട്ടായ്മയിൽ മാതൃകാ മാലിന്യ സംസ്‌കരണകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

കുറുക്കൻപാറ കയർസംസ്കരണ പ്ലാന്റിൽ നിന്നും ചകിരിപ്പൊടി വിപണനത്തിനായി കൊണ്ടുപോകുന്നു

കുന്നംകുളം 
നഗരസഭയുടെ കുറുക്കൻപാറ ഗ്രീൻപാർക്ക് മാലിന്യസംസ്‌കരണ സമുച്ചയം ഉദ്ഘാടനത്തിന് സജ്ജമായതോടെ ഇവിടെ ജോലിയെടുക്കുന്ന സ്ത്രീകൂട്ടായ്മയ്ക്ക് അഭിമാനിക്കാൻ ഒട്ടേറെ. നാലു വർഷമായി 80 വനിതകളുടെ നേതൃത്വത്തിലാണ് മാലിന്യശേഖരണത്തിലും സംസ്‌കരണത്തിലും വളം ഉൽപ്പാദനത്തിലുമായി നഗരസഭ പുത്തൻമാതൃക സൃഷ്ടിച്ചത്. സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന വനിതകൾക്കാണ് ഇതിലൂടെ നഗരസഭ വഴികാട്ടിയായത്. ഗ്രീൻപാർക്കിൽ ജൈവവള ഉൽപ്പാദനകേന്ദ്രം, പ്ലാസ്റ്റിക് പെല്ലറ്റൈസിങ് യൂണിറ്റ്, മെറ്റീരിയൽ റിക്കവറി സെന്റർ, ചകിരി ഡിഫൈബറിങ് യൂണിറ്റ്, വാഴ വൈവിധ്യത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയാണുള്ളത്.
മാലിന്യശേഖരണത്തിനും ജൈവവള ഉൽപ്പാദനത്തിനും ചകിരി സംസ്‌കരണത്തിനുമായി കുടുംബശ്രീയിൽ രജിസ്റ്റർചെയ്ത സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. 
2016 ഒക്ടോബർ ആറിനാണ് നിലവിലെ ഭരണസമിതിയുടെ നേതൃത്വത്തിൽ കുറുക്കൻപാറയിൽ ഗ്രീൻ പാർക്ക് മാലിന്യ സംസ്‌കരണ - ജൈവ വള ഉൽപ്പാദന കേന്ദ്രം എന്ന ആശയം രൂപപ്പെടുത്തിയത്. ദുർഗന്ധമില്ലാതെ മാലിന്യം സംസ്‌കരിക്കാനും അതിലൂടെ പരിസ്ഥിതി പ്രശ്നങ്ങൾ ഇല്ലാതാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഐആർടിസി പാലക്കാട് സെന്ററിന്റെ മേൽനോട്ടത്തിൽ മേഖലാ കോ–-ഓർഡിനേറ്റർ മനോജ്‌  നേതൃത്വം നൽകുന്നു. വളം ഉൽപ്പാദന സംഘത്തിലെ ഒരാൾക്ക് പ്രതിമാസം 13750 രൂപയും, ചകിരി സംസ്‌കരണ യൂണിറ്റിലെ അംഗങ്ങൾക്ക് 12,000 രൂപയും സമ്പാദിക്കാനാവുന്നുണ്ട്. മാലിന്യശേഖരണം നടത്തുന്ന ഹരിതകർമസേനയ്ക്ക് വീടൊന്നിന് 60 രൂപയാണ് ലഭിക്കുന്നത്. അജൈവമാലിന്യങ്ങൾ മാസത്തിലൊരിക്കൽ വീടുകളിൽനിന്നും ആഴ്ചയിലൊരിക്കൽ കടകളിൽനിന്നും ശേഖരിച്ച് ശാസ്ത്രീയമായി വേർതിരിച്ച് സൈക്കിളിങ് കമ്പനികളിലേക്ക്‌ വിൽപ്പന നടത്തുകയാണ്. 9000 രൂപയോളം ഇതിൽനിന്നും ഈ സംഘങ്ങൾ വരുമാനം നേടുന്നു.
മാലിന്യങ്ങൾ വേർതിരിച്ച് വളമാക്കി മണ്ണുത്തി കാർഷിക സർവകലാശാലയിലേക്ക് പരിശോധനയ്ക്ക് അയക്കും. തുടർന്നാണ് വിപണനത്തിനു തയ്യാറാക്കുന്നത്. നിലവിൽ കോഴിമാലിന്യം ശേഖരിച്ച് ഒട്ടും ദുർഗന്ധമില്ലാതെ വളമാക്കുന്ന പ്രക്രിയയും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ചകിരി ശേഖരിച്ച് ചകിരിപ്പൊടി ഉൽപ്പാദനവും വിപണനവും നടത്തുന്ന രീതി മന്ത്രി തോമസ് ഐസക്കിന്റെ പ്രത്യേക താൽപ്പര്യത്തിലാണ് ഇവിടെ ആരംഭിച്ചത്. അതിലേക്കുള്ള ഉപകരണങ്ങൾ കയർഫെഡ് വഴിയാണ് അനുവദിച്ചത്. ഗ്രീൻപാർക്കിൽ ഇരുപതോളം വ്യത്യസ്തയിന വാഴത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പച്ചക്കറിത്തൈ ഉൽപ്പാദന, വിപണനകേന്ദ്രവും ഉടൻ ആരംഭിക്കും. പോളിമർ കൃഷി രീതിയിലാണ് വിത്തുകൾ മുളപ്പിച്ചെടുത്ത് വിതരണം ചെയ്യുക.
 
ഉദ്ഘാടനം ഇന്ന്
കുന്നംകുളം 
നഗരസഭ കുറുക്കൻപാറ ഗ്രീൻ പാർക്ക് മാലിന്യ സംസ്‌കരണ സമുച്ചയത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച  നടക്കും. പകൽ 3.30ന് നഗരസഭാ കോൺഫറൻസ് ഹാളിൽ മന്ത്രി ഡോ. തോമസ് ഐസക് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനാകും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top