ചാലക്കുടി
പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കാത്തത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥകൊണ്ടാണെന്ന് ആരോപിച്ച് വെള്ളാഞ്ചിറ, തിരുത്തിപ്പറമ്പ് പ്രദേശവാസികളെ തെറ്റിധരിപ്പിച്ച് കോൺഗ്രസ് ബിജെപി പ്രവർത്തകർ പഞ്ചായത്തോഫീസിന് മുന്നിൽ നടത്തുന്ന സമരം രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രദേശവാസികളെ തെറ്റിധരിപ്പിച്ചും കുപ്രചാരണങ്ങൾ നടത്തിയും പഞ്ചായത്ത് ഭരണത്തെ താഴ്ത്തിക്കെട്ടി രാഷ്ട്രീയ ലാഭം കൊയ്യുകയാണ് ഇക്കൂട്ടർ. സമീപപ്രദേശങ്ങളിൽ ലഭിച്ച തോതിൽ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും നഷ്ടത്തിന്റെ തോതനുസരിച്ച് സാമ്പത്തിക സഹായം ലഭിച്ചില്ലെന്നുമുള്ള പരാതി ശ്രദ്ധയിൽപെട്ട ഉടനെ മന്ത്രി, കലക്ടർ എന്നിവർ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ നേടിട്ട് കണ്ടും നിവേദനം നല്കി. ഇതിന്റെ അടിസ്ഥാനത്തിൽ പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ഇക്കാര്യങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിലും നാശനഷ്ടങ്ങൾ സംഭവിച്ച വീട്ടുകാരേയും അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, പഞ്ചായത്തംഗം ബിന്ദു മുരളി, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ എം എസ് മൊയ്തീൻ, യു കെ പ്രഭാകരൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..