22 March Friday

മതത്തിന്റെ പേരിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം: സന്ദീപാനന്ദഗിരി

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

കെ കെ മാമക്കുട്ടി ദിനാചരണത്തിന്റെ ഭാഗമായി പൂങ്കുന്നം ദേശാഭിമാനി ഓഫീസിൽ 'ആചാരങ്ങൾ, അനാചാരങ്ങൾ: സത്യവും മിഥ്യയും' എന്ന വിഷയത്തിൽ സ്വാമി സന്ദീപാനന്ദഗിരി സംസാരിക്കുന്നു

തൃശൂർ
മതത്തിന്റെ പേരിൽ നാടാകെ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് സ്വാമി സന്ദീപാനന്ദഗിരി. വർഷങ്ങളായി കോടതിയിൽ നടന്ന വാദപ്രതിവാദങ്ങളിലൂടെ മുഴുവൻ കാര്യങ്ങളും പരിശോധിച്ചശേഷമാണ് ശബരിമലയിൽ സ്ത്രീകൾക്ക് സുപ്രീംകോടതി പ്രവേശനം അനുവദിച്ചത്.  
സുപ്രീം കോടതി ആചാരങ്ങളിലേക്ക് ഒരിക്കലും കൈകടത്തിയിട്ടില്ല. കീഴ്വഴക്കങ്ങൾ തെറ്റാണെന്നും വിവേചനമാണെന്നും അത് തിരുത്തണമെന്നും മാത്രമാണ് വിധിയിലുള്ളത്. ഈ വിധി ഏറ്റെടുത്ത് നടപ്പാക്കേണ്ടത് യഥാർഥ വിശ്വാസികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കെ കെ മാമക്കുട്ടി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ദേശാഭിമാനി ലോക്കൽ കമ്മിറ്റി 'ആചാരങ്ങൾ, അനാചാരങ്ങൾ: സത്യവും മിഥ്യയും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി.
ശബരിമല സ്ത്രീപ്രവേശനവിധിയിൽ ആചാരലംഘനമുണ്ടെന്ന പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢനീക്കമാണ് ചില ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ അരങ്ങേറുന്നത്. ബദരീനാഥ് ക്ഷേത്രത്തിൽ ആറുമാസം മാത്രമാണ് പൂജ നടക്കുക. പൂജാകർമം ചെയ്യുന്നയാൾ നിത്യബ്രഹ്മചാരിയും പൂജാദികർമങ്ങളെക്കുറിച്ച്  അവഗാഹമുള്ള ആളുമായിരിക്കണമെന്ന് നിഷ്കർഷയുണ്ട്. എന്നാൽ, ശബരിമലയിൽ തന്ത്രി വിവാഹിതനും പൂജാദി കർമങ്ങളെക്കുറിച്ച് കാര്യമായ പാണ്ഡിത്യമില്ലാത്ത വ്യക്തിയുമാണ്. അങ്ങനെയുള്ളിടത്ത് സ്ത്രീ കയറാൻ പാടില്ലെന്ന യുക്തി മനസ്സിലാകുന്നില്ല. 
കാഴ്ചയില്ലാത്ത സ്ത്രീക്ക് കാഴ്ചനൽകാമെന്ന് ഭഗവാൻ പറഞ്ഞപ്പോൾ, കാഴ്ചവേണ്ടെന്നും കാഴ്ച ലഭിച്ചാൽ തെരുവിൽ യാചിക്കാൻ കഴിയില്ലെന്നും പറയുന്നപോലെയാണ് ശബരിമലയിൽ സ്ത്രീപ്രവേശനം വേണ്ടെന്ന് പറയുന്ന സ്ത്രീകളുടേത്. ആർത്തവവും വ്രതവും തമ്മിൽ ബന്ധമുണ്ടെന്ന് ഒരു ഗ്രന്ഥങ്ങളിലും എഴുതിവച്ചിട്ടില്ല. പുസ്തകം വായിക്കാത്തവരും ആചാരത്തെയും കീഴ്വഴക്കങ്ങളേയും കുറിച്ച് കാര്യമായ ധാരണയില്ലാത്തവരുമാണ് നാടിനെ കലുഷിതമാക്കാനുള്ള ഹൈന്ദവ തീവ്രവാദികളുടെ കുരുക്കിൽപ്പെട്ടുപോകുന്നത്. തെരുവിൽ സമരം നടത്തുന്നത് തന്ത്രിയുടെ പാണ്ഡിത്യത്തിനും ക്ഷേത്രചൈതന്യത്തിനും വേണ്ടിയാണെങ്കിൽ, അതിന് താൻ മുന്നിലുണ്ടാകുമെന്നും സ്വാമി പറഞ്ഞു. 
മതപരമായ കാര്യങ്ങളിൽ ചേരിതിരിക്കലും വിശ്വാസപ്രമാണങ്ങളിൽ കണ്ണടച്ചുള്ള കടുംപിടിത്തവുംവഴി മതഭ്രാന്തന്മാർ നാടാകെ അക്രമം വിതയ്ക്കുകയാണ്. രാജ്യത്തെ രക്തച്ചൊരിച്ചിലിലേക്ക് കൊണ്ടുപോയാൽ, അതിന്റെ കറ സമരക്കാരിൽനിന്ന് ഒരിക്കലും പോകില്ലെന്ന് സ്വാമി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള ചർച്ചകൾ കേരളത്തിലെ അന്ധവിശ്വാസങ്ങളുടെ അന്ത്യം കുറിക്കുന്നതാകണമെന്നും സ്വാമി വ്യക്തമാക്കി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഡോ. പി കെ ബിജു എംപി കെ കെ മാമക്കുട്ടി അനുസ‌്മരണ പ്രഭാഷണം നിർവഹിച്ചു.സീനിയര്‍ ന്യൂസ് എഡിറ്റർ എൻ മധു അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top