നാട്ടിക
തീരസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരേ നിയമമാണ് രാജ്യത്ത് നടപ്പാക്കുന്നതെങ്കിലും കേരളം ശ്രദ്ധയിൽപ്പെടുത്തിയ ചില പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി പർഷോത്തം രൂപാല പറഞ്ഞു. നാട്ടിക മണ്ഡലത്തിലെ തീരസദസ്സും സാഗർ പരിക്രമയാത്ര പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. ഒരേ ലക്ഷ്യത്തിനായി ഇരു സർക്കാരുകളും നടത്തുന്ന വ്യത്യസ്ത പരിപാടികൾക്ക് ഒരേ വേദി ലഭിച്ചത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കേന്ദ്രസഹമന്ത്രി ഡോ. എൽ മുരുകൻ, സി സി മുകുന്ദൻ എംഎൽഎ, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് , കേന്ദ്ര ഫിഷറീസ് വകുപ്പ് ഒസിഡി ഡോ. അഭിലാഷ് ലിഖി, ഫിഷറീസ് അഡീഷണൽ ഡയറക്ടർ എൻ എസ് ശ്രീലു , നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് സുവർണ തുടങ്ങിയവർ സംസാരിച്ചു. തീരസദസിന് മുന്നോടിയായി ജനപ്രതിനിധികളുമായും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ട്രേഡ് യൂണിയൻ നേതാക്കളുമായും ചർച്ച നടത്തി. സദസിൽ 89 അപേക്ഷകൾ പരിശോധിച്ചു. ഇതര വകുപ്പുമായി ബന്ധപ്പെട്ട 67 അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 22 അപേക്ഷകളിൽ തീരുമാനമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..