തൃശൂർ
നഗരത്തിൽ ഗതാഗതക്കുരുക്കിന് പരിഹാരമായും കാൽനടയാത്ര സുരക്ഷിതമാക്കാനും മുനിസിപ്പൽ ഓഫീസ് റോഡിൽ പുതിയ സബ് വേ നിർമിക്കും. കോർപറേഷൻ ഭരണസമിതിയുടെ നേതൃത്വത്തിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 1.53 കോടി ചെലവിലാണ് നിർമാണം. 14ന് പണി തുടങ്ങും. ഏപ്രിൽ 30നകം പൂർത്തീകരിക്കും. റോഡിൽ എട്ടുമീറ്റർ നീളത്തിൽ രണ്ടുഭാഗങ്ങളായാണ് നിർമാണം. നിർമാണഘട്ടത്തിൽ ഒരു ഭാഗത്ത്കൂടി വാഹനങ്ങൾക്ക് കടന്നുപോകാനാവും.
എം ഒ റോഡിൽ ജയ്ഹിന്ദ് മാർക്കറ്റിലേക്കുള്ള വഴിയിൽ കയറാവുന്നരീതിയിലാണ് സബ് വേ നിർമിക്കുക. ഒരു ഭാഗം ഫുട്പാത്തിലേക്ക് പ്രവേശിക്കും. എതിർവശത്ത് ചിരിയങ്കണ്ടത്ത് ജ്വല്ലറിക്കു മുൻവശത്തായി ഫുട്പാത്തിൽ ഇരുഭാഗങ്ങളിലേക്കും പ്രവേശിക്കാം.
സബ് വേ മാർക്കിങ് ചൊവ്വാഴ്ച ആരംഭിക്കും. തുടർന്ന് 4.7 മീറ്ററിൽ കുഴിയെടുക്കും. പണിതീരുമ്പോൾ 3.3 മീറ്ററായിരിക്കും ഉയരം. അഞ്ചുമീറ്റർ വീതി. ആകെ 16 മീറ്ററാണ് നീളം. 8 മീറ്റർ പണി പൂർത്തിയാക്കി അതുവഴി വാഹനങ്ങൾ കടത്തിവിട്ടശേഷംമാത്രമേ അടുത്തഘട്ടം നിർമാണം തുടങ്ങൂ. രാപ്പകൽ വ്യത്യാസമില്ലാതെ നിർമാണജോലി തുടരുമെന്ന് കരാറുകാരൻ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 30നകം പണി പൂർത്തീകരിക്കും.
തൃശൂർ പൂരത്തിനുമുമ്പേ ഉദ്ഘാടനം നടത്തുമെന്ന് മേയർ അജിത വിജയൻ അറിയിച്ചു.