23 May Monday

ഫാം ജീവനക്കാരെ ഉടൻ നിയമിക്കണം: കാർഷിക സർവകലാശാലാ എംപ്ലോയീസ് അസോ.

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022
തൃശൂർ
ജീവനക്കാരില്ലാതെ കാർഷിക സർവകലാശാലയിലെ ഫാമുകൾ വൈകാതെ അടച്ചുപൂട്ടേണ്ട സാഹചര്യത്തിലാണെന്ന്‌ കാർഷിക സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ. കഴിഞ്ഞ 15 വർഷമായി ഫാം ജീവനക്കാരുടെ തസ്തികകളിൽ നിയമനമില്ല. കാർഷിക ബിരുദം നേടിയ നിരവധി ഉദ്യോഗാർഥികൾ തൊഴിൽതേടി നടക്കുമ്പോഴാണ്‌ ഫാം ജീവനക്കാരുടെ നിയമനത്തിൽ കാർഷിക സർവകലാശാലാ അധികാരികൾ അലംഭാവം പുലർത്തുന്നതെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഫാം ജീവനക്കാരുടെ 241 തസ്തികയാണ് സംസ്ഥാനത്തെ വിവിധ ഫാമുകളിൽ കാർഷിക സർവകലാശാലക്കുള്ളത്.  അതിൽ  59 ജീവനക്കാർ മാത്രമേ നിലവിലുള്ളൂ. 2022–--23 വർഷങ്ങളിൽ 20പേർകൂടി വിരമിക്കുന്നതോടെ ജീവനക്കാരുടെ എണ്ണം വീണ്ടും 39 ആയി ചുരുങ്ങും. ദിവസ വേതനക്കാരെ വച്ച് പ്രവർത്തിക്കുന്ന ഫാമുകൾ വൈകാതെ അടച്ചുപൂട്ടേണ്ടിവരും.
നിയമനത്തിനായി സ്പെഷ്യൽ റൂൾ രൂപീകരിക്കുന്നതിന് 2016 മുതൽ ഫയൽ നീക്കം നടന്നുവെങ്കിലും  ഫാം ഓഫീസറെന്ന പേരുമാറ്റം സ്റ്റാറ്റ്യൂട്ടിൽ ഇല്ലാത്തതിനാൽ നിലവിലുള്ള ഫാം അസിസ്റ്റന്റ്‌ തസ്തികയിലേ നിയമനം നടത്താൻ കഴിയൂവെന്ന് സർക്കാർ അറിയിച്ചിരുന്നു.  സർക്കാർ അംഗീകരിച്ച തസ്തികയ്‌ക്ക് ഉപരിയായി എത്ര തസ്തികയുണ്ടെന്ന് അറിയിക്കാൻ സർവകലാശാലയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ഫയൽ സർവകലാശാല പൂഴ്‌ത്തിവയ്‌ക്കുകയായിരുന്നെന്ന് അസോസിയേഷൻ ആരോപിച്ചു. 
 നിയമനത്തിന്റെ അത്യാവശ്യം പരിഗണിച്ച് പേരുമാറ്റത്തിലുള്ള ദുർവാശി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇക്കാര്യത്തിൽ ഭരണസമിതിയംഗവും റവന്യൂ മന്ത്രിയുമായ കെ രാജൻ ഇടപെടണമെന്നും എംപ്ലോയീസ് അസോസിയേഷൻ  ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top