18 September Wednesday

‘ടാർസൻ' തൃശൂരിലെ അരങ്ങിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

ടാർസൻ നാടകത്തിൽ സുനിൽ സുഖദ, ശ്രീകുമാർ

തൃശൂർ
അമേരിക്കൻ നോവലിസ്റ്റ് എഡ്ഗാർ റൈസ് ബറോസിന്റെ കഥാപാത്രമായ ‘ടാർസൻ' തൃശൂരിലെ അരങ്ങിലെത്തി. രണ്ടു കഥാപാത്രങ്ങൾ മാത്രമായി സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ അരങ്ങേറിയ  ടാർസൻ നാടകം കാണാൻ വൻജനക്കൂട്ടമാണ് എത്തിയത്. അഭിനയരംഗത്തെ രണ്ടു പ്രതിഭകളുടെ തിളക്കമാർന്ന പ്രകടനം കാണാനെത്തിയ  പലർക്കും ഇരിപ്പിടംപോലും ലഭിച്ചില്ല. ഒരു മണിക്കൂർനേരം കാണികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അഭിനേതാക്കളായ സുനിൽ സുഖദയും എസ് പി ശ്രീകുമാറും പുറത്തെടുത്തത്. 
രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള നാടകം, ടാർസൻ എന്ന സിനിമ നിർമിച്ച നിർമാതാവിന്റെയും അദ്ദേഹത്തിന്റെ വീട്ടിലെത്തുന്ന ഒരു ചെറുപ്പക്കാരന്റെയും ജീവിതത്തിൽ ഒരു മണിക്കൂർ നേരം ഉണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ്  കടന്നുപോകുന്നത്. പ്രശസ്ത നാടക–-സിനിമാ പ്രവർത്തകൻ ജയപ്രകാശ് കുളൂരാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. 
സുനിൽ സുഖദയും ശ്രീകുമാറും സിനിമാ  സീരിയൽ തിരക്കുകൾ മാറ്റിവച്ച് നാടകങ്ങളിൽ അഭിനയിക്കാറുണ്ടെങ്കിലും ഇരുവരും ഒരുമിച്ച് വേദിയിലെത്തുന്നത് ആദ്യമാണ്. ഒരുമണിക്കൂർനേരം ഈ രണ്ടുപേരും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന മികവാർന്ന അഭിനയമാണ് പുറത്തെടുത്തത്. നാടകത്തിന്റെ സംഗീതം സത്യജിത്ത്, ലൈറ്റ്  ജോസ് കോശി, കലാസംവിധാനം  ഫ്രാൻസിസ് ചിറയത്ത്, സ്റ്റേജ് മാനേജർ  കെ വി ഗണേഷ് എന്നിവരാണ് നിർവഹിച്ചത്. ഡ്യൂസ് തിയറ്റർ ഗ്രൂപ്പാണ് നാടകം അരങ്ങിലെത്തിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top