21 April Sunday

വിഷുവാണിഭത്തിന് ചെമ്മണ്ണൂര്‍പ്പാടമൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 12, 2016

 കുന്നംകുളം > ജൈവ പച്ചക്കറി കൃഷി ചെയ്ത ചെമ്മണ്ണൂര്‍ പാടത്ത് വിഷുവാണിഭം ചൊവ്വാഴ്ച്ച വൈകിട്ട് ആരംഭിക്കും. രാത്രി മുഴുവന്‍ നീളുന്ന  കര്‍ഷകരുടെ മേളകൂടിയാണിത്. അനുഷ്ഠാനം പോലെയെത്തുന്ന വില്‍പ്പനക്കാരും ഉപഭോക്താക്കളും കാര്‍ഷികവൃത്തിയുടെ പഴയ സ്മരണകളോടെയെത്തുന്നത് കൌതുകക്കാഴ്ചയാണ്. ആശാരി, കരുവാന്‍, കൊല്ലന്‍, കുംഭാരന്‍, തുടങ്ങി നാട്ടിന്‍പുറത്തെ പരമ്പരാഗത കൈവേലക്കാര്‍ അവരുടെ ഉല്‍പ്പന്നങ്ങളുമായി വിപണിയിലെത്തും. 

യുവാക്കളുടെ കൂട്ടായ്മയില്‍ 12 ഏക്കര്‍ പാടത്ത് വിഷുപ്പാടം വെജിറ്റബിള്‍ ക്ളസ്റ്റര്‍ ജൈവ രീതിയില്‍ കൃഷി ചെയ്ത് വിളയിപ്പിച്ച വേനല്‍ക്കാല പച്ചക്കറികള്‍ ഇക്കുറി ഏറെ പ്രത്യേകതയാണ്. ജൈവ രീതിയില്‍ കൃഷി ചെയ്ത പാടശേഖരത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സി മൊയ്തീനെത്തി സംഘാടകരെ അനുമോദിച്ചു. പരമ്പരാഗത കര്‍ഷകര്‍ ഇന്നും പതിവ് തെറ്റാതെയെത്തും. കുളങ്ങളും തോടുകളും വറ്റിത്തുടങ്ങിയതോടെ കൈകൊണ്ട് പിടിച്ചെടുത്ത വരാലും കല്ലുത്തി, ആരല്‍, മുശു, കടു എന്നീ നാടന്‍ മത്സ്യങ്ങളും വിപണിയില്‍ ഏറെ പ്രിയങ്കരമാണ്. കോഴി, പോത്ത്, ആട് എന്നിവയും വില്‍പ്പനയ്ക്കെത്തും. കാര്‍ഷികോപകരണങ്ങളും, വിത്തുകളും മുതല്‍ കണിക്കൊന്നയും കണിവെള്ളരിയും വാണിഭത്തിന് അലങ്കാരമാകും. വാണിഭം ബുധനാഴ്ച നേരം പുലരുവോളം തുടരും. 
പ്രധാന വാർത്തകൾ
 Top