19 September Thursday
കൊടുങ്ങല്ലൂരിൽ രൂക്ഷം

ഉറഞ്ഞുതുള്ളി കടൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
കൊടുങ്ങല്ലൂർ/ചാവക്കാട്
കാലവർഷം ജില്ലയിൽ ഉറഞ്ഞുതുള്ളുന്നു.  കൊടുങ്ങല്ലൂർ താലൂക്കിൽ 610 പേരെ മാറ്റിപ്പാർപ്പിച്ചു. ആയിരത്തോളം പേർ ബന്ധുവീടുകളിൽ അഭയംപ്രാപിച്ചു. കടലാക്രമണം നാശം വിതച്ച മേഖലകളിൽ നിരവധി ക്യാമ്പുകൾ തുറന്നു. ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. 
 എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലെ തീരത്താണ്  കടൽ വീണ്ടും കരയിലേക്ക് ഇരച്ചുകയറിയത്. വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ നിന്ന് കടപ്പുറത്തേക്കുള്ള മുഴുവൻ റോഡുകളിലും വെള്ളം നിറഞ്ഞു.  നടന്നും നീന്തിയുമാണ്  ജനങ്ങൾ രക്ഷപ്പെട്ടത്.  അഴീക്കോട് സുനാമി കോളനിയിൽനിന്ന് വടക്കോട്ട് എടവിലങ്ങ് പഞ്ചായത്തിലെ കാര വാക്കടപ്പുറം വരെ മൂന്നരക്കിലോമീറ്റർ  ദൂരമാണ് വെള്ളം പൊങ്ങിയത്. 
കഴിഞ്ഞദിവസം അഴീക്കോട് ബ്ലാങ്ങാച്ചാൽ പെരുംതോടിലെ ബണ്ടും ഏറിയാട്, എടവിലങ്ങ് പഞ്ചായത്ത് അതിർത്തിയിലെ  അറപ്പത്തോടും പൊട്ടിച്ച് കടൽവെള്ളം ഒഴുക്കിവിട്ടിരുന്നു. ഇതോടെ   കടലാക്രമണത്തെത്തുടർന്ന് കരയിൽ  പൊങ്ങിയ വെള്ളത്തിന്റെ അളവ് കുറഞ്ഞുവന്നു. ചൊവ്വാഴ്ച ഉച്ചയോടെ ചെറിയതോതിലാണ് വെള്ളം കയറിയിരുന്നത്. മഴയും കുറവായിരുന്നു.  ഇതോടെ കടൽ ശാന്തമായെന്ന് കരുതി   ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയംതേടിയവർ തിരിച്ചുവന്നു. വീടുകളിൽ കയറിയ മണ്ണും ചെളിയും നീക്കാൻ തുടങ്ങി. ശുചീകരണം പൂർത്തീകരിക്കുന്നതിനിടെ വൈകിട്ട് നാലോടെയാണ്  തിരമാലകൾ  കരയിലേക്ക്  ആഞ്ഞടിച്ചത്.  പരിഭ്രാന്തിയിലായ ജനങ്ങൾ വീടുകളിൽനിന്ന് ഇറങ്ങിയോടി. രൂക്ഷമായ കടലാക്രമണത്തിൽ തീരദേശ റോഡ് തകർന്നു. പലയിടത്തും മണൽക്കൂനകൾ രൂപപ്പെട്ടു. രാത്രി ഏഴോടെ കൂടുതൽ ശക്തിയോടെ വൻതിരമാലകൾ  കരയിലേക്ക് ആഞ്ഞടിച്ചു. കാര വാക്കടപ്പുറം, പുതിയ റോഡ്, ആറാട്ടുവഴി, മണപ്പാട്ടുചാൽ, പേ ബസാർ, എറിയാട് ചന്ത കടപ്പുറം എന്നിവിടങ്ങളിൽ പുഴപോലെയായി. 
     കടൽകയറ്റം രൂക്ഷമായതിനെത്തുടർന്ന് എറിയാട് ബീച്ച്, മണപ്പാട്ടുചാൽ, ചേരമാൻ ബീച്ച്, ആറാട്ടുവഴി, പേബസാർ എന്നിവിടങ്ങളിൽ നിന്നുള്ള 162 കുടുംബങ്ങളെ  എറിയാട് കേരളവർമ ഹയർസെക്കൻഡറി സ്കൂളിൽ തുറന്നിട്ടുള്ള ക്യാമ്പിലേക്ക് മാറ്റി.  580 പേരാണ് ഇവിടെ കഴിയുന്നത്. എടവിലങ്ങ് വില്ലേജിലെ 30  പേരെ കാര സെന്റ് ആൽബന സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.  
