Deshabhimani

പാർസൽ സർവീസിന്‌ അമിത നിരക്ക്‌ ഈടാക്കാൻ റെയിൽവേ

വെബ് ഡെസ്ക്

Published on Dec 11, 2024, 12:01 AM | 0 min read

തൃശൂർ
റെയിൽവേ പാർസൽ സർവീസുകൾക്ക്‌ അമിത ചാർജ്‌ ഈടാക്കാൻ ഇന്ത്യൻ റെയിൽവേ. പുതിയ ഉത്തരവ്‌ പ്രകാരം ചരക്ക്‌ അയക്കാൻ പാർസൽ ചാർജിന്‌ പുറമേ ഭാരത്തിന്‌ അനുസരിച്ച്‌ ടിക്കറ്റും എടുക്കണം. ഇതു പ്രകാരം  20–-50 ശതമാനം നിരക്ക്‌ വരെ വർധിക്കും. രണ്ടുമാസം മുമ്പ്‌ നടപ്പാക്കിയ നിരക്ക്‌ വർധനയ്‌ക്ക്‌ പിന്നാലെയാണ്‌ പുതിയത്‌. തിങ്കളാഴ്‌ച മുതൽ പുതിയ നിരക്ക്‌ നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ റെയിൽവേ ഓഫീസുകളിൽ സർക്കുലർ ലഭിച്ചിട്ടുണ്ട്‌. നേരത്തെ പാർസലുകൾ അയക്കാൻ ട്രെയിൻ ടിക്കറ്റ്‌ ആവശ്യമായിരുന്നില്ല. രണ്ട്‌ മാസം മുമ്പാണ്‌ ടിക്കറ്റ്‌ വേണമെന്ന്‌ ഉത്തരവ്‌ ഇറക്കിയത്‌.  ഇതിനൊപ്പം 25 ശതമാനത്തോളം നിരക്കും വർധിപ്പിച്ചു. പുതിയ ഉത്തരവ്‌ പ്രകാരം ഒരു ടിക്കറ്റിൽ 300 കിലോ മാത്രമേ അയക്കാൻ കഴിയു. അതായത്‌ 1000 കിലോ അയക്കണമെങ്കിൽ നാല്‌ ടിക്കറ്റ്‌ എടുക്കണം.  
       തൃശൂരിൽ നിന്ന്‌ നേരത്തെ ഡൽഹിയിലേക്ക്‌ പാർസൽ അയക്കാൻ കിലോയ്‌ക്ക്‌ 10 രൂപയായിരുന്നു നിരക്ക്‌. പുതിയ നിരക്ക്‌ കിലോയ്‌ക്ക്‌ 12 രൂപയാണ്‌. നിലവിലെ സാഹചര്യത്തിൽ നാല്‌ ടിക്കറ്റ്‌ കൂടി എടുക്കണം. 540 രൂപയാണ്‌ ജനറൽ ടിക്കറ്റ്‌ നിരക്ക്‌.  അതായത്‌ 1000 കിലോ പാർസൽ അയക്കാനായി പാർസൽ ചാർജ്‌ മാത്രം 12,000 രൂപ വരും. അതിനൊപ്പം ടിക്കറ്റ്‌ നിരക്ക്‌ കൂടിയാകുമ്പോൾ 14,160 രൂപ നൽകേണ്ടി വരും. നേരത്തെയിത്‌ 10,000 രൂപ മാത്രമായിരുന്നു.  
നിരക്ക്‌ വർധിച്ചതിനെ തുടർന്ന്‌ തൃശൂരടക്കമുള്ള സ്ഥലങ്ങളിൽ പാർസലുകളുടെ എണ്ണത്തിൽ വലിയ കുറവ്‌ വന്നിരുന്നു. ഇതിന്‌ പിന്നാലെ വീണ്ടും അടിച്ചേൽപ്പിക്കുന്ന പുതിയ തീരുമാനം വലിയ പ്രതിസന്ധി സൃഷ്ടിക്കും. 
ചരക്ക്‌ നീക്കത്തിന്‌ ചാർജ്‌ വർധിക്കുന്നത്തോടെ നിത്യോപയോഗ സാധനങ്ങളുടെയടക്കം വില വർധനയ്‌ക്കും വഴിയൊരുക്കും. ആർഎംഎസ്‌ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിന്‌ പിന്നാലെയാണ്‌ ചരക്ക്‌ നീക്കത്തിനായി വലിയ രീതിയിൽ ആശ്രയിക്കുന്ന റെയിൽവേ പാർസൽ സർവീസിനെ അമിത നിരക്ക്‌ വർധനയിലൂടെ കഴുത്ത്‌ ഞെരിക്കാൻ നോക്കുന്നത്‌.


deshabhimani section

Related News

0 comments
Sort by

Home