Deshabhimani

സമിതി റിപ്പോർട്ടിൽ 
അടയിരുന്ന്‌ കെപിസിസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 12:09 AM | 0 min read

തൃശൂർ 
കോൺഗ്രസ്‌ വോട്ട്‌ മറിച്ചതിനെ തുടർന്ന്‌ തൃശൂരിൽ ബിജെപി ജയിച്ചതിൽ അന്വേഷണം നടത്തിയ സമിതി റിപ്പോർട്ട്‌ സമർപ്പിച്ച്‌ രണ്ടാഴ്‌ചയായിട്ടും അനങ്ങാതെ കെപിസിസി നേതൃത്വം.
  തൃശൂരിലെ  തോൽവിക്ക്‌ ഉത്തരവാദികളെന്ന്‌ സമിതി കണ്ടത്തിയ കെപിസിസി വർക്കിങ്‌ പ്രസിഡന്റ് ടി എൻ പ്രതാപൻ, എക്‌സിക്യൂട്ടീവംഗം അനിൽ അക്കര, ഡിസിസി പ്രസിഡന്റായിരുന്ന ജോസ്‌ വള്ളൂർ, യുഡിഎഫ്‌ ചെയർമാനായിരുന്ന എം വി വിൻസന്റ്‌ എന്നിവർക്ക്‌ ജില്ലയിൽ പാർടി പരിപാടികളിൽ ഇപ്പോഴും പ്രാധാന്യം നൽകുന്നതിൽ മുരളി വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്‌. താൽക്കാലിക പ്രസിഡന്റ്‌ വി കെ ശ്രീകണ്‌ഠൻ എംപി  വിളിച്ച യോഗത്തിൽ മുരളി വിഭാഗം നേതാക്കൾ ഇക്കാര്യം നേതൃത്വത്തെ അറിയിച്ചു. 
 കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള കെപിസിസി അന്വേഷണ സമിതിയിൽ ടി സിദ്ദീഖ്‌ എംഎൽഎ, ആർ ചന്ദ്രശേഖർ എന്നിവരാണ്‌ അംഗങ്ങൾ. സമിതി രണ്ട്‌ തവണയായി നടത്തിയ സിറ്റിങ്ങിൽ പങ്കെടുത്ത കെപിസിസി, ഡിസിസി, ബ്ലോക്ക്‌, പോഷക സംഘടനാ ഭാരവാഹികൾ ഭൂരിഭാഗവും സമിതി കുറ്റക്കാരെന്ന്‌ കണ്ടത്തിയവർക്കെതിരെ ശക്തമായ പരാതികളാണ്‌ ഉന്നയിച്ചത്‌. വിരലിലെണ്ണാവുന്നവർ മാത്രമാണ്‌ ഈ നേതാക്കളെ പിന്തുണച്ചത്‌. തോൽവിക്ക്‌ പിന്നാലെ ഡിസിസി ഓഫീസിൽ നടന്ന കൂട്ടത്തല്ലും പരസ്യമായ പോസ്‌റ്റർ പ്രചാരണവും പ്രതിഷേധവും കോൺഗ്രസിന്‌ നാണക്കേടുണ്ടാക്കി. തുടർന്ന്‌ ഡിസിസി പ്രസിഡന്റ്‌, യുഡിഎഫ്‌ ചെയർമാൻ, മുരളി വിഭാഗം ഡിസിസി ഭാരവാഹികൾ എന്നിവരെ സ്ഥാനങ്ങളിൽ നിന്ന്‌ മാറ്റുകയും അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്‌തു.
   തൃശൂർ തോൽവി സംബന്ധിച്ച്‌ വലിയ വിമർശനങ്ങളാണ്‌ റിപ്പോർട്ടിൽ  ഉന്നയിച്ചിരിക്കുന്നത്‌. കെപിസിസി പ്രസിഡന്റിന്‌ കൈമാറിയ റിപ്പോർട്ട്‌ അദ്ദേഹം ചുമതലപ്പെടുത്തുന്ന സമിതി പരിശോധിച്ചാണ്‌ നടപടികളിലേക്ക്‌ കടക്കുക. കെപിസിസി പ്രസിഡന്റ്‌ റിപ്പോർട്ട്‌ ഒക്കത്തുവെച്ച്‌ നടക്കുന്നുവെന്നാണ്‌ മുരളിവിഭാഗം നേതാക്കളുടെ പരിഹാസം. പ്രതാപനേയും ജോസ്‌ വള്ളൂരിനേയും ഏഴുവർഷത്തേക്ക്‌ ഭാരവാഹിത്വത്തിൽ നിന്ന്‌ മാറ്റിനിർത്തണമെന്നും അനിൽ അക്കരയെയും എം വി വിൻസന്റിനെയും താക്കീത്‌ ചെയ്യണമന്നും  കുറ്റക്കാരായ ഡിസിസി ഭാരവാഹികളെയും ബ്ലോക്ക്‌ പ്രസിഡന്റുമാരെയും ഭാരവാഹിത്വത്തിൽ നിന്ന്‌ മാറ്റിനിർത്തണമെന്നും ശുപാർശയുണ്ട്‌. ഇതൊക്കെ നടപ്പാക്കിയാൽ പാർടിയിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന്‌ അറിയാവുന്ന കെപിസിസി ഒളിച്ചുകളിക്കുകയാണ്‌. കെ മുരളീധരൻ നൽകിയ പരാതിയിൽ  കുറ്റക്കാരെന്ന്‌ പറഞ്ഞവരൊക്കെയും സമിതിയുടെ റിപ്പോർട്ടിലും കുറ്റക്കാരാണ്‌.
 


deshabhimani section

Related News

View More
0 comments
Sort by

Home