17 August Saturday
മോഡി ഭരണത്തിന് താക്കീത്

എൽഡിഎഫ് ഹർത്താൽ പൂർണം

സ്വന്തം ലേഖകൻUpdated: Tuesday Sep 11, 2018

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനോടനുബന്ധിച്ച് എല്‍ഡിഎഫ് തൃശൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനം


തൃശ്ശൂർ
പെട്രോൾ, ഡീസൽ, പാചകവാതക വില അടിക്കടി വർധിപ്പിച്ച് കോർപറേറ്റ് കൊള്ളയ‌്ക്ക് അനുമതി നൽകുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഇടതുപക്ഷ പാർട്ടികളുടെ ദേശവ്യാപക പ്രക്ഷോഭത്തിന്റെ  ഭാഗമായുള്ള എൽഡിഎഫ് ഹർത്താൽ ജില്ലയിൽ പൂർണം. കടകമ്പോളങ്ങളടച്ചും  തൊഴിൽമേഖലകൾ നിശ്ചലമാക്കിയും വാഹനഗതാഗതം പരമാവധി ഒഴിവാക്കിയും ജനം ഒറ്റക്കെട്ടായി  ഹർത്താൽ ഏറ്റെടുത്തു. മോഡി സർക്കാരിന്റെ ജനവിരുദ്ധ, നവലിബറൽ നയങ്ങൾക്കെതിരായ ശക്തമായ താക്കീതായി ജനകീയ പ്രതിഷേധം.
തൃശൂർ നഗരത്തിലെയും താലൂക്ക്, പഞ്ചായത്ത്, ഗ്രാമ പ്രദേശങ്ങളിലും  കടകമ്പോളങ്ങളടച്ച് വ്യാപാരി വ്യവസായി സമൂഹം ഹർത്താലിനോട് സഹകരിച്ചു. തൃശൂർ നഗരത്തിലെ  അരിയങ്ങാടി, ശക്തൻ തമ്പുരാൻ നഗർ, പച്ചക്കറി, മാംസ, മത്സ്യ മാർക്കറ്റുകൾ എന്നിവ പ്രവർത്തിച്ചില്ല. കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും ഓട്ടോ ടാക്സി തുടങ്ങിയ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സർക്കാർ ഓഫീസുകളിലും ഹാജർ കുറവായി. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. എന്നാൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ പതിവുപോലെ നടന്നു. പത്രം, പാൽ, ആശുപത്രി, വിവാഹം എയർപോർട്ട‌് ആവശ്യങ്ങൾക്കുള്ള വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു. ജനത്തിരക്കേറെയുണ്ടാകാറുള്ള തൃശൂർ സ്വരാജ് റൗണ്ട് ഉൾപ്പെടെ വിജനമായി.
ഹർത്താലിന്റെ ഭാഗമായി  എൽഡിഎഫ് ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ  പ്രകടനവും പൊതുയോഗങ്ങളും നടത്തി.സ്ത്രീകളുൾപ്പെടെ ആയിരങ്ങൾ പ്രകടനത്തിൽ പങ്കാളികളായി. തൃശൂർ സിഎംഎസ് ഓഫീസ് പരിസരത്തു നിന്ന് എൽഡിഎഫ് നേതാക്കൾ നയിച്ച പ്രകടനം സ്വരാജ് റൗണ്ടിലൂടെ കോർപറേഷൻ പരിസരത്ത് സമാപിച്ചു. പൊതുസമ്മേളനം സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി. സിഎംപി സംസ്ഥാന സെക്രട്ടറി എം കെ കണ്ണൻ, എൻസിപി സംസ്ഥാന എക്സി. അംഗം എ വി വല്ലഭൻ, സിപിഐ ജില്ലാ കൗൺസിൽ അംഗം എം ജി നാരായണൻ, ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി അംഗം ഐ എ റപ്പായി, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ‌് സി ആർ വത്സൻ, സിപിഐ എം എൽ റെഡ് ഫ്ളാഗ് ജില്ലാ സെക്രട്ടറി എം കെ തങ്കപ്പൻ എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി പി ബാലചന്ദ്രൻ സ്വാഗതവും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഷാജൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം യു പി ജോസഫ്,  ജില്ലാകമ്മിറ്റി അംഗം കെ വി ഹരിദാസ്, ബിഇഎഫ്ഐ സംസ്ഥാന പ്രസിഡൻറ് ടി നരേന്ദ്രൻ,  എൻസിപി ജില്ലാ പ്രസിഡന്റ് ടി കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ  നേതൃത്വം നൽകി. പ്രകനത്തിന് മുന്നിൽ ഏതാനും പേർ സൈക്കിൾ ചവുട്ടി പങ്കാളികളായത് ശ്രദ്ധേയമായി. ഇന്ധന ക്ഷാമത്തെ പ്രതീകവൽക്കരിച്ച് തൃശൂർ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ലോറി കയർ കെട്ടി വലിച്ച് നഗരത്തിൽ പ്രകടനം നടത്തി. അഡ്വ. പി കെ ജോൺ നേതൃത്വം നൽകി.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത ബന്ദിന്റെ ഭാഗമായി തൃശൂരിൽ യുഡിഎഫ്  പ്രവർത്തകരും പ്രകടനം നടത്തി. ഡിസിസി പ്രസിഡന്റ് ടി എൻ പ്രതാപൻ നേതൃത്വം നൽകി.

പ്രധാന വാർത്തകൾ
 Top