18 June Friday

അതിശക്തം 
പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

കോവിഡ്

തൃശൂർ 

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രത വർധിക്കുമ്പോൾ പ്രതിരോധം കൂടുതൽ ശക്തമാക്കി ആരോഗ്യവിഭാഗം. ദിനംപ്രതി കൂടുതൽ സജ്ജീകരണങ്ങളും മുന്നൊരുക്കങ്ങളും നടത്തുകയാണ്. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ രോഗ്യവ്യാപന തോത് കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 
ചികിത്സാസംവിധാനങ്ങൾ എല്ലാം ദിനം പ്രതി വിപുലീകരിക്കുന്നുണ്ട്. താഴേത്തട്ടിൽ നിന്ന് പ്രതിരോധം ആരംഭിക്കണം എന്ന നിർദേശം മാനിച്ച് തദ്ദേശസ്ഥാപനങ്ങളിൽ നിന്നാണ് ആദ്യ പടി. വാർഡുതല നിരീക്ഷണസമിതി രൂപീകരിച്ച്‌ വീടുകൾ നിലവിൽ സന്ദർശിക്കുന്നുണ്ട്. കൂടാതെ കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ സമൂഹ അടുക്കളകളുടെയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിലെ ജനകീയഹോട്ടലുകളും കുടുംബശ്രീ ക്യാന്റീനുകളും ഉപയോഗപ്പെടുത്തിയാണ് ഇവയുടെ പ്രവർത്തനം. സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും ഇവയുടെ പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ട്. വളണ്ടിയർമാർ ആവശ്യമായ ഭക്ഷണം നിരീക്ഷണത്തിൽ കഴിയുന്നവർക്കും മറ്റും എത്തിച്ചു നൽകും. ജനകീയഹോട്ടലോ ക്യാന്റീനോ ഇല്ലാത്ത ഇടങ്ങളിൽ ഇവ ഉടൻ ആരംഭിക്കും. പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന ഡിസിസികളിലും സമൂഹ അടുക്കള വഴി ഭക്ഷണം നൽകുന്നുണ്ട്. 
കോവിഡ് ചികിത്സയിൽ കഴിയുന്നവർ അല്ലെങ്കിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ നേരിടുന്ന മാനസികസമ്മർദത്തിന് കൗൺസലിങ്‌ സേവനം ഉറപ്പു വരുത്താൻ  കൺട്രോൾ റൂമിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മാനസികാരോഗ്യ സെല്ലിന്റെ സേവനം ഉപയോഗപ്പെടുത്താം. 8129701884 ഈ നമ്പറിലേക്ക് വിളിച്ച് ബുദ്ധിമുട്ടുകൾ പങ്കുവയ്‌ക്കാം. 
ജില്ലയിൽ ആശുപത്രികളുടെ സൗകര്യവും വർധിപ്പിക്കുന്നുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന ചികിത്സാകേന്ദ്രങ്ങളിൽ ചികിത്സിക്കാൻ കഴിയാത്ത വിധം രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നാലും മറ്റുള്ള കേന്ദ്രങ്ങൾ അതിന് പ്രാപ്തമായ രീതിയിൽ സജ്ജമാക്കിയിട്ടുണ്ട്. അതിനനുസരിച്ച് ആരോഗ്യപ്രവർത്തകരേയും നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ ആരോഗ്യവിഭാഗം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top