22 March Friday
ഉദ്ഘാടനം ഇന്ന്

ജില്ലയുടെ സ്വപ്‌ന പദ്ധതികള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
 
തൃശൂർ
ജില്ലയുടെ സ്വപ്നവികസനപദ്ധതികൾ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നാല് വൻകിട പദ്ധതികളാണ് ജനങ്ങൾക്കായി സമർപ്പിക്കുന്നത്. മഹാപ്രളയവും കേന്ദ്രഅവഗണനയും അതിജീവിച്ചാണ് എൽഡിഎഫ് സർക്കാർ ജില്ലയുടെ വളർച്ചക്ക് കുതിപ്പേകുന്ന പദ്ധതികൾ യാഥാർഥ്യമാക്കിയത്. എല്ലാം ശരിയാകുമെന്ന  എൽഡിഎഫ് മുദ്രാവാക്യത്തിനാണ് സാക്ഷാൽക്കാരമാവുന്നത്. 
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക പരിഗണനയിലുൾപ്പെടുത്തിയാണ് ഏഷ്യയിലെ ആദ്യത്തെ സർക്കാർ ആയുർവേദ സ്പോർട്സ് ആശുപത്രി തൃശൂർ നഗരത്തിൽ പൂർത്തിയാക്കിയത‌്.  മൂന്നു നിലകളിലായി 31,000 ചതുരശ്ര അടിയിൽ 8.16 കോടിരൂപ ചെലവിലാണ് അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രി നിർമിച്ചത്. 50 കിടക്കകളോടുകൂടിയ ആശുപത്രി അന്താരാഷ്ട്ര കായികതാരങ്ങൾക്കും പ്രവേശനം നൽകത്തക്ക സൗകര്യങ്ങളുള്ളവയാണ്.  പ്രത്യേക ഒപി, യോഗ ആൻഡ് മെഡിറ്റേഷൻ സൗകര്യങ്ങൾ, ആധുനിക ജിംനേഷ്യം, സിന്തറ്റിക് ട്രാക്ക്, എക്സൈസ് പൂൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങളോടെയാണ് കേന്ദ്രം. 
ന്യൂട്രീഷ്യനിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങി സേവനവും ലഭ്യമാവും. ശനിയാഴ്ച പകൽ മൂന്നിന് രാമവർമ ജില്ലാ ആയുർവേദ ആശുപത്രി പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഔഷധി ചികിത്സാകേന്ദ്രവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മാള കുഴൂരിൽ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ വികസന ഉപകേന്ദ്രം ഒന്നാം ഘട്ട പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുഴൂരിൽ 1.27 ഏക്കറിലാണ്  ആഗോള നിലവാരത്തിലുളള കേന്ദ്രം. തഴക്കൈത, വാഴ തുടങ്ങിയ പ്രകൃതി ദത്ത നാരുകളുളള ചെടികളുടെ ടിഷ്യുകൾച്ചർ ലബോറട്ടറി, പ്രകൃതിദത്ത നാരുകളിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ കണ്ടെത്തി അവയുടെ സാങ്കേതിക വിദ്യ വ്യവസായങ്ങൾക്ക് കൈമാറ്റം ചെയ്യുന്ന കേന്ദ്രം, ഗാർഹിക പച്ചക്കറി കൃഷിരീതി പാക്കേജുകൾ വികസിപ്പിക്കുകയും മോഡുലർ രീതിയിലുളള പോളീഹൗസുകൾ രൂപകൽപ്പന ചെയ്ത് നൽകുന്നതുമായ കേന്ദ്രം, വന്യഫലങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ കണ്ടെത്തി  സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്ന കേന്ദ്രം, ജൈവകീടനാശിനി വികസനത്തോടൊപ്പം രാസകീടാനാശിനി രഹിത കൃഷിരീതികളുടെ പ്രചാരണകേന്ദ്രം എന്നീ അഞ്ച് വിഭാഗങ്ങൾ ഇവിടെയുണ്ട്.  വിവിധയിനം കാർഷികവിളകളുടെ ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത‌്. 
 വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്താൻ ജില്ലാപഞ്ചായത്ത് സ്ഥാപിച്ച വിജ്ഞാൻ സാഗർ ശാസ്ത്രസാങ്കേതിക പാർക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  ഐഎസ്ആർഒ സ്പെയ്സ് പവലിയൻ, സ്പെയ്സ് എക്സ്പ്ലോറിയം, സയൻസ് ലാബ്, ഇലക്ട്രോണിക്സ് ലാബ് കം സ്മാർട്ട് ക്ലാസ് റൂം, ശാസ്ത്ര പ്രദർശനങ്ങൾ, ത്രീഡി മൾട്ടിപ്ലക്സ് തിയറ്റർ, കോൺഫറൻസ് സമുച്ചയം എന്നിവയാണ് വിജ്ഞാൻ സാഗറിൽ നിലവിലുള്ളത്. 
സഞ്ചരിക്കുന്ന ശാസ്ത്രപ്രദർശനം, മഹാത്മാഗാന്ധി അംബേദ്കർ മ്യൂസിയം, പ്ലാനറ്റേറിയം എന്നിവ ഉടൻ ആരംഭിക്കും.
പ്രധാന വാർത്തകൾ
 Top