19 June Wednesday
വടക്കാഞ്ചേരി പുഴ സംരക്ഷണം

പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും: എ സി മൊയ‌്തീൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

 തൃശൂർ

കാഞ്ഞിരക്കോട്–- പാത്രമംഗലം വരെയുള്ള വടക്കാഞ്ചേരി പുഴയുടെ സമഗ്രമായ നവീകരണവും ജലസംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി എ സി മൊയ്തീൻ. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വടക്കാഞ്ചേരി പുഴയിൽ കാഞ്ഞിരക്കോട്–- പാത്രമംഗലംവരെ നിർമിക്കുന്ന ഒമ്പത് ചെക്ക് ഡാമുകളുടെ നിർമാണപ്രവർത്തനങ്ങൾ രാമനിലയം കോൺഫറൻസ് ഹാളിൽ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. 
പുഴയുടെ കൈയേറ്റം ഒഴിവാക്കാനും അനധികൃത വെള്ളമൂറ്റുന്നത് തടയാനും വെള്ളത്തിന്റെ ലഭ്യത എത്രയാണെന്ന‌് കണക്കാക്കുന്നതും പദ്ധതിയിൽ  ഉൾപ്പെടുത്തണമെന്ന‌് മന്ത്രി ആവശ്യപ്പെട്ടു. 2017–-18 ലെ ബജറ്റ് അനുസരിച്ച് 25 കോടിയാണ് കിഫ്ബി ഫണ്ട് വിനയോഗിച്ച് കുന്നംകുളം മണ്ഡലത്തിലെ വടക്കാഞ്ചേരി പുഴയിൽ ഒമ്പത‌് ചെക്ക് ഡാമുകൾ നിർമിക്കുന്നതിന് വകയിരുത്തിയിരിക്കുന്നത്. ഇതിൽ പ്രാരംഭനിർമാണ പഠനാന്വേഷണ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം നൽകി. തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ പെരുംകുഴി, മുന്നോട്ടംകുഴി, വെട്ടിക്കൽ, കല്ലിങ്കൽ, മണ്ണംതറക്കടവ് എന്നിവിടങ്ങളിലും വേലൂർ പഞ്ചായത്തിൽ നമ്പ്യാറവ്, അള്ളിത്തിരുത്ത്, കീഴ്തണ്ടിലും, തണ്ടിംപറ്റ തോട്ടമുഖം, പോത്തുംകുണ്ട് എന്നിവിടങ്ങളിലുമായാണ് ഒമ്പത് ചെക്ക് ഡാമുകൾ നിർമിക്കുന്നത‌്.  
അതിർത്തിക്കല്ല് ഇടുന്നതിന് 20 ലക്ഷം, പുഴയുടെ വീതി–-ആഴം കൂട്ടുന്നതിന് രണ്ടുകോടി, ബണ്ട് ബലപ്പെടുത്തുന്നതിന് ആറുകോടി 23 ലക്ഷം രൂപ, ഫീഡർ കനാൽ നിർമാണത്തിന് ഒരുകോടി 40 ലക്ഷം രൂപ, മുന്നുട്ടാംകുഴി ചാൽ നിർമാണത്തിന് 80 ലക്ഷം രൂപ, ചെക്ക് ഡാമുകളുടെ നിർമാണത്തിന് രണ്ട‌് പാലങ്ങൾ ഉൾപ്പെടെ 13 കോടി രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. ചെക്ക് ഡാമുകളുടെ പ്രവർത്തനം എത്രയും പെട്ടെന്ന് തീർക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ലാ സർവേ സൂപ്രണ്ട് സി ആർ ശോഭന, ഇറിഗേഷൻ വകുപ്പ് അസി. എൻജിനിയർമാരായ എസ് കെ രമേശൻ, എം യു നിസാർ, താലൂക്ക് സർവേയർ പി എം നിഷാദ്, ഹെഡ് സർവേയർമാരായ പി എം ഹംസ, കെ സനൽകുമാർ, ചൊവ്വന്നൂർ ജോയിന്റ് ബിഡിഒ എം ബൈജു എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top