18 June Tuesday

ചരിത്രം കടന്നുപോയ കാളവണ്ടിപ്പാത

ഇ സി സുരേഷ്‌Updated: Wednesday Jun 12, 2019

ടിപ്പുവിന്റെ പുഴയോര കാളവണ്ടിപ്പാത

ചാലക്കുടി
കാലം മായ്ച്ചു കളഞ്ഞിട്ടും ചരിത്രസ‌്മൃതിയിൽ മായാതെ നിൽക്കുകയാണ‌് ടിപ്പുവിന്റെ കാളവണ്ടിപ്പാത. ചാലക്കുടി ചന്തമുതൽ കൊടുങ്ങല്ലൂർ തുറുമുഖച്ചന്തവരെ നീളുന്ന  പാത ചാലക്കുടിയുടെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1789 ലാണ് ടിപ്പു സുൽത്താന്റെ സൈന്യം ചാലക്കുടിയിലെത്തുന്നത്. കൊടുങ്ങല്ലൂർമുതൽ പശ്ചിമഘട്ടംവരെ നീണ്ടു കിടക്കുന്ന നെടുങ്കോട്ട ചാലക്കുടിയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമായിരുന്നു.  ധർമരാജ എന്നറിയപ്പെടുന്ന, തിരുവിതാംകൂറിലെ മഹാരാജാവ് കാർത്തിക തിരുനാൾ രാമവർമയാണ് നെടുങ്കോട്ട പണി കഴിപ്പിച്ചത്. 1761 മുതൽ 1765 വരെയാണ് നിർമാണ കാലം. 1766 ൽ ഹൈദരാലി കൊച്ചി ആക്രമിച്ചപ്പോൾ  മുന്നേറ്റത്തെ തടഞ്ഞത് നെടുങ്കോട്ടയായിരുന്നു.
1789ൽ ടിപ്പുവിന്റെ മുന്നേറ്റത്തേയും തടസ്സപ്പെടുത്തിയ നെടുങ്കോട്ട ടിപ്പു ഭേദിച്ചു. 1789 ഡിസംബർ 30 ന് കൊരട്ടിക്കും മേലൂരിനും ഇടയ‌്ക്കുള്ള കോനൂരിൽ  ടിപ്പുവിന്റെ പട കോട്ട തകർത്തു. കോനൂർ കോട്ടമുറി എന്നാണ് ഈ സ്ഥലം ഇന്ന് അറിയപ്പെടുന്നത്. ഇതു വഴി ചാലക്കുടി  പ്രദേശങ്ങളിലേക്ക‌് ടിപ്പുവിന്റെ സൈന്യം ഇരച്ചുകയറി.
ചോലയാർ എന്നാണ് പഴയ സംഘകാല കൃതികളിൽ ചാലക്കുടി പുഴ അറിയപ്പെടുന്നത്. ചോലയാറിന്റെ തീരത്തെ 'കുടി' (ഗ്രാമം, വാസസ്ഥലം)  ‘ചോലക്കുടി’യാണ് ലോപിച്ച് ചാലക്കുടിയായത്. ചാലക്കുടിയും കൊടുങ്ങല്ലൂരും തമ്മിൽ പൗരാണിക കാലംമുതലേ ജലമാർഗമുള്ള വാണിജ്യ ബന്ധം ഉണ്ടായിരുന്നു. ചരക്കുവള്ളങ്ങളെ ‘ചെനകൾ '  എന്നാണ് പറയുക. ചെന എത്തുന്ന നാട് ആകാം ഇന്നത്തെ ‘ചേനത്തും നാട്'.1789 ഡിസംബറിൽ ചാലക്കുടിയിലെത്തിയ ടിപ്പു 1790 അവസാനത്തോടെ മടങ്ങിപ്പോയി. ഏതാനും മാസങ്ങൾ മാത്രമേ ടിപ്പുവിന്റെ ഭരണം ഇവിടെ നിലനിന്നിരുന്നുള്ളൂ . ഈ ചുരുങ്ങിയ കാലത്തിനിടയിലാണ് ഏറ്റവും ഭാവനാപൂർണമായ പുഴയോര കാളവണ്ടിപ്പാത അദ്ദേഹം നടപ്പാക്കിയത്. എത്ര കാലം അത് നിലനിന്നു എന്ന് പറയാനാവില്ല. വെള്ളപ്പൊക്കമടക്കമുള്ള പ്രകൃതിദുരന്തങ്ങളും തുടർന്നു വന്ന ഭരണാധികാരികളുടെ താല്പര്യക്കുറവും ചേർന്ന് ചരിത്ര പാത ഇല്ലാതായി. ഇന്ന് പുഴയോരപാത എന്ന സങ്കൽപ്പം  ടൂറിസം വികസനത്തിന്റെ ഭാഗമായി വീണ്ടും ഉയർന്നു വന്നിട്ടുണ്ട്. യാഥാർഥ്യമായാൽ ടൂറിസം വികസനത്തിനും വാണിജ്യത്തിനും അത‌് ഊർജം പകരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top