18 September Wednesday
നൂറ്റാണ്ടിലേറെ പഴക്കം

നഗരത്തിലെ കെട്ടിടംതകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

തൃശൂർ ജനറൽ ആശുപത്രിക്ക്‌ സമീപം തകർന്ന കോർപറേഷൻ കെട്ടിടത്തിൽ കെഎസ്‌ഇബി ജീവനക്കാർ വൈദ്യുതി വിച്ഛേദിക്കുന്നു

  - 
 
തൃശൂർ
കനത്ത മഴയെത്തുടർന്ന് തൃശൂർ നഗരത്തിലെ  നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. കോർപറേഷൻ ജനറൽ ആശുപത്രിക്ക് മുൻവശത്തെ 150 വർഷത്തിലേറെ പഴക്കമുള്ള മുനിസിപ്പൽ കെട്ടിടമാണ് ഞായറാഴ്ച പുലർച്ചെ തകർന്നുവീണത്.   കാൽനടയാത്രികർ കൂടുതലും സഞ്ചരിക്കുന്ന ഫുട്പാത്തിനോട് ചേർന്നുള്ള മൂന്നുനില ഓടുകെട്ടിടം തകർന്നത് പുലർച്ചെക്കായതിനാൽ വൻദുരന്തം ഒഴിവായി. പൊളിച്ചുമാറ്റേണ്ട പട്ടികയിലുള്ള നൂറോളം കെട്ടിടങ്ങളിൽ ഒന്നാണിത്‌.  
കെട്ടിടത്തിന്റെ കിഴക്കേഭാഗമാണ്  ഇടിഞ്ഞുവീണത്. 25 കച്ചവടസ്ഥാപനം, നാല് കുറിക്കമ്പനി, ഒരു ഹോമിയോ ക്ലിനിക്‌ എന്നിവ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. കാലങ്ങളായി മൂന്നാംനില ഉപയോഗിച്ചിരുന്നില്ല. രണ്ടാംനിലയിലാണ് കുറിക്കമ്പനികളും ഹോമിയോ ക്ലിനിക്കും. താഴെ നിലയിലെ കടകളിൽ കിഴക്കുഭാഗത്തെ എലൈറ്റ് മെഡിക്കൽ ഷോപ്പ് തകർന്നു. 
സംഭവം അറിഞ്ഞയുടൻ മന്ത്രി വി എസ്‌ സുനിൽകുമാർ , മേയർ അജിതാ വിജയൻ, കലക്ടർ എസ് ഷാനവാസ്, എസിപി വി കെ രാജു എന്നിവർ സ്ഥലത്തെത്തി. കെട്ടിടത്തിന്റെ തകർന്ന ഭാഗം പൊളിച്ചുമാറ്റിയശേഷം മെഡിക്കൽ ഷോപ്പിലെ മരുന്നുകൾ മാറ്റി. കെട്ടിടം വീണ്ടും പരിശോധിച്ച്, ഉറപ്പില്ലെങ്കിൽ കച്ചവടക്കാരെ ഒഴിപ്പിച്ച് പൂർണമായി പൊളിച്ചുമാറ്റുമെന്ന്‌ മേയർ അജിതാ വിജയൻ പറഞ്ഞു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അതുവരെ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. തൃശൂരിലെ ആദ്യ ബഹുനില കെട്ടിടങ്ങളിൽ ഒന്നായ ഈ കെട്ടിടം നിർമിച്ചത് നടക്കാവുകാരൻ കുടുംബമാണ്. തുടർന്ന് തൃശൂർ അതിരൂപതക്ക്‌ കൈമാറി. മാർ ജോസഫ് കുണ്ടുകുളം ബിഷപ്പായിരിക്കെയാണ് കെട്ടിടം തൃശൂർ മുനിസിപ്പാലിറ്റിക്ക് കൈമാറിയത്.
പ്രധാന വാർത്തകൾ
 Top