14 June Monday
പുനർജനി ചികിത്സാ പദ്ധതി

കോവിഡാനന്തര ആരോഗ്യ
സംരക്ഷണത്തിന് ആയുർവേദം

സ്വന്തം ലേഖകൻUpdated: Friday Jun 11, 2021

രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുനർജനി കിടത്തിച്ചികിത്സാ വാർഡ്‌ 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
കോവിഡ് നെഗറ്റീവ് ആയാലും ആരോഗ്യം വീണ്ടെടുക്കാൻ ആകാത്തവർക്കായി ആയുർവേദം പുതിയ ചികിത്സാ പദ്ധതിയൊരുക്കി. ക്ഷീണം, കിതപ്പ്, വിശപ്പില്ലായ്മ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും ഉറക്കമില്ലായ്മ, ഭയം ആശങ്ക തുടങ്ങിയ മാനസിക പ്രശ്നങ്ങളും അലട്ടുന്നവർക്കാണ്‌ ആയുർവേദ പരിഹാരമായി സംസ്ഥാന ആയുഷ് വകുപ്പ് പുനർജനി ചികിത്സാ പദ്ധതി തുടങ്ങിയത്‌. 
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആയുർരക്ഷാ ക്ലിനിക്കുകളായ സർക്കാർ ആയുർവേദ സ്ഥാപനങ്ങൾവഴി പദ്ധതി ലഭ്യമാക്കും. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുനർജനി പദ്ധതിയുടെ ഭാഗമായി കിടത്തി ചികിത്സകൂടി ലഭ്യമാക്കുന്ന പുനർജനി വാർഡ്‌ സജ്ജമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്‌ഘാടനം നിർവഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ആർ സലജകുമാരി, ജില്ല പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എ വി വല്ലഭൻ, ഡോ. എം എസ് നൗഷാദ്, ഡോ. എം ജി ശ്യാമള, ഡോ. പി കെ നേത്രദാസ്‌ എന്നിവർ സംസാരിച്ചു. 
കോവിഡ്‌ രോഗികളായി വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭേഷജം എന്ന പദ്ധതിയിൽ ആയുർവേദ ചികിത്സ ലഭ്യമാക്കുന്നുണ്ട്. മെഡിക്കൽ ഓഫീസർ രോഗിയെ ഫോണിൽ വിളിച്ച് വിശദവിവരങ്ങൾ അന്വേഷിച്ച്‌ മരുന്നുകളും നൽകുന്നുണ്ട്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന ഡിസിസികളിൽ ഭൂരിഭാഗവും ആയുർവേദ മരുന്നാണ് ഉപയോഗിക്കുന്നത്. 
ആയുർവേദ മരുന്ന് ഉപയോഗിക്കുന്നവരിൽ കോവിഡ് തീവ്രത കുറവായാണ് കാണുന്നത്. അമൃതം, സുഖായുഷ്യം, സ്വാസ്ഥ്യം പദ്ധതികൾ വഴി ജില്ലയിൽ രണ്ടു ലക്ഷത്തിലധികം ആളുകൾ ആയുർവേദ പ്രതിരോധ മരുന്നുകൾ സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top