പ്രദേശത്ത‌് നൂറുകണക്കിന‌് വീടുകൾ നിലം പൊത്താറായ നിലയിലാണ‌്. ആറാട്ടുവഴി, മണപ്പാട്ടുചാൽ, മുനയ‌്ക്കൽ സുനാമി കോളനി വടക്ക‌്ഭാഗം, പേബസാർ, പുതിയ റോഡ‌്, കാര വാക്കടപ്പുറം പ്രദേശങ്ങളിലാണ‌് വീടുകൾ അപകടാവസ്ഥയിലായത‌്. ആറാട്ടുവഴിയിൽ താഴ‌്ന്ന ഭാഗത്തുള്ള കോളനിയിലെ വീടുകളിൽ ചെളിയും മണ്ണും കയറിയ നിലയിലാണ‌്. 
ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ചൊവ്വാഴ്ച വൈകിട്ട് വീണ്ടും രൂക്ഷമായ കടലേറ്റമുണ്ടയി. മുനക്കക്കടവ്  അഴിമുഖം, ഇക്ബാൽ നഗർ, സെന്റർ കോളനി, മുനക്കക്കടവ്, ആനന്ദവാടി, മാളൂട്ടി വളവ്, ആശുപത്രിപ്പടി, മൂസാ റോഡ്, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ചയും കടലേറ്റമുണ്ടായത‌്. നൂറോളം വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ വീട്ടുകാരെല്ലാം ബന്ധുവീടുകളിലേക്ക‌് മാറി. പ്രദേശത്ത് വൈദ്യുതിബന്ധവും നിലച്ചു. കടലേറ്റത്തില്‍ കയറിയ വെള്ളം ഒഴുകിപ്പോകാന്‍ റോഡ് പൊളിച്ചതിനാല്‍ വെളിച്ചെണ്ണപ്പടിമുതല്‍ മുനക്കക്കടവ് അഴിമുഖംവരെ  ഗതാഗതം താറുമാറായി.  പലയിടത്തും തീരദേശ റോഡ് കവിഞ്ഞ് വെള്ളം കിഴക്കോട്ടഴുകി. ചൊവ്വാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകളെത്തി വീടുകള്‍ക്ക് ചുറ്റും കെട്ടിനിന്ന വെള്ളം കടലിലേക്ക‌് പമ്പ് ചെയ്തു. തിരയടിച്ച് വെള്ളം വീണ്ടും കയറിയതോടെ ശ്രമം ഉപേക്ഷിച്ചു.
 ഷെൽട്ടറുകൾ തയ്യാറാണെങ്കിലും മിക്ക കുടുംബങ്ങളും ബന്ധുവീടുകളിൽ അഭയം തേടിയതിനാൽ ആരും താമസത്തിനെത്തിയിട്ടില്ല. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലയിൽ നിന്ന് വീടൊഴിയണമെന്ന് തഹസിൽദാർ അറിയിച്ചു.
കുടുംബങ്ങളെ 
ക്യാമ്പിലേക്ക് മാറ്റി
ഏങ്ങണ്ടിയൂർ 
പൊക്കുളങ്ങര ബീച്ചിലെ  രൂക്ഷമായ കടലേറ്റത്തെത്തുടർന്ന്  വീടുകളിൽ  വെള്ളം കയറിയതിനെത്തുടർന്ന് 19ഓളം കുടുംബങ്ങളെ എത്തായ് ഗവ. ഫിഷറീസ് യുപി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ചിലർ ബന്ധുവീടുകളിലേക്കും താമസം മാറി. റവന്യൂ ഡിപ്പാർട‌്മെന്റും പഞ്ചായത്തും സംയുക്തമായാണ് സജ്ജീകരണം ഒരുക്കുന്നത്.  റോഡിന് പടിഞ്ഞാറ് താമസിക്കുന്ന, ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ പത്തുലക്ഷം രൂപയുടെ തീരദേശ ദുരിതാശ്വാസ  പാക്കേജിൽ ഉൾപ്പെടുത്തും.
പ്രധാന വാർത്തകൾ
 Top