20 January Monday
സർക്കാർ വൃദ്ധസദനം തണലായി

ഇവിടെ എന്നും ഓണം

ടി വി വിനോദ്‌Updated: Wednesday Sep 11, 2019

രാമവർമപുരം ഗവ. വൃദ്ധസദനത്തിൽ അന്തേവാസികളും ജീവനക്കാരും ഓണാഘോഷത്തിൽ

തൃശൂർ
തണലാകുമെന്ന്‌ പ്രതീക്ഷിച്ചവർ ഉപേക്ഷിച്ചപ്പോഴാണ്‌ 99 ‌വയസ്സുള്ള അമ്മക്കൊപ്പം സത്യഭാമ വീടുവിട്ടിറങ്ങിയത്‌. ജീവിതസായാഹ്നത്തിൽ ഇരുവർക്കും രാമവർമപുരത്തെ വൃദ്ധസദനമാണ്‌ തണലായത്‌. "ഇവിടെ  ഞങ്ങൾക്ക്‌ ഓണമാണ്‌. സർക്കാർ  മന്ദിരം ഞങ്ങൾക്ക്‌ താങ്ങും തണലുമായി. ഞങ്ങൾക്ക്‌ എല്ലാവരുമുണ്ടിപ്പോൾ'–-67വയസ്സുകാരി സത്യഭാമയുടെ വാക്കുകളിൽ ആശ്വാസ നിറവ്‌.  
അന്ധനായ ഗോപാലകൃഷ്‌ണനും ഭാര്യ ഭാർഗവിയും വേലായുധൻ, സുലു. ഇങ്ങനെ ഒത്തിരിപേരുണ്ടിവിടെ. ഉറ്റവർ ഉപേക്ഷിച്ച ഇവർക്കെല്ലാം ആശ്രയം ഈ വൃദ്ധസദനമാണ്‌. 
സത്യഭാമ സ്വകാര്യ സ്ഥാപനത്തിൽ അധ്യാപികയായിരുന്നു. എൽകെജി മുതൽ പത്തു വരെ 30  വർഷം പഠിപ്പിച്ചു. 27–-ാം വയസ്സിൽ അച്ഛൻ മരിച്ചതോടെ അമ്മയും അനുജത്തിയും ഉൾപ്പെടെയുള്ളവരുടെ ഉത്തരവാദിത്തം സത്യഭാമക്കായി. പിന്നീട്‌ കുടുംബത്തിന്‌ വേണ്ടിയായി ജീവിതം. എന്നാൽ കാലം മാറിയപ്പോൾ സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുണ്ടായ തർക്കം മർദനത്തിലേക്ക്‌ വഴിമാറുമെന്നായപ്പോൾ രണ്ടും കൽപ്പിച്ച്‌ വീട്ടിൽ നിന്നിറങ്ങി–- സത്യഭാമയുടെ വാക്കുകളിൽ പൊള്ളിക്കിടന്ന സത്യങ്ങളുടെ നനവ്‌.  
കണ്ണുകൾക്കു കാഴ്‌ചയില്ലാത്ത ഗോപാലകൃഷ്‌ണന്‌ 66 ഉം ഭാര്യ ഭാർഗവിക്ക്‌ 65 വയസ്സുമായി. ലോട്ടറികച്ചവടം കൊണ്ടാണ്‌ കഴിഞ്ഞിരുന്നത്‌. വാടകവീട്ടിലായിരുന്നു താമസം.    മക്കളില്ല. പരസ്‌പരം വഴികാട്ടി വർഷങ്ങൾ. 
ഏതാനും വർഷം മുമ്പ്‌ ഭാർഗവിക്ക്‌ വീണ്‌ പരിക്കേറ്റതോടെ ജീവിതം താളം തെറ്റി. അങ്ങനെ സദനത്തിലെത്തി. ഇവിടെ അഞ്ചാമത്തെ ഓണമാണ്‌. "ഉറ്റവരില്ലാത്ത കുറെ പേരുണ്ട്‌, അവർക്കൊപ്പം ഞങ്ങൾ സന്തോഷം പങ്കുവയ്‌ക്കുന്നു' –-ഗോപാലകൃഷ്‌ണൻ പറഞ്ഞു.
ജോലിസംബന്ധമായി  20 വർഷം മുംബൈയിലായിരുന്നു  വേലായുധൻ. .  കുടുംബത്തിനായി നാടും വീടും വിട്ട നാളുകൾ. ഇടക്കിടെയെത്തുമ്പോൾ വീട്ടിൽ ഏറെ സന്തോഷത്തോടെയാണ്‌ സ്വീകരിച്ചിരുന്നത്‌. എന്നാൽ ജോലിയിൽ നിന്ന്‌ വിരമിച്ച്‌  നാട്ടിലെത്തിയ വേലായുധന്‌ നേരിടേണ്ടിവന്നത്‌ മറ്റൊരു ലോകം. സ്വന്തമെന്നു കരുതിയവരും ആത്മാവെന്ന്‌ വിശ്വസിച്ചവരും ശത്രുക്കളെപ്പോലെ തിരിച്ചറിയാത്തവരായി.  ഭാര്യയും  മക്കളും അപരിചിതരായി. സാമ്പത്തിക തർക്കങ്ങളിൽ എല്ലാം ഉപേക്ഷിച്ച്‌ സദനത്തിലെത്തേണ്ടിവന്നു. 
മക്കളുണ്ടായിട്ടും ആരുമില്ലാത്തവരുടെ അനാഥത്വം അനുഭവിക്കേണ്ടി വന്നതാണ്‌ സുലുവിന്‌ പറയാനുള്ളത്‌. ഭർത്താവ്‌ മരിച്ചു. പല ജോലിയെടുത്ത്‌  മക്കളെ വളർത്തി. എന്നാൽ വയസ്സുകാലത്ത്‌ മക്കൾ ഉപേക്ഷിച്ചു–- സുലു പറഞ്ഞു. "അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ലോകത്തെയും സ്‌നേഹിക്കാൻ  പഠിക്കണം, സ്‌നേഹത്തെ വീണ്ടെടുക്കണം'–- ഓണത്തിന്റെ  സത്ത പങ്കുവച്ച്‌ ഇവർ ഓർമിപ്പിക്കുന്നു. 
60 സ്ത്രീകളും 27 പുരുഷന്മാരുമാണ്‌ വൃദ്ധസദനത്തിലെ അന്തേവാസികൾ.. തിങ്കളാഴ്‌ചയായിരുന്നു ഓണാഘോഷം. ബുധനാഴ്‌ച ഓണസദ്യയുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top