26 September Saturday
വില്ലേജ് ഓഫീസറുടെ ആത്മഹത്യാ നാടകം

പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
 
തൃശൂർ
പുത്തൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയുൾപ്പെടെയുള്ളവയ്ക്ക് ദിവസങ്ങളായി സാക്ഷ്യപത്രം നൽകാത്ത വില്ലേജ് ഓഫീസറുടെ നടപടി അന്വേഷിക്കാൻ വില്ലേജ് ഓഫീസിലെത്തിയ തന്നെ അപമാനിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. യാഥാർഥ്യം അന്വേഷിച്ച് കുറ്റക്കാരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. 
തുടർച്ചയായി ലഭിച്ച പരാതിയെത്തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വില്ലേജ് ഓഫീസിൽ എത്തിയത്. എന്നാൽ, പരാതി പരിഗണിക്കാതെ പ്രസിഡന്റിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അപമര്യാദയായി പെരുമാറുകയുമാണ് വില്ലേജ് ഓഫീസർ ചെയ്തത്. ഇത്‌ മറച്ചുവയ്ക്കാൻ വില്ലേജ് ഓഫീസർ മേശവലിപ്പിൽനിന്ന് ബ്ലേഡ് എടുത്ത് സ്വന്തം കൈഞരമ്പു മുറിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. 
അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ, വനിതാ കമീഷൻ, എസ്‌സി –- എസ്ടി കമീഷൻ എന്നിവർക്കാണ് പരാതി നൽകിയത്. 
വില്ലേജ് ഓഫീസിലെത്തിയ പ്രസിഡന്റിനോട് ധാർഷ്ട്യത്തോടെയാണ്  വില്ലേജ് ഓഫീസർ സിമി സംസാരിച്ചത്. നിങ്ങൾ സംവരണത്തിലൂടെ അധികാരത്തിലെത്തിയതല്ലേയെന്ന് പറഞ്ഞ് ജാതീയമായി ആക്ഷേപിച്ചു. അപമര്യാദയായി പെരുമാറി ആത്മഹത്യാ ശ്രമം നടത്തുകയുമായിരുന്നു. നിരവധിപേരുടെ മുന്നിൽവച്ചായിരുന്നു ഓഫീസർ അപമാനിച്ചതെന്ന് പ്രസിഡന്റ് പരാതിയിൽ പറഞ്ഞു.
കൃത്യ നിർവഹണത്തിലെ വീഴ്‌ച മറച്ചുവയ്‌ക്കാനാണ്‌ വില്ലേജ്‌  ഓഫീസർ ആത്മഹത്യാനാടകത്തിനൊരുങ്ങിയതെന്ന്‌ ജോയിന്റ്‌ കൗൺസിൽ ജില്ലാസെക്രട്ടറി എം യു കബീർ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top