27 May Monday

പാലപ്പിള്ളി തോട്ടം മേഖലയിൽ തൊഴിലാളികൾ സമരത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
പുതുക്കാട്
ഹാരിസൺ മലയാളം ലിമിറ്റഡ് തോട്ടം മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ  തൊഴിലാളികൾ പണിമുടക്ക് സമരത്തിനൊരുങ്ങുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച ആസിയാൻ, ഗാട്ട് കരാറുകളുടെ മറവിൽ റബർ ഉൾപ്പെടെയുള്ള കാർഷിക വിഭവങ്ങൾ ഇറക്കുമതി ചെയ്യുകയാണ്. ഇതുമൂലം തോട്ടം ഉൽപ്പന്നങ്ങൾക്ക് ഉണ്ടായ വിലയിടിവ് തോട്ടം വ്യവസായത്തെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി. ഈ ഭാരം മുഴുവനായും തൊഴിലാളികളുടെ തലയിൽ കെട്ടിവയ‌്ക്കാനുള്ള നീക്കത്തിലാണ് തോട്ടം ഉടമകളും മാനേജ്‌മെന്റും. പത്തുവർഷമായി നിയമനങ്ങൾ നടത്തുന്നില്ല. ആശ്രിതരായ താൽക്കാലിക തൊഴിലാളികൾക്ക് ജോലി നിഷേധിക്കുന്നു. പുതിയ ടാപ്പിങ് കാടുകൾ തുടങ്ങുമ്പോൾ ആറും ഏഴും ദിവസം കൂടുമ്പോൾ ടാപ് ചെയ്താൽ മതി എന്ന മാനേജ്‌മെന്റ് നിലപാട് തൊഴിലാളികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നു. സ്ഥിരം തൊഴിലാളികൾ ചെയ്തുവന്നിരുന്ന നിരവധി ജോലികൾ കരാർ പണിയായും ബിൽ പണിയായും ചെയ്യുന്നു. ഈ നില തുടർന്നാൽ  തോട്ടങ്ങളിൽ സ്ഥിരം പണി ഇല്ലാതാവുമെന്നും ഈ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂണിയനുകൾ പണിമുടക്ക് സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ആർഇഡബ്ല്യുസി (സിഐടിയു) പ്രസിഡന്റ് കെ കെ രാമചന്ദ്രൻ, സെക്രട്ടറി പി ജി വാസുദേവൻ നായർ എന്നിവർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top