07 October Monday

പഞ്ചായത്തിന്റെ ഒത്താശയിൽ കേളിത്തോട്‌ കൈയേറ്റം

കെ വി ഹരീന്ദ്രൻUpdated: Monday Aug 12, 2024

നികത്താനായി കേളി തോടിന്റെ മധ്യത്തിലൂടെ അളഗപ്പ നഗർ പഞ്ചായത്ത്‌ 
കരിങ്കൽ ഭിത്തി നിർമിക്കുന്നു

ആമ്പല്ലൂർ 
ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള തോട് പഞ്ചായത്തിന്റെ ഒത്താശയിൽ കൈയേറിയതായി ആരോപണം. അളഗപ്പ നഗർ, പുതുക്കാട് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കേളിത്തോടുമായി ബന്ധപ്പെട്ടാണ് ആരോപണം. രേഖയിൽ ഇരുവശത്തുമുണ്ടായിരുന്ന ബണ്ട്റോഡ് ഉൾപ്പെടെ 30 മീറ്റർ വീതിയുണ്ടായിരുന്നത്‌  ഇപ്പോൾ പലയിടത്തും അര മീറ്ററോളമേയുള്ളൂ. 
അളഗപ്പനഗർ പഞ്ചായത്തിലാണ് കൂടുതൽ കൈയേറ്റങ്ങളും നടന്നിട്ടുള്ളത്. ആമ്പല്ലൂർ–-വരന്തരപ്പിള്ളി റോഡ് മുറിച്ച്  പോകുന്ന  തോടിന്റെ വശങ്ങളിൽ പത്തൊമ്പതോളം കുടുംബങ്ങളെ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള പഞ്ചായത്ത്‌ ഭരണസമിതി അനധികൃതമായി താമസിപ്പിക്കുന്നുവെന്നാണ്‌ മറ്റൊരു ആരോപണം. 
കോൺഗ്രസ്‌ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണിത്‌. ഇവരിൽ പലരുടെയും ഭൂമിക്ക് ഉടമസ്ഥാവകാശ രേഖ ഇല്ലെന്നും ആരോപണമുണ്ട്. അളഗപ്പനഗർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയൊഴിപ്പിച്ചവരെ പഞ്ചായത്ത്‌ അധികൃതർ ഇവിടെ താമസിപ്പിക്കുകയായിരുന്നു. കൂടാതെ തോടിന്റെ  വീതിയുടെ സിംഹ ഭാഗവും നികത്തി റോഡും പണിതിട്ടുണ്ട്. 
ഇതുമൂലം ദുരിതമനുഭവിക്കുന്നത് മണലിപ്പുഴയുടെ തീരത്ത് താമസിക്കുന്ന അളഗപ്പനഗർ വടക്കുമുറിയിലെ 160 ഓളം കുടുംബങ്ങളാണ്. മൂന്ന് വശവും പാടവും ഒരുവശം പുഴയുമാണിവിടം. നല്ല മഴ പെയ്താൽ മറ്റ് ഇടങ്ങളിൽ നിന്ന് ഒറ്റപ്പെടും. തോടിന്റെ വീതി കുറഞ്ഞതിനാൽ വെള്ളം ഒഴുകിപ്പോകില്ല.  പ്രദേശത്ത് വീടുകളിൽ വെള്ളം കയറുന്നത് പതിവാണ്‌. കഴിഞ്ഞ ദിവസത്തെ മഴയിൽ 60 ഓളം വീടുകളിൽ വെള്ളം കയറി.  
കഴിഞ്ഞ  ഭരണസമിതിയുടെ കാലത്താണ് അളഗപ്പനഗർ പഞ്ചായത്തിൽ കേളി തോട്ടിൽ കൂടുതൽ കൈയേറ്റങ്ങൾ നടന്നിട്ടുള്ളത്. ഇപ്പോൾ പഞ്ചായത്ത്‌  ഭരിക്കുന്നവർ തന്നെയായിരുന്നു അന്നും. തോട് കൈയേറ്റം കാരണം നല്ല ഒരു മഴ പെയ്താൽ ആമ്പല്ലൂർ പട്ടണത്തിന്റെ പ്രധാന ഭാഗം വെള്ളത്തിൽ മുങ്ങും എന്നതാണ്  ഇപ്പോഴത്തെ സ്ഥിതി.  വീതി കുറഞ്ഞ മണലിപ്പുഴയിൽ വെള്ളം ഉയരുമ്പോൾ അതിൽ കുറേ വെള്ളം കേളി തോട്ടിലൂടെ ഒഴുകി പുഴയിലെ ജലവിതാനം ക്രമീകരിക്കുക എന്നത്‌ തോടിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.  കൈയേറ്റത്തിലൂടെ ഈ ലക്ഷ്യമാണ്‌ അട്ടിമറിക്കപ്പെട്ടത്‌.
ജനകീയ കൂട്ടായ്മ ചേർന്നു
ആമ്പല്ലൂർ
 ആമ്പല്ലൂർ വടക്കുമുറിയിലെ വീട്ടുകാർ നേരിടുന്ന വെള്ളപ്പൊക്ക ഭീഷണിക്ക്‌ പരിഹാരം കാണാൻ ജനകീയ കൂട്ടായ്മ ചേർന്നു. 
മണലി പുഴയുടെ ആഴവും വീതിയും വീണ്ടെടുക്കുക,   കേളിത്തോടിന്റെ വീതിക്കുറവിന് കാരണമായ അനധികൃത കയ്യേറ്റങ്ങൾ ഉടനെ  പൊളിച്ച് നീക്കുക, മണലി പുഴയിൽ കേളിത്തോടിന്റെ ആരംഭത്തിൽ ഷട്ടർ നിർമിക്കുക, ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്ന മേഖലയിലെ ആറോളം തോടുകൾ അടിയന്തരമായി  നവീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നൈയിച്ച്  കലക്ടർ, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത്‌ അധികൃതർ എന്നിവർക്ക് പരാതി കൊടുക്കാൻ  തീരുമാനമായി. ശോഭനം വായനശാലയുടെ നേതൃത്വത്തിൽ ആമ്പല്ലൂർ സെന്ററിൽ ചേർന്ന കൂട്ടായ്മയിൽ  മുരളീധരൻ അരങ്ങത്ത് അധ്യക്ഷനായി. വായനശാല സെക്രട്ടറി സിബി ഷാജി സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top