24 September Thursday
ഓപ്പറേഷൻ രഹസ്യ വിവരത്തെത്തുടർന്ന്

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; 140 കിലോ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

  തൃശൂർ 

ദേശീയ പാതയിൽ ചാലക്കുടി കോടതി ജങ്ഷനിൽ വൻ കഞ്ചാവ്‌ വേട്ട. വിപണിയിൽ കോടികൾ വിലമതിക്കുന്ന 140 കിലോ കഞ്ചാവുമായി കൊല്ലം ശക്തികുളങ്ങര കൊന്നയിൽ തെക്കേതിൽ അരുൺകുമാറി(33)നെയാണ് പ്രത്യേക അന്വേഷക സംഘം അറസ്റ്റുചെയ്തത്. തൃശൂർ റൂറൽ എസ്‌പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കഞ്ചാവ്‌ പിടിച്ചത്‌.
കൊറോണക്കാലത്തെ പ്രത്യേക സാഹചര്യം മുതലെടുത്ത് മയക്കുമരുന്ന്‌ ലോബികൾ കേരളത്തിലേക്ക് പഴം, പച്ചക്കറി, മീൻ വണ്ടികളിൽ വൻതോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് മാസങ്ങളായി നീണ്ട അന്വേഷണത്തിലൊടുവിലാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് ശൃംഖലകളിലൊന്നിനെ പിടിച്ചത്. ഫ്രീസർ സംവിധാനമുള്ള മീൻ വണ്ടിയിലാണ്‌ കഞ്ചാവാണ് കൊണ്ടുവന്നത്. എറണാകുളം കേന്ദ്രീകരിച്ചുള്ള വൻ കഞ്ചാവ് മാഫിയക്കായി കൊണ്ടുവന്നതാണെന്നാണ് സൂചന. ഒഡിഷയിലെ മാവോയിസ്റ്റ് മേഖലകളിൽ നിന്ന്‌ ചെറിയ വിലയ്‌ക്ക്‌ കിട്ടുന്ന കഞ്ചാവ് അതിർത്തി സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന്‌ ശേഖരിച്ച് പല മാർഗങ്ങളിലൂടെ കേരളത്തിൽ എത്തിക്കുകയാണ്. 
ആന്ധ്രപ്രദേശിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും പച്ചമീൻ  കൊണ്ടുവരുന്ന പ്രത്യേക തരം വണ്ടിയാണ്
കഞ്ചാവ് കടത്താനുപയോഗിച്ചത്. ഈ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡിസ്‌ട്രിക്ട്‌ ആന്റി നർക്കോട്ടിക്‌ സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ്‌ അംഗങ്ങളും ഇരിങ്ങാലക്കുട ഡിവൈഎസ്‌‌പി, ചാലക്കുടി ഡിവൈഎസ്‌‌പി സ്ക്വാഡ് അംഗങ്ങളും ഉൾപ്പെട്ട 25 പൊലീസുകാർ അഞ്ചു സംഘമായി തിരിഞ്ഞായിരുന്നു ഓപ്പറേഷൻ. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